മസ്ക്കത്ത് > അഞ്ചാമത് ദുക്കം ഫോറം ഒക്ടോബർ 20ന് ഒമാൻ കൺവെൻഷൻ സെന്ററിൽ നടന്നു. ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ അൽ വുസ്ത ഘടകവും വിദേശകാര്യമന്ത്രാലയവും പ്രത്യേക സാമ്പത്തികമേഖലകൾക്കായുള്ള സമിതിയും സംയുക്തമായാണ് ഫോറം സംഘടിപ്പിച്ചത്. ബ്ലൂ ഇക്കോണമി, ഭക്ഷ്യ സുരക്ഷ, ലോജിസ്റ്റിക്സ്, വിനോദസഞ്ചാരം, പുനരുപയോഗോർജ്ജം തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകൾ വിലയിരുത്തുക എന്നതായിരുന്നു ഫോറത്തിന്റെ പ്രധാനലക്ഷ്യം. മന്ത്രിസഭാ കൗൺസിൽ അസ്സിസ്റ്റന്റ് സെക്രട്ടറി ജനറൽ സയ്യിദ് ഹരിബ് ബിൻ തുവൈനി അൽ സെയ്ദ് ഫോറം ഉദ്ഘാടനം ചെയ്തു.
ഒമാന്റെ പൗരാണിക ചരിത്രം സമുദ്രവുമായി ബന്ധപ്പെട്ടതാണെന്നും, സമുദ്ര സമീപസ്ഥമായ തന്ത്രപരമായ സ്ഥാനം ലോകരാഷ്ട്രങ്ങളുമായി വാണിജ്യ, സാംസ്ക്കാരിക ബന്ധങ്ങളിലേർപ്പെടാൻ രാജ്യത്തെ പ്രാപ്തമാക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖലീഫ അലി അൽഹാർത്തി വിശദീകരിച്ചു. ഇക്കാരണങ്ങൾ കണക്കിലെടുത്ത്, സമുദ്ര മേഖലയെ ശക്തിപ്പെടുത്തുന്നതിനായി അധിക നിക്ഷേപങ്ങൾ പ്രൊൽസാഹിപ്പിക്കുന്ന നയങ്ങൾ സ്വീകരിക്കും. ആധുനിക സവിശേഷതകളോടു കൂടിയ തുറമുഖങ്ങൾ സ്ഥാപിക്കുകയും, ചരക്കുകൾ ആവശ്യാനുസരണം സുഗമമായി അവിടേയ്ക്കെത്തിക്കുന്നതിനുള്ള റോഡ് ശൃംഖലകൾ നിർമ്മിക്കുകയും ചെയ്യുന്നത് വഴി ആഗോള ഗതാഗത ശൃംഖലയുടെ ഭാഗമായി മാറാൻ രാജ്യത്തിനു സാധിക്കുമെന്നും അൽ ഹാർത്തി കൂട്ടിച്ചേർത്തു.
ലോകനിലവാരത്തിലുള്ള വിദഗ്ദ്ധരുമായി സംവദിക്കാനും, പുത്തൻ ഗവേഷണങ്ങളുടെ ഗുണഫലങ്ങൾ പങ്കുവയ്ക്കാനും,നിക്ഷേപം, വിനോദസഞ്ചാരം, പരിസ്ഥിതി സംരക്ഷണം, സമുദ്ര പര്യവേഷണം തുടങ്ങിയ മേഖലകളിൽ പുതിയ സാധ്യതകൾ കണ്ടെത്താനും ഇത്തരം സെമിനാറുകൾ വളരെ സഹായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും സമുദ്ര മേഖലയിൽ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനുമായി ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരിയിൽ മസ്ക്കറ്റിൽ വച്ച് ഇന്ത്യൻ സമുദ്ര സമ്മേളനം സംഘടിപ്പിക്കുമെന്ന് അൽ ഹാർത്തി അറിയിച്ചു. ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനായുള്ള ശ്രമങ്ങളിൽ സുപ്രധാന പങ്കാളി എന്ന നിലയിലും, രാജ്യത്തെ സാമ്പത്തിക കേന്ദ്രം എന്ന നിലയിലും അൽ വുസ്ത ഗവർണറേറ്റിന്റെ പ്രത്യേകതകൾ ഗവർണ്ണർ ഷെയ്ഖ് അഹ്മദ് ബിൻ മുസല്ലം അൽ കത്തിരി ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..