ഷാർജ > ഉദാരമനസ്കതയുടെ മികച്ച മാതൃക തീർത്ത് മുന്നേറുന്ന രാജ്യങ്ങളിലൊന്നായാണ് യു എ ഇ ഇന്ന് അറിയപ്പെടുന്നത്. ലോകത്തിലെ ഏതു കോണിലുമുണ്ടാകുന്ന സാമൂഹ്യ ഉത്തരവാദിത്വങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ തങ്ങളുടെ പങ്ക് നിർവഹിക്കുക മാത്രമല്ല, പലതിന്റെയും നായക സ്ഥാനം വഹിക്കാനും യു എ ഇ യ്ക്ക് കഴിയുന്നുണ്ട്. അന്താരാഷ്ട്ര ഐക്യദാർഢ്യവും മാനുഷിക സഹകരണവും വളർത്തുകയും, ആഗോളതലത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്പിന്തുണ നൽകുകയും ചെയ്തുകൊണ്ട് ലോകമെമ്പാടുമുള്ള വിവിധ പരിപാടികളിലും സംരംഭങ്ങളിലും ബില്യണുകളുടെ സഹായമാണ് യു എ ഇ കഴിഞ്ഞ വർഷം നടത്തിയിട്ടുള്ളത്. ഉദാരമനസ്‌കതയുടെ ശ്രദ്ധേയമായ ഒരു യാത്രയായിരുന്നു പ്രസിഡൻറ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നേതൃത്വത്തിൽ യു എ ഇ ആരംഭിച്ച സായിദ് ഹ്യുമാനിറ്റേറിയൻ ലെഗസി ഇനിഷ്യേറ്റിവ്. ലോകത്തിലെ ദുർബലരായ സമൂഹങ്ങൾക്കായി 20 ബില്യൺ ദിർഹമാണ് ഇതിലൂടെ അനുവദിച്ചത്. ആഗോളതലത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനുള്ള ഒരു പുതിയ ചാനലായി ഇത് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.
അമ്മമാരെ ആദരിച്ചുകൊണ്ട്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും വേണ്ടി, 1 ബില്യൺ ദിർഹം എൻഡോവ്‌മെൻ്റ് ഫണ്ട് സ്ഥാപിച്ച്, വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പയിൻ ആരംഭിച്ചു. G20 യുമായുള്ള യുഎഇയുടെ തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിൽ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ സഹായ ഏജൻസി വഴി പട്ടിണിയ്ക്കും, ദാരിദ്ര്യത്തിനുമെതിരായ ആഗോള സഖ്യത്തിന് 100 മില്യൺ ഡോളർ സംഭാവന പ്രഖ്യാപിച്ചു.
പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിൻ്റെ ലാസ്റ്റ് മൈൽ ഇനിഷ്യേറ്റീവ്, ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിസീസ് എലിമിനേഷന് (GLIDE) 55 ദശലക്ഷം ദിർഹമാണ് അനുവദിച്ചത്. ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3 വഴി, 640,000-ത്തിലധികം കുട്ടികളെ പോളിയോ ഭീഷണിയിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ഗാസ മുനമ്പിൽ യുഎഇ അടിയന്തര വാക്സിനേഷൻ കാമ്പയിൻ ആരംഭിയ്ക്കുകയും, ഗസ്സയിൽ ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് പ്രയോജനം ചെയ്ത മാനുഷിക, മെഡിക്കൽ, ജല ഇൻഫ്രാസ്ട്രക്ചർ സഹായം വിതരണം ചെയ്യുകയും ചെയ്തു. ലെബനനിൽ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് 100 മില്യൺ ഡോളറിൻ്റെ അടിയന്തര ദുരിതാശ്വാസ പാക്കേജ് നിർദേശിക്കുകയും "യുഎഇ സ്റ്റാൻഡ്സ് വിത്ത് ലെബനൻ" കാമ്പെയ്ൻ ആരംഭിക്കുകയും ചെയ്തു. സിറിയയിലെ കുടിയിറക്കപ്പെട്ട ലെബനൻ പൗരന്മാർക്ക് യുഎഇ 30 മില്യൺ ഡോളർ സഹായമാണ് നൽകിയത്.
സുഡാനിലും അതിൻ്റെ അയൽരാജ്യങ്ങളിലുമുള്ള മാനുഷിക ശ്രമങ്ങളെ പിന്തുണയ്ക്കാൻ യുഎഇ 100 മില്യൺ ഡോളർ വാഗ്ദാനം ചെയ്തു. ചാഡിൽ, പുതിയ സംരംഭങ്ങൾ ആരംഭിച്ചു, കൂടാതെ സുഡാനീസ് അഭയാർത്ഥി സ്ത്രീകളെ പിന്തുണയ്ക്കാൻ ഐക്യരാഷ്ട്രസഭയ്ക്ക് $10.25 മില്യൺ സംഭാവനയായി നൽകുകയും ചെയ്തു. പ്രകൃതിദുരന്തങ്ങളിലകപ്പെട്ട ബുർക്കിന ഫാസോ, ബ്രസീൽ, ഫിലിപ്പീൻസ്, എത്യോപ്യ, തുടങ്ങി ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾക്ക് യു എ ഇ സഹായഹസ്തം നീട്ടി. കെനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മൗറിറ്റാനിയ, നൈജീരിയ, നേപ്പാൾ, സൗത്ത് ആഫ്രിക്ക, ഐവറി കോസ്റ്റ്, കാമറൂൺ എന്നീ രാജ്യങ്ങളുടെ ലൈവ്സ് ആൻഡ് ലൈവ്ലിഹുഡ് ഫണ്ടിന്റെ രണ്ടാം ഘട്ടത്തിലേക്ക് 50 മില്യൺ ഡോളറാണ് യു എ ഇ സംഭാവന നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..