സലാല > ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല മലയാള വിഭാഗം വിദ്യാർത്ഥികൾക്കായി ആറ് ദിവസങ്ങളിലായി നടത്തി വന്ന ബാലകലോത്സവം 2024 സമാപിച്ചു. എഴുപത്തിമൂന്നിനങ്ങളിൽ
800ൽപരം മത്സരാർത്ഥികളാണ് വിവിധ കലാസാഹിത്യ മത്സരങ്ങളിൽ മാറ്റുരച്ചത്. കലാസാഹിത്യ മാമാങ്കത്തെ സലാലയിലെ പ്രവാസി സമൂഹം ഇരു കൈകളും നീട്ടി സ്വീകരിച്ചു.
ഈ വർഷം മലയാളികൾ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാന വിദ്യാർത്ഥികളും പങ്കെടുത്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയിലെ സുൽത്താൻ ഖാബൂസ് മൾട്ടിപർപ്പസ് ഹാളിൽ വെച്ച് നടത്തിയ സമാപന ചടങ്ങുകൾക്ക് സാലലയിലെ കലാസാഹിത്യ പ്രേമികളും അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും സാക്ഷ്യം വഹിച്ചു. മലയാള വിഭാഗം കൺവീനർ എ പി കരുണൻ അധ്യക്ഷത വഹിച്ച സമാപന ചടങ്ങുകൾക്ക് ബാലകലോത്സവ കൺവീനർ ഷജിൽ കോട്ടായി സ്വാഗതം പറഞ്ഞു. ഇന്ത്യൻ എംബസ്സി കോൺസുലാർ ഏജൻ്റ് ഡോ കെ സനാതനൻ, ഇന്ത്യൻ സ്കൂൾ സലാല പ്രസിഡണ്ട് ഡോ അബുബക്കർ സിദ്ധിക്ക്, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡണ്ട് രാകേഷ് കുമാർ ഝാ, ജനറൽ സെക്രട്ടറി സന്ദീപ് ഓജ, അബു തഹ്നൂൻ എം ഡി അബ്ദുൾ ഒ ഗഫൂർ, ശ്രീജിത്ത് 55 കോഫി എന്നിവർ വിശിഷ്ടാതിഥികളായി.
വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥികൾക്ക് ഇന്ത്യൻ സോഷ്യൽ ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങളും മലയാളം വിഭാഗം കമ്മിറ്റി അംഗങ്ങളും സ്പോൺസർമാരും ചേർന്ന് സമ്മാനദാനം നടത്തി. ഈ കലാ സാഹിത്യ മാമാങ്കത്തിൽ കലാതിലകമായി ഇഷാ ഫാതിമയേയും കലാപ്രതിഭയായി അദ്വൈത് മനോജിനേയും ഭാഷാ ശ്രീയായി അമേയ മെഹറിനേയും ഗ്രൂപ്പ് വൺ ചാമ്പ്യനായി വേദവിക ശ്രീജിതിനേയും ഗ്രൂപ്പ് റ്റു ചാമ്പ്യനായി അക്ഷിത് കൃഷ്ണ മഹീന്ദ്രകറേയും തിരഞ്ഞെടുത്തു.
മലയാളം വിഭാഗം കോ കൺവീനർ റഷീദ് കൽപ്പറ്റ ഏവർക്കും നന്ദി രേഖപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..