ദുബായ് > ഗാസയിൽ യുഎഇ നടത്തുന്ന മാനുഷിക പ്രവർത്തനങ്ങളെ അഭിനന്ദിച്ച് യുഎൻ. യുഎൻ സീനിയർ ഹ്യൂമാനിറ്റേറിയൻ ആൻഡ് റീ കൺസ്ട്രക്ഷൻ കോർഡിനേറ്റർ സിഗ്രിഡ് കാഗാണ് യുഎഇയുടെ മാനുഷിക നടപടികൾക്ക് അഭിനന്ദനം അറിയിച്ചത്. ഗാസയിൽ പരിക്കേറ്റ 252 രോഗികളേയും അവരുടെ കുടുംബാംഗങ്ങളേയും യുഎഇയിലേക്ക് മാറ്റിപ്പാർപ്പിച്ചത് ഏറ്റവും മികച്ച നടപടിയാണെന്നും എന്നാൽ ഇനിയും കൂടുതൽ പിന്തുണ ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ നടത്തിയ ബ്രീഫിംഗിലാണ് ഇക്കാര്യം അവർ വ്യക്തമാക്കിയത്.
ഗാസയിൽ 14,000-ത്തിലധികം രോഗികൾക്ക് മേഖലയ്ക്ക് പുറത്ത് പ്രത്യേക ചികിത്സ ആവശ്യമാണെന്ന് സിഗ്രിഡ് കാഗ് പറഞ്ഞു. ഈ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും അഭയം നൽകി ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ മറ്റ് അംഗരാജ്യങ്ങളോട് അവർ ആഹ്വാനം ചെയ്തു. ഗാസയിലെ മെഡിക്കൽ സൗകര്യങ്ങളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ചും കാഗ് പറഞ്ഞു.
ഗാസയിൽ 41,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 93,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു. വാക്‌സിനേഷൻ ശ്രമങ്ങളുടെ കാര്യത്തിൽ, WHO, UNRWA, UNICEF എന്നിവയുടെ നേതൃത്വത്തിൽ നടന്ന കാമ്പെയ്‌നിൻ്റെ വിജയകരമായ ആദ്യ റൗണ്ട് കാഗ് ചൂണ്ടിക്കാട്ടി . ഏകദേശം നാലാഴ്ചയ്ക്കുള്ളിൽ രണ്ടാം ഘട്ടം ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..