29 November Friday

ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനം ലെസ്റ്ററിൽ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2024

യുകെയിലെ കുടിയേറ്റ തൊഴിലാളികളുടെ ആദ്യത്തെ സംഘടനായ ഇന്ത്യൻ വർക്കേഴ്‌സ് അസ്സോസിയേഷന്റെ ദേശീയ സമ്മേളനം ലെസ്റ്ററിലെ ഭഗത്‌സിംഗ് വെൽഫെയർ സെൻറ്ററിൽ വച്ച് നടന്നു. പ്രസിഡണ്ട് ദയാൽ ബാഗ്രി സമ്മേളനം ഉദ്‌ഘാടനം ചെയ്തു.

അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ജനറൽ സെക്രട്ടറി ഹർസെവ് ബൈൻസ്, എസ്‌എഫ്‌ഐ യുകെ പ്രതിനിധി നൂപുർ പലിവാൽ, മലയാളികളുടെ പുരോഗമന സാംസ്‌കാരിക സംഘടന പ്രതിനിധി ജോസെൻ ജോസ്, യുകെ യിലെ ട്രേഡ് യൂണിയനുകളുടെ ഒരു സംയുക്ത കൂട്ടായ്മ, ജനറൽ ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് ജനറൽ സെക്രട്ടറി ഗവെയ്‌ൻ ലിറ്റിൽ  തുടങ്ങിയവർ സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ചു.

1938ലാണ്‌ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ രൂപം കൊള്ളുന്നത്‌. സാമൂഹിക നീതിക്കും,സാമ്പത്തിക നീതിക്കും വേണ്ടി നിരന്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതോടൊപ്പം തന്നെ ഇന്ത്യക്കാർക്ക് പുറമെ മറ്റിതര കുടിയേറ്റ ജനവിഭാഗങ്ങളുമായി സാംസ്കാരികമായി അടുപ്പം കാത്തു സൂക്ഷിക്കാനും, അതിന്റെ ഭാഗമായി വംശീയ ഉള്ളടക്കത്തിലുള്ള  ഇമിഗ്രേഷൻ നിയമങ്ങൾക്കും, വർഗ്ഗീയ/വംശീയ അതിക്രമങ്ങൾക്കുമെതിരെ യോജിച്ച പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ മുൻകൈ എടുത്തു വരുന്നുണ്ട്.
 
അവാമി വർക്കേഴ്സ് പാർടി അധ്യക്ഷൻ പർവേസ് ഫതഹ്  സമ്മേളനത്തെ അഭിവാദ്യം ചെയ്‌ത്‌ സംസാരിച്ചു. പാകിസ്ഥാനിൽ കർഷക സംഘവും കമ്മ്യൂണിസ്റ്റ് പാർടിയും  രൂപീകരിക്കുന്നതിൽ ഐഡബ്ല്യുഎയുടെ  മാർഗദർശിയായ ഹർകിഷൻ സിങ് സുർജിത് വഹിച്ച പങ്കിനെപ്പറ്റി പർവേസ് ഫതഹ് പറഞ്ഞു.

ട്രേഡ് യൂണിയന്റെ സങ്കേതത്തിനു പുറത്തു നിൽക്കുന്ന  ഐഡബ്ല്യുഎ പോലുള്ള കുടിയേറ്റ തൊഴിലാളികളുടെ സംഘടന ജിഎഫ്‌ടിയുവിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കണം എന്ന് സമ്മേളനം ആവശ്യപ്പെട്ടു.



സെക്രട്ടറി ലിയോസ് പോൾ  റിപ്പോർട്ട് അവതരിപ്പിച്ചു. ഐഡബ്ല്യുഎ പ്രസിഡണ്ടായി ഹർസെവ് ബൈൻസനും  ജനറൽ സെക്രട്ടറിയായി ലിയോസ് പോളും തുടരും. വൈസ് പ്രസിഡണ്ടുമാരായി ശ്രീകുമാർ ,അശ്വതി റെബേക്ക അശോകും അസിസ്റ്റന്റ് സെക്രട്ടറിയായി പ്രിയ രാജൻ, ട്രെഷറർ ആയി അവതാർ സിങ്ങിനെയും, വിമൻസ് കോർഡിനേറ്റർ ആയിട്ട് പ്രീത് ബൈൻസിനെയും, മെമ്പർഷിപ് മീഡിയ വിഭാഗം കൈകാര്യം ചെയ്യുന്ന കോർഡിനേറ്റർ ആയിട്ട് വിശാൽ ഉദയകുമാറിനെയും സമ്മേളനം തിരഞ്ഞെടുത്തു. രജീന്ദർ ബൈൻസ്, ബൽക്കാർ ധാംറൈറ്റ്, സുനിൽ മലയിൽ, ജോസൻ ജോസ്, സജീർ നൂഹ് മുഹമ്മദ്,ആഷിക് മുഹമ്മദ് നാസ്സർ,ഹർജിൻഡർ ഡോസാൻജ്, ലിനു വർഗീസ്,ജോസ് പി സി ,ജയപ്രകാശ് മറയൂർ ജോസഫ് ടി ജോസഫ് എന്നിവർ അടങ്ങിയ 11 അംഗ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.

കഴിഞ്ഞ ഒരു വർഷത്തിലേറെ കാലമായി ഗാസയിൽ  ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയെ യുദ്ധമെന്നും സംഘർഷമെന്നും വിളിക്കരുതെന്നും അടിയന്തിരമായി വെടിനിർത്തൽ ഉണ്ടാകണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും സ്വതന്ത്ര പരമാധികാര പലസ്തീൻ രാജ്യം രൂപീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകളായി അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ക്യൂബയുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ക്യൂബൻ ജനതയുടെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും ആയിട്ടുള്ള പുരോഗതിയെ തടഞ്ഞു വെക്കുകയാണ്. ആത്മാഭിമാനത്തോട് കൂടിയുള്ള ക്യൂബൻ ജനതയുടെ ജീവിതത്തെ നിഷേധിക്കുന്ന പ്രവർത്തിയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഉപരോധം മൂലം കഷ്ടത അനുഭവിക്കുന്ന ക്യൂബൻ ജനതയെ രാഷ്ട്രീയമായി ചൂഷണം ചെയ്യുന്ന നടപടി സാമ്രാജ്യത്ത ശക്തികൾ അവസാനിപ്പിക്കണം എന്നും, ഉപരോധം ഉടനടി നീക്കം ചെയ്ത് ക്യൂബൻ ജനതയുടെ സ്വതത്ര ജീവിതം പുനഃസ്ഥാപിക്കണം എന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

1938 ൽ സംഘടന രൂപം കൊണ്ട അന്നു മുതൽ ഉന്നയിക്കപ്പെടുന്ന "ജാലിയൻവാല ബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടീഷ് സർക്കാർ ഔദ്യോഗികമായി മാപ്പ് പറയുക, ബ്രിട്ടീഷ് കൊളോണിയൽ ചരിത്രം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക"എന്ന ആവശ്യം കൂടുതൽ ശക്തമായി ഉന്നയിക്കുക, വർഗീയതക്കും വംശീയതക്കും എതിരെ ശക്തമായി നില കൊള്ളുക, കുടിയേറ്റ വിരുദ്ധ നീക്കങ്ങൾക്കെതിരായി സംയുക്ത പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുക, സാമൂഹിക നീതിക്കും സാമ്പത്തിക നീതിക്കും വേണ്ടി അടിയുറച്ചു നില കൊള്ളുക തുടങ്ങിയ തീരുമാനങ്ങൾ സമ്മേളനത്തിൽ കൈക്കൊണ്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top