25 November Monday

ഗാർഹിക തൊഴിലാളികളുടെ സ്വകാര്യ മേഖലയിലേക്കുള്ള വിസമാറ്റം; അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

കുവൈത്ത് സിറ്റി> മാൻപവർ അതോറിറ്റി ഗാർഹിക തൊഴിലാളികളുടെ റെസിഡൻസി സ്വകാര്യ മേഖലയിലെ വർക്ക് റെസിഡൻസിയിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ജൂലൈ 14 ഞായറാഴ്ച മുതൽ രണ്ട് മാസത്തേക്കാണ് ഗാർഹിക തൊഴിലാളികൾക്ക് അവരുടെ റെസിഡൻസി ആർട്ടിക്കിൾ 20 ൽ നിന്ന് ആർട്ടിക്കിൾ 18ലേക്ക് മാറ്റാൻ അനുമതിയുള്ളത്. ചില വ്യവസ്ഥകളോടുകൂടിയാണ് വിസ മാറ്റാൻ അനുമതി നൽകിയത്. മാൻപവർ അതോറിറ്റി പുറപ്പെടുവിച്ച തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

അപേക്ഷ സമർപ്പിക്കാൻ തൊഴിലുടമയുടെ അനുമതി ആവശ്യമാണ്. ഗാർഹിക തൊഴിലാളിയുടെ സ്‌പോൺസർ റെസിഡൻസി കൈമാറാൻ സമ്മതിച്ചുവെന്ന് പരിശോധിച്ചതിന് ശേഷം ആഭ്യന്തര മന്ത്രാലയത്തിൻ്റെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് റെസിഡൻസി അഫയേഴ്‌സിൻ്റെ അംഗീകാരം ലഭിക്കണം. ചുരുങ്ങിയത് ഒരു വർഷമെങ്കിലും നിലവിലെ തൊഴിൽ ഉടമയുടെ കൂടെ ജോലി പൂർത്തിയാക്കിയവർക്കാണ് ആനുകൂല്യം ലഭ്യമാകുന്നത്.

രാജ്യത്തെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ. നേരത്തെ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അസ്സബാഹാണ് ഇത് സംബന്ധമായ തീരുമാനം പ്രഖ്യാപിച്ചത്. സർക്കാരിൻറെ കണക്കുകൾ പ്രകാരം ഗാർഹിക തൊഴിലാളികളിൽ 45 ശതമാനവും ഇന്ത്യക്കാരാണ്. വീട്ടുജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പ്രവാസികൾക്ക് തൊഴിൽ വിസയിലേക്കു മാറാൻ ഇതുവഴി കഴിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top