06 October Sunday

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

ഷാർജ > ഉഭയ കക്ഷി സാമ്പത്തിക സഹകരണം ദൃഢമാക്കുന്നതിനും, മെച്ചപ്പെട്ട വ്യാപാരത്തിനും നിക്ഷേപത്തിനും ഉള്ള അവസരങ്ങൾ, വ്യവസായം, ടൂറിസം, കൃഷി എന്നി മേഖലകളിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി അജ്മാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി വിയറ്റ്നാമിൽ നിന്നുള്ള പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.

ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട മികച്ച പ്രവർത്തനങ്ങളേയും സംരംഭങ്ങളേയും കുറിച്ച് ഇരുവിഭാഗവും ചർച്ച നടത്തി. വിയറ്റ്നാം ട്രേഡ് ഏജൻസി ഡയറക്ടർ എൻഗു യെൻ ക്വാങ്ങ് ട്രോംഗും മറ്റ് നിരവധി സർക്കാർ ഉദ്യോഗസ്ഥരും അടങ്ങുന്നതായിരുന്നു വിയറ്റ്നാമീസ് പ്രതിനിധി സംഘം. അജ്മാൻ ചേംബർ ഡയറക്ടർ ജനറൽ സലേം അൽ സുവൈദി, സ്റ്റഡീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെൻറ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ അലി റാഷിദ് അൽ കൈത്തൂബ് എന്നിവരടങ്ങുന്ന സംഘം പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തു.

അജ്മാനിൽ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്ന വിധത്തിലുള്ള പിന്തുണ, വിവിധ മേഖലകളിൽ വൈവിധ്യമാർന്ന നിക്ഷേപ അവസരങ്ങൾ ഉറപ്പാക്കൽ,  അജ്മാനിലും വിയറ്റ്നാമിലും ഉള്ള ബിസിനസ് കമ്മ്യൂണിറ്റികൾ തമ്മിൽ ഉള്ള പങ്കാളിത്തം സ്ഥാപിക്കൽ, വിവരങ്ങളും ഡാറ്റയും പരസ്പരം കൈമാറൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിലാണ് ഇരു രാഷ്ട്രങ്ങളിലെയും പ്രതിനിധികൾ ചർച്ച നടത്തിയത്. ചെറുകിട വ്യവസായം, കാർഷിക മേഖല, ടൂറിസം എന്നീ മേഖലകളിലുള്ള ശക്തമായ പങ്കാളിത്തം സാധ്യമാക്കുന്നതിന് ചർച്ച ഉപകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top