മനാമ > അന്താരാഷ്ട്ര തലത്തിലെ മൂന്നാമത്തെ വലിയ റെയിൽവെ പ്രൊജക്ട് 2030 ഓടെ നിലവിൽ വരും. 250 ഡോളർ ബില്യൺ തുകയാണ് ഈ പദ്ധതിയുടെ അടങ്കൽ തുക. ഇത് ലോകത്തിൽ നിലവിൽ വരുന്ന റെയിൽവെ പദ്ധതികളുടെ മൂന്നാമത്തെ വലിയ തുകയാണെന്നും ലോകോത്തര ലീഡിംഗ് മാർക്കറ്റ് ഡാറ്റാ പ്രൊവൈഡർ ആയ സ്റ്റാറ്റിസ്റ്റ അറിയിച്ചു.
അറുനൂറ് ബില്യൺ ഡോളറിന്റെ ട്രാൻസ് യുറോപ്യൻ ട്രാൻസ്പോർട്ട് നെറ്റ്‌വർക്ക് പദ്ധതിയും, സൗദി അറേബ്യയിലെ ന്യുഫ്യൂച്ചർ എന്നർത്ഥം വരുന്ന നിയോം സിറ്റിയിലെ അഞ്ഞൂറ് ബില്യൺ ഡോളർ തുകയിൽ ഉള്ള റെയിൽവെ പദ്ധതിയും കഴിഞ്ഞാൽ ലോകത്തിലെ മൂന്നാമത്തെ വലിയ പദ്ധതിയാണ് ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ച് വരുന്ന ഈ മെഗാ റെയിൽവെ പദ്ധതി. ജിസിസി രാജ്യങ്ങളിെലെ വ്യവസായ, വാണിജ്യ, ടൂറിസം മേഖലകളുടെ വൻ കുതിച്ച് ചാട്ടമാണ് ഈ പദ്ധതിയിലുടെ ഗൾഫ് കോർപ്പറേഷൻ കൗൺസിൽ വിഭാവനം ചെയ്യുന്നത്.
കിംഗ് ഹമദ് കോസ് വേ കടന്ന് കൊണ്ട് 21 കിലോമീറ്റർ സൗദിയിലേക്കും 24 കിലോമീറ്റർ ബഹ്റൈനിലേക്കും ഈ റെയിൽ പാത നീളും. ഈ ലൈൻ കുവൈറ്റിൽ നിന്ന് ആരംഭിക്കാനിരിക്കുന്ന ഗൾഫ് റെയിൽവേ നെറ്റ്‌വർക്കുമായി സംയോജിപ്പിക്കും. ദമ്മാം വഴി ബഹ്റൈനിലേക്കും ദമാമിൽ നിന്ന് സൽവ അതിർത്തി വഴി ഖത്തറിലേക്കും നീളുന്ന പാത ഖത്തറിനെയും ബഹ്റൈനെയും ബന്ധിപ്പിക്കും. അത് കഴിഞ്ഞാൽ സൗദി അറേബ്യയിൽ നിന്നും യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അബുദാബിയും അൽ ഐനിലൂടെ വിലായത്ത് സുഹാർ വഴി മസ്‌കറ്റിൽ എത്തിച്ചേരും വിധത്തിൽ പാത ദീർഘിപ്പിക്കും.
സുഹാറിനെയും അബുദാബിയെയും ബന്ധിപ്പിക്കുന്ന ലൈൻ നടപ്പിലാക്കുന്നതിനായി ഒമാൻ റെയിലും, എത്തിഹാദ് റെയിലും ചേർന്ന് സംയുക്ത സംരംഭം രൂപീകരിച്ചിട്ടുണ്ട്. ഈ ഗൾഫ് റെയിൽവേ സൗദി അറേബ്യയിലേക്ക് 21 കിിലോ മീറ്ററും രണ്ട് രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ പാലം കടന്ന് ബഹ്റൈനിലേക്ക് 24 കീലോമീറ്ററും നീളും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..