26 December Thursday

വന്ദേഭാരത് മിഷനിൽ മലയാളികളോട് കടുത്ത അവഗണന; സമീക്ഷ യുകെ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020


ലണ്ടൻ> വന്ദേഭാരത് മിഷന്റെ ഭാഗമായി ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക്  ചൊവ്വാഴ്ച പുറപ്പെട്ട വിമാനത്തിൽ അർഹരായ പല മലയാളികളേയും തടഞ്ഞതായി പരാതി. സീറ്റു ലഭിച്ചിരുന്ന മലയാളികളായ പലരെയും അവസാന നിമിഷം  അധികാരികളുടെ  സ്വന്തക്കാരായ ചിലർക്ക് വേണ്ടി  വെട്ടിമാറ്റുകയായിരുന്നു. ലണ്ടനിൽ നിന്ന് കൊച്ചിയിലേയ്ക്ക് ഉള്ള വിമാനം എന്നാണ് ആദ്യം തീരുമാനിച്ചിരുന്നത് എന്നാൽ പിന്നീട് ഇത് മുംബൈ വിശാഖപട്ടണം വഴി ആക്കുകയായിരുന്നു. അവസാന നിമിഷത്തിൽ മുംബൈ വഴി വിമാനം തിരിച്ചുവിടാനുള്ള തീരുമാനം വേണ്ടപ്പെട്ടവരെ തിരുകികയറ്റാൻ വേണ്ടി ആയിരുന്നു എന്നാണ് മനസ്സിക്കുന്നതെന്ന്‌  മലയാളി സംഘടനയായ സമീക്ഷ യുകെ പറഞ്ഞു. ഈ അവഗണനയിൽ കടുത്തപ്രതിഷേധമുണ്ടെന്ന്‌ സമീക്ഷ അറിയിച്ചു.

നാട്ടിലേയ്ക്ക് മടങ്ങുന്നതിനു വിദ്യാർത്ഥികൾക്കും ഗർഭണികൾക്കും മുൻഗണന ഉണ്ടായിരിക്കും എന്നാണ് പ്രധാനമന്ത്രിയും വിദേശകാര്യവകുപ്പും പ്രഖ്യാപിച്ചിരുന്നത് . ഇതനുസരിച്ചു ഈ വിമാനത്തിൽ നാട്ടിലേയ്ക്ക് പോകാനായി  ബുക്ക് ചെയ്തിരുന്ന മലയാളികളായ പലരെയും അവസാന നിമിഷം  ഒഴിവാക്കിയാണ് മുൻഗണനാക്രമം തെറ്റിച്ചു സ്വന്തക്കാരായ ചിലരെ തിരുകികയറ്റിയത്‌. പത്തനംതിട്ട  ഓതറ സ്വദേശിയായ ഫാദർ . ബിനു തോമസ് ഇത്തരത്തിൽ അവസാനനിമിഷം ഒഴിവാക്കപ്പെട്ടവരിൽ ഒരാളാണ്. ഫ്ലൈറ്റിൽ ടിക്കറ്റ് കൺഫേം ആണെന്ന് പറഞ്ഞു ഇദ്ദേഹത്തിന് എംബസിയിൽ നിന്നും ഇമെയിൽ വന്നിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹത്തിന്റെ പേര് ഈ ലിസ്റ്റിൽനിന്നും യാതൊരു അറിയിപ്പുമില്ലാതെ വെട്ടിമാറ്റപെട്ടു . എംബസിയിൽ നിന്നും വിളിവരുന്നതും കാത്തു  ചൊവ്വാഴ്ച പുലർച്ചെ വരെ കാത്തിരുന്ന ഇദ്ദേഹം പിന്നീട്  തിരിച്ചു ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും  എംബസ്സിയിലും എയർ ഇന്ത്യ ഓഫീസിലും  ആരും ഫോൺ എടുക്കുകയുണ്ടായില്ല .

പന്തളം സ്വദേശിയായ  വിഷ്ണു എന്ന വിദ്യാർഥിക്കും ഇതേ ദുരനുഭവം  ആണ് ഉണ്ടായത് . ഇദ്ദേഹത്തിന്റെ കൂടെയുള്ള ആന്ധ്രക്കാരനായ വേറൊരു വിദ്യാർത്ഥിക്ക് ലിസ്റ്റിൽ ഇല്ലാതിരുന്നിട്ടുകൂടി നാട്ടിലേയ്ക്ക് പോകുവാനുള്ള  അവസരം ലഭിക്കുകയുണ്ടായി . പക്ഷപാതപരമായാണ് അധികാരികൾ പെരുമാറിയത് എന്നു ഇത് തെളിയിക്കുന്നു  .

ലണ്ടനിൽ നിന്നും കേരളത്തിലേയ്ക്കു ഈ ഫ്ലൈറ്റിൽ പോവുന്നവരുടെ ലിസ്റ്റ് കേരളസർകാരിനെ അറിയിച്ചിട്ടുണ്ടായിരുന്നു. ഇതനുസരിച്ചു അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടി ജില്ലാ ഭരണകൂടങ്ങൾ ഇവരുടെ വീട്ടുകാരെ ബന്ധപ്പെടുകയും ചെയ്തിരുന്നു.

മലയാളിയായ  ഒരു മന്ത്രി വിദേശകാര്യവകുപ്പിൽ ഇരിക്കുമ്പോൾ പോലും പ്രവാസി  മലയാളി സമൂഹം ഇത്തരത്തിലുള്ള അവഗണനയ്‌ക്കു വിധേയമാവുന്നതു തീർത്തും പ്രതിഷേധാർഹമാണ്. ഈ തിരിമറിയ്ക്കു പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നു കണ്ടുപിടിച്ചു അവർക്കെതിരെ  മാതൃകാപരമായ നടപടികൾ എടുക്കണം എന്നും മലയാളി പ്രവാസി സമൂഹത്തോട് ഭാവിയിൽ അവഗണന ഉണ്ടാവില്ലെന്ന്  ഉറപ്പാക്കണമെന്നും  സമീക്ഷ യുകെ ആവശ്യപ്പെട്ടു .  ഇത് സംബന്ധിച്ചു  പ്രധാനമന്ത്രി നരേന്ദ്രമോഡി്‌   കേരളമുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി ജയശങ്കർ  എന്നിവർക്ക് പരാതി സമർപ്പിക്കുമെന്നും സമീക്ഷ ഭാരവാഹികൾ അറിയിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top