22 December Sunday

ലബനൻ ജനതയ്ക്ക് യുഎഇ സഹായം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

ദുബായ് > ലബനൻ ജനതയ്ക്ക് 30 മില്യൺ ഡോളറിന്റെ (110 മില്യൺ ദിർഹം) അടിയന്തര സഹായ പാക്കേജ് നൽകാൻ നിർദ്ദേശിച്ച്‌ യുഎഇ പ്രസിഡന്റ്‌ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. "യുഎഇ ലെബനനൊപ്പം നിൽക്കുന്നു" എന്ന ക്യാമ്പെയ്‌ന്‌ കീഴിൽ ലെബനനിലെ ജനങ്ങൾക്ക് യുഎഇ നിരന്തരമായി സഹായം നൽകുന്നുണ്ട്.

കഴിഞ്ഞയാഴ്ച ലെബനനിലേക്ക് ആകെ 100 മില്യൺ ഡോളറിന്റെ (367 മില്യൺ ദിർഹം) ദുരിതാശ്വാസ പാക്കേജിന് യുഎഇ ഉത്തരവിട്ടിരുന്നു. 250 ടൺ മെഡിക്കൽ സാമഗ്രികൾ, ഭക്ഷണം, ദുരിതാശ്വാസ സാമഗ്രികൾ, പാർപ്പിട ഉപകരണങ്ങൾ എന്നിവയുമായി ആറ് വിമാനങ്ങൾ അയക്കുകയും ചെയ്തു.

ലെബനന് പിന്തുണ നൽകാനുള്ള യുഎഇയുടെ ശ്രമങ്ങളിൽ രാജ്യത്തെ സ്ഥാപനങ്ങളും ബിസിനസ്‌ സംരഭങ്ങളും ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തിയുള്ള ഒരു ജീവകാരുണ്യ ക്യാമ്പയ്‌ൻ ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ഫിലാന്ത്രോപിക് കൗൺസിൽ പ്രഖ്യാപിക്കുകയും ചെയ്തു.

രണ്ടാഴ്ചയായി ഇസ്രായേൽ ബോംബാക്രമണത്തിനും തെക്കൻ കരയിൽ നിന്നുള്ള നുഴഞ്ഞുകയറ്റത്തിനും വിധേയമാണ് ലെബനൻ. ഇസ്രായേലി സൈന്യത്തിന്റെ കണക്കനുസരിച്ച് ലെബനനിൽ 5,000 വ്യോമാക്രമണങ്ങൾ നടന്നിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചകളിൽ 300,000 ലബനീസ് പൗരർ സിറിയയിലേക്ക് കടന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 1,400 പേർ കൊല്ലപ്പെട്ടു. 1.5 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തു.

വാരാന്ത്യത്തിൽ അയച്ച 100 മില്യൺ ഡോളർ സഹായ പാക്കേജിന് പുറമേ, ലെബനനിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കുന്ന ആറ് അധിക വിമാനങ്ങൾ അയയ്ക്കാൻ തിങ്കളാഴ്ച യുഎഇ പ്രസിഡന്റ്‌ ഉത്തരവിടുകയും ചെയ്തു. ആറ് വിമാനങ്ങളിൽ 205 ടൺ മെഡിക്കൽ സപ്ലൈകളും ഭക്ഷണവും ഉൾപ്പെടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top