ലണ്ടൻ
അർജന്റീനയുടെ ലോകകപ്പ് താരം അലെക്‌സിസ് മക് അല്ലിസ്‌റ്റർ ലിവർപൂളിൽ. ബ്രൈറ്റണിൽനിന്നാണ് ലിവർപൂൾ ഈ മധ്യനിരക്കാരനെ കൂടാരത്തിലെത്തിച്ചത്. പത്തൊമ്പതുകാരൻ ജൂഡ് ബെല്ലിങ്‌ഹാമിനെ സ്‌പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഉടൻ ടീമിലെത്തിക്കും. അതിനിടെ മെസിക്കു പിന്നാലെ മറ്റൊരു അർജന്റീനൻ താരം എയ്‌ഞ്ചൽ ഡി മരിയയെയും ഇന്റർ മയാമി പരിഗണിക്കുന്നുണ്ട്. മുൻ ബാഴ്‌സലോണ താരം സെർജിയോ ബുസ്‌കെറ്റ്‌സും അമേരിക്കൻ ക്ലബ്ബിൽ ചേർന്നേക്കും.
അല്ലിസ്‌റ്ററെ 566 കോടി രൂപയ്‌ക്കാണ് ലിവർപൂൾ ബ്രൈറ്റണിൽനിന്ന് റാഞ്ചിയത്. അഞ്ചു വർഷത്തേക്കാണ് കരാർ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ ഈ സീസണിൽ ബ്രൈറ്റണെ ആറാമതെത്തിച്ചതിൽ നിർണായക സാന്നിധ്യമായിരുന്നു ഇരുപത്തിനാലുകാരൻ. ബ്രൈറ്റണിനായി 112 കളിയിൽ 20 ഗോളടിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത ബെല്ലിങ്‌ഹാമിനായി വമ്പൻ ക്ലബ്ബുകളായിരുന്നു രംഗത്ത്. റയൽ ഏകദേശം 1000 കോടി രൂപയ്‌ക്കടുത്താണ് ഈ മധ്യനിരക്കാരനായി മുടക്കുന്നത്. ആറു വർഷത്തേക്കാണ് കരാർ. യുവന്റസ് വിട്ട ഡി മരിയ ഇന്റർ മയാമിയിൽ പോകുമെന്നാണ് സൂചന. ബുസ്‌ക്വെറ്റ്‌സിന്റെ കാര്യത്തിലും ഏറെക്കുറെ തീരുമാനമായി. ബാഴ്‌സയിലെ സഹതാരമായിരുന്ന ലൂയിസ് സുവാരസിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..