ഒമാൻ > ഒമാനിൽ പച്ചക്കറി, പഴം എന്നിവയുടെ വില കുത്തനെ ഉയർന്നു. പച്ചക്കറി വില 20 ശതമാനവും, പഴങ്ങളുടെ വില 7.6 ശതമാനവുമാണ് ഉയർന്നത്. ഇറക്കുമതി ചിലവിന്റെ വർധനയും കാലാവസ്ഥയിലെ വ്യതിയാനത്തിലൂടെ പ്രാദേശികമായ ഉല്പാദനത്തിലെ കുറവുമാണ് വിലവർധനക്ക് കാരണമായത്.
നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട ഉപഭോക്തൃ വില സൂചിക അനുസരിച്ച്, കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 2024 ജൂലൈയിൽ പച്ചക്കറി വില 20 ശതമാനത്തിലധികം ഉയർന്നു, അതേസമയം പഴങ്ങളുടെ വില 7.6 ശതമാനവും വർദ്ധിച്ചു.
പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയിലെ പെട്ടെന്നുള്ള വർദ്ധനവ് ഒമാന്റെ മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്കിലും വർദ്ധനവിന് കാരണമായി. പണപ്പെരുപ്പ നിരക്ക് ജൂണിലെ 0.7 ശതമാനത്തിൽ നിന്ന് ജൂലൈയിൽ 1.53 ശതമാനമായി ഉയർന്നു. കൂടാതെ പഴം, പച്ചക്കറി വില വർധനവിന്റെ ഫലമായി ഒമാന്റെ വാർഷിക ഭക്ഷ്യ പണപ്പെരുപ്പ നിരക്ക് ജൂലൈയിൽ 4.53 ശതമാനമായി കുത്തനെ ഉയർന്നു.
പ്രാദേശിക ഉത്പാദനം കുറഞ്ഞതാണ് പച്ചക്കറി വില ഉയരാൻ കാരണമെന്ന് ഒമാൻ അഗ്രിക്കൾച്ചർ അസോസിയേഷൻ സെക്രട്ടറി ഘോസ്ന് അൽ റാഷിദി പറഞ്ഞു. എന്നാൽ ഡിസംബർ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ കാർഷിക ഉത്പാദനം ഏറ്റവും ഉയർന്ന നിരക്കിലാണെന്നും അധിക ഉത്പാദനമാണ് വില കുറയാൻ കാരണമെന്നും മറ്റു ചില പ്രാദേശിക കർഷകർ അഭിപ്രായപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..