21 December Saturday

തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്ത് യുഎഇ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

ദുബായ്/ ഷാർജ> രാജ്യത്തെ തൊഴിൽ നിയമത്തിൽ കാതലായ ഭേദഗതി വരുത്തി യുഎഇ സർക്കാർ ഫെഡറൽ ഡിക്രി നിയമം പുറപ്പെടുവിച്ചു. തൊഴിലാളിയുടെ അവകാശവും കടമയും വ്യക്തമായി നിർവചിക്കുന്നതിനും മത്സരക്ഷമത വർധിപ്പിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഭേദഗതി.

പുതിയ നിയമം അനുസരിച്ച്‌ വിവിധ കുറ്റങ്ങളിൽ തൊഴിലുടമയ്ക്ക്‌ ഒരുലക്ഷംമുതൽ 10 ലക്ഷം ദിർഹംവരെ പിഴ ലഭിക്കും. ശരിയായ വർക്ക് പെർമിറ്റില്ലാതെ തൊഴിലാളിയെ ജോലിക്കെടുക്കുകയോ, അവരെ രാജ്യത്തേക്ക് കൊണ്ടുവന്ന ജോലി നൽകുന്നതിൽ പരാജയപ്പെടുകയോ, വർക്ക് പെർമിറ്റ്‌ ദുരുപയോഗപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരു തൊഴിൽ ഉടമയ്ക്കും ഒരുലക്ഷം ദിർഹത്തിൽ കുറയാത്തതും 10 ലക്ഷം ദിർഹത്തിൽ കൂടാത്തതുമായ പിഴചുമത്തും. തൊഴിലാളികളുടെ അവകാശം പരിഗണിക്കാതെ വ്യാപാര സ്ഥാപനം അടച്ചുപൂട്ടുകയോ താൽക്കാലികമായി നിർത്തുകയോ ചെയ്യുക, പ്രായപൂർത്തിയാകാത്തവരെ നിയമവിരുദ്ധമായി ജോലി ചെയ്യിപ്പിക്കുന്നതിനും ഇതേ പിഴ ബാധകമാണ്.

വഞ്ചനാപരമായ സ്വദേശിവൽക്കരണം ഉൾപ്പെടെയുള്ള നിയമ വിരുദ്ധ നിയമന രീതികൾക്ക് ക്രിമിനൽ ശിക്ഷകളും ലഭിക്കും. വ്യാജ നിയമനത്തിൽ പിടിക്കപ്പെടുന്ന തൊഴിലുടമകൾക്കും ഒരുലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. കൂടാതെ, കേസിൽ ഉൾപ്പെട്ട ജീവനക്കാരുടെ എണ്ണത്തെ അടിസ്ഥാനമാക്കി പിഴ വർധിക്കുകയും ചെയ്യും. തൊഴിൽദാതാവ് കുറഞ്ഞ പിഴയുടെ 50 ശതമാനമെങ്കിലും അടയ്ക്കുകയോ സാങ്കൽപ്പിക ജീവനക്കാർക്ക് ലഭിക്കുന്ന ഏതെങ്കിലും സാമ്പത്തിക ആനുകൂല്യങ്ങൾ തിരികെ നൽകുകയോ ചെയ്താൽ കോടതി വിധിക്ക് മുമ്പ് കേസുകൾ തീർപ്പാക്കാനും പുതിയ ഉത്തരവിലൂടെ സാധിക്കും.

പല കമ്പനികളും അടച്ചുപൂട്ടുകയും തൊഴിലാളികൾക്ക് കുടിശ്ശികയും മറ്റും നൽകാതെ കഷ്‌ടപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയ്ക്ക്‌ പുതിയ ഭേദഗതിയിലൂടെ പരിഹാരം കാണാനാകും. താമസ രേഖകൾ സമയബന്ധിതമായി ക്രമപ്പെടുത്താത്തതുമൂലം വിഷമം അനുഭവിക്കുന്ന തൊഴിലാളികൾക്ക് മറ്റ് തൊഴിൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനും മറ്റു ജോലികൾ കണ്ടെത്തിയാൽതന്നെ ഇൻഷുറൻസ് പരിരക്ഷ അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും പ്രയാസമുണ്ട്. പുതിയ നിയമം ഇത്തരത്തിലുള്ള ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായകമായ ഒന്നാണെന്ന്‌ മേഖലയിലെ വിദഗ്‌ധർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top