കുവൈത്ത് സിറ്റി > കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ സബാഹ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിൽ നടക്കുന്ന ഐക്യ രാഷ്ട്ര സഭയുടെ സെക്യൂറ്റി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദിൻ്റെ പ്രതിനിധിയായാണ് കുവൈത്ത് കിരീടാവകാശി യോഗത്തിൽ പങ്കെടുക്കുന്നത്. കുവൈത്തുമായുള്ള ഉഭയകക്ഷി ബന്ധത്തിന് ഇന്ത്യ അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു .
കുവൈത്തും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശികവും അന്തർദേശീയവുമായ പ്രധാന സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു. ഫാര്‍മ, ഭക്ഷ്യ സംസ്‌കരണം, സാങ്കേതികവിദ്യ, ഊര്‍ജം തുടങ്ങിയ മേഖലകളിലെ ഇന്ത്യ-കുവൈത്ത് ബന്ധത്തിന് എങ്ങനെ കൂടുതല്‍ ഊര്‍ജം പകരാമെന്ന് ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെൻ്റ് പ്രൊമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് ഡോ. മിഷാൽ ജാബർ അൽ-അഹമ്മദ് അൽ-സബാഹ്, കുവൈത്ത് വിദേശ വിദേശകാര്യ ഉപ മന്ത്രി, അണ്ടർസെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുത്തു. വിദേശ കാര്യ മന്ത്രിയുടെ ഓഫീസ് കാര്യ മേധാവി ബദർ അൽ-തനീബ്, ഐക്യരാഷ്ട്രസഭയിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി താരിഖ് അൽ ബന്നായ് എന്നിവരും കൂടികാഴ്‌ചയിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..