23 December Monday

യുഎഇ പൊതുമാപ്പ് ഒന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

ദുബായ്>യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള രണ്ടുമാസത്തെ പൊതുമാപ്പ് സെപ്‌തംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന്‌ അധികൃതർ അറിയിച്ചു. നിയമപരമായ താമസ രേഖകളില്ലാതെ യുഎഇയിൽ കഴിയുന്ന അനധികൃത താമസക്കാർക്ക് അവസരം ഉപയോഗപ്പെടുത്തി പൊതുമാപ്പ്‌ കാലയളവിൽ പിഴയൊന്നും കൂടാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ സാധിക്കും. കൂടാതെ, രേഖകൾ നിയമപരമാക്കുന്നതിനും അവസരം ലഭിക്കും. ഈ കാലയളവ് പ്രയോജനപ്പെടുത്തുന്നവർക്കെതിരെ നിരോധനമോ, പിഴയോ ഈടാക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കാലഹരണപ്പെട്ട റസിഡൻസി വിസകൾ, ടൂറിസ്റ്റ് വിസകൾ ഉൾപ്പെടെ എല്ലാ തരത്തിലുള്ള വിസകളും പൊതുമാപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് അതോറിറ്റി അറിയിച്ചു. യാതൊരു രേഖകളുമില്ലാത്തവർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ കഴിയും. യുഎഇയിൽ അനധികൃതമായി താമസിക്കുന്നവർക്ക് അവരുടെ താമസ രേഖകൾ സാധുവാക്കുന്നതിനോ, പിഴയില്ലാതെ രാജ്യം വിടാനോ ഉള്ള ഏറ്റവും നല്ല അവസരമാണിതെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യംവിടാൻ ആഗ്രഹിക്കുന്നവർക്ക് അധിക താമസ പിഴയോ, എക്‌സിറ്റ് ഫീസോ ഇല്ലാതെ നാട്ടിലേക്ക്‌ മടങ്ങാൻ സാധിക്കും. രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് സ്വന്തം രാജ്യത്തെത്തി എപ്പോൾ വേണമെങ്കിലും പുതിയ വിസയിൽ യുഎഇയിലേക്ക്‌ മടങ്ങിവരാനും കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.സന്ദർശക വിസയിലെത്തി താമസ രേഖകളില്ലാതെ കഴിയുന്നവരാണ്‌ മുൻവർഷങ്ങളിൽ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയവരിൽ കൂടുതലും. 2007ന് ശേഷം യുഎഇ സർക്കാർ നടത്തുന്ന നാലാമത്തെ പൊതുമാപ്പ് പദ്ധതിയാണിത്. 2018 ആഗസ്‌തിലായിരുന്നു അവസാനത്തെ പൊതുമാപ്പ്. അതുകൊണ്ടുതന്നെ ആറുവർഷങ്ങൾക്കുശേഷം നടക്കുന്ന പൊതുമാപ്പ്‌ ആയിരക്കണക്കിന് പ്രവാസികൾക്ക് പ്രയോജനം ചെയ്യുമെന്നാണ്‌ പ്രതീക്ഷ. തീരുമാനം മലയാളികളടക്കമുള്ള നിരവധി പ്രവാസികൾക്ക്‌ ഏറെ സഹായകമാകുമെന്ന്‌ പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്‌ടർ എൻ കെ കുഞ്ഞഹമ്മദ്‌ പറഞ്ഞു. താമസ രേഖകളില്ലാതെ യുഎഇയിലുള്ള പ്രവാസികൾ അവസരം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങുകയോ താമസം നിയമപരമാക്കുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top