23 December Monday

യുഎഇ യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ സോളാർ പദ്ധതി

കെ എൽ ഗോപിUpdated: Friday Jul 19, 2024

ഷാർജ> അൽ ഐനിലെ യുഎഇ യൂണിവേഴ്സിറ്റിയിൽ 9000 കിലോ വാട്ട് പീക്ക് (kWp) സോളാർ ഫോട്ടോ വോൾടെയ്ക്ക് പദ്ധതി അബുദാബി എനർജി സർവീസസ് പ്രഖ്യാപിച്ചു. യുഎഇയുടെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സൗരോർജ സംരംഭവും, യുഎഇയിലെ ആദ്യത്തെ വലിയ തോതിലുള്ള പുനരുപയോഗ ഊർജ്ജ സംരംഭവുമാണ് ഈ പദ്ധതി.

190,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള യുഎഇ ക്യാമ്പസിൽ ട്രാക്കിംഗ് സംവിധാനങ്ങളോടു കൂടിയ 14,000 സോളാർ ഗ്രൗണ്ട് മൗണ്ടഡ് മോഡ്യൂളുകൾ പദ്ധതി വഴി സ്ഥാപിക്കും. സർവകലാശാലയുടെ വൈദ്യുതി ആവശ്യത്തിന്റെ 25 ശതമാനം ഇതിലൂടെ നേടിയെടുക്കാൻ ആകും എന്നാണ് കരുതുന്നത്. കരാർ ആരംഭിച്ച് 13 മാസത്തിനുള്ളിൽ ഇത് പൂർത്തിയാകും.

പ്രതിവർഷം 1,822 കാറുകൾ പുറത്തേക്ക് വിടുന്നതിന് സമാനമായ 8187 ടൺ കാർബൺ പുറന്തള്ളൽ ഇതിലൂടെ കുറയ്ക്കാനാകും. 2030 ഓടെ പുനരൂപയോഗ ഊർജ്ജ കാര്യക്ഷമത ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്ന കോപ്പ് 28 ന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ പദ്ധതി. പുനരുപയോഗ ഊർജ്ജാസ്രോതസ്സുകൾ ഭാവിയുടെ സുസ്ഥിരതയ്ക്ക് എങ്ങനെ അനിവാര്യമാകും എന്ന ചിന്ത വിദ്യാർത്ഥികളിൽ വളർത്തുന്നതിനും ഈ ശ്രമത്തിലൂടെ സാധിക്കും. സൗരോർജ്ജവുമായി ബന്ധപ്പെട്ട വിവിധ സംരംഭങ്ങളും സർവ്വകലാശാല ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

ഊർജ്ജ കാര്യക്ഷമത പദ്ധതിയുടെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത കെട്ടിടങ്ങൾ പുനർ നിർമ്മിച്ച് ഊർജ്ജ ഉപഭോഗത്തിൽ 27 ശതമാനം പുരോഗതി കൈവരിക്കാനായി. രണ്ടാം ഘട്ടത്തിൽ ഇത് കൂടുതൽ കെട്ടിടങ്ങളിലേക്കും സൗകര്യങ്ങളിലേക്കും വ്യാപിപ്പിക്കുകയും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സർവകലാശാലയുടെ പ്രതിബദ്ധത ലക്ഷ്യമിടുന്നതായും ആക്ടിംഗ് വൈസ് ചാൻസലർ പ്രൊഫ. അഹമ്മദ് അലി അൽ റൈസി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top