17 November Sunday

ജലനിരപ്പ്‌ 142 അടിയാക്കരുത്‌; പുതിയ അണക്കെട്ട്‌ നിർമ്മിക്കണം; മുല്ലപ്പെരിയാറിൽ കേരളം നിലപാടറിയിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

ന്യൂഡൽഹി> മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയാക്കരുതെന്നും തമി‌ഴ്‌നാട് തയ്യാറാക്കിയ റൂൾ കർവ് സ്വീകാര്യമല്ലെന്നും കേരളം സുപ്രീംകോടതിയിൽ നിലപാടറിയിച്ചു.  പ്രശ്നം ശാശ്വതമായിപരിഹരിക്കാൻ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നും കേരളം അറിയിച്ചിട്ടുണ്ട്. 30 ലക്ഷം ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകൾ മേൽനോട്ടസമിതി പരിഗണിച്ചില്ലെന്നും കേരളം വ്യക്‌തമാക്കി.  മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന മേൽനോട്ട സമിതി ശുപാർശയിലാണ്‌ നിലപാടറിയിച്ചത്‌.

ജലനിരപ്പ് ഉയർന്നാൽ പ്രതിസന്ധിയുണ്ടാവുമെന്നും ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്നുമാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത കോടതിയിൽ ചൂണ്ടിക്കാണിച്ചത്. അണക്കെട്ടിന്റെ സുരക്ഷ പ്രധാന വിഷയമെന്ന് ജസ്റ്റിസ് എ എം ഖാൻ വിൽക്കർ അധ്യക്ഷനായ ബഞ്ചും  നിരീക്ഷിച്ചിരുന്നു.

രണ്ട് പൊതുതാൽപര്യ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നുമാണ് സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹർജി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ചാണ് മറ്റൊരു ഹർജി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top