മലപ്പുറം
ഇന്ത്യൻ ഫുട്ബോളിന്റെ പ്രതിരോധനിരയിലെ കരുത്തൻ അനസ് എടത്തൊടിക കളി മതിയാക്കി. ഇൻസ്‌റ്റഗ്രാം കുറിപ്പിലൂടെയാണ് മുപ്പത്തേഴുകാരൻ വിരമിക്കൽ പ്രഖ്യാപിച്ചത്. വിടപറയാൻ സമയമായെന്ന് അനസ് കുറിച്ചു. "മലപ്പുറത്തെ വയലേലകളിൽനിന്ന് രാജ്യത്തെ വിവിധ സ്റ്റേഡിയങ്ങളിലേക്കുള്ള യാത്ര സ്വപ്നസാക്ഷാൽക്കാരമായിരുന്നു. കാൽപ്പന്തിനോടുള്ള ഇഷ്ടവും ശുഭപ്രതീക്ഷയും മാത്രമായി, ഒന്നുമില്ലായ്‌മയിൽനിന്നാണ് ആരംഭിച്ചത്. സ്വന്തം നാടായ മലപ്പുറത്തുവച്ച് ഈ അധ്യായം അവസാനിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. പ്രതിസന്ധികളും വിജയങ്ങളും നിറഞ്ഞ യാത്രയിലെ പാഠങ്ങളാണ് എന്നെ ഞാനാക്കിയത്'.
വെള്ളിയാഴ്ച മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരളയിലാണ് അവസാനമായി കളിച്ചത്. തിരുവനന്തപുരം കൊമ്പൻസിനെതിരെ മലപ്പുറം എഫ്സിയുടെ ക്യാപ്റ്റനായിരുന്നു. കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശിയായ അനസ്, നാട്ടിൻപുറത്ത് പന്തുതട്ടിയാണ് വളർന്നത്. 2007ൽ മുംബൈ എഫ്സിക്കായി ഐ ലീഗിൽ അരങ്ങേറി. രണ്ടുവർഷം ഇവിടെ ക്യാപ്റ്റനുമായി. 2017ലാണ് ഇന്ത്യൻ ജേഴ്സി അണിയുന്നത്. 2018 ഇന്റർ കോണ്ടിനെന്റൽ കപ്പും 2019ലെ ത്രിരാഷ്ട്ര കപ്പും ജേതാക്കളായ ടീമിൽ അംഗമായി. 2019 ഏഷ്യൻ കപ്പിലും രാജ്യത്തിന്റെ പ്രതിരോധം കാത്തു. 21 തവണ ദേശീയകുപ്പായമിട്ടു. 2019ൽ രാജ്യാന്തര വേദി വിട്ടു.
ഐഎസ്എല്ലിൽ ഡൽഹി ഡൈനാമോസ്, ജംഷഡ്പുർ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, എടികെ തുടങ്ങിയ ക്ലബ്ബുകൾക്കായും പന്തുതട്ടി. കഴിഞ്ഞ സീസണിൽ ഗോകുലം കേരള താരമായിരുന്നു. പ്രതിസന്ധികളെ കഠിനാധ്വാനംകൊണ്ട് മറികടന്നായിരുന്നു അനസിന്റെ യാത്ര. പരേതരായ മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. സുലൈഖയാണ് ഭാര്യ. ഷസ്മിൻ, ഷഹ്ഷാദ് എന്നിവർ മക്കളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..