ബാഴ്‌സലോണ
വിരമിക്കലിനുപിന്നാലെ പരിശീലകനാകുമെന്ന് പ്രഖ്യാപിച്ച് സ്‌പാനിഷ് ഫുട്‌ബോൾ ഇതിഹാസം ആന്ദ്രെ ഇനിയേസ്റ്റ. ‘കളത്തിലുള്ള ചുമതല അവസാനിപ്പിക്കുന്നു. ഫുട്‌ബോൾ എന്റെ ജീവിതമാണ്. മാറിനിൽക്കാനാകില്ല. പുതിയ വേഷത്തിൽ ഈ ജീവിതം തുടരും’–-ഇനിയേസ്റ്റ പറഞ്ഞു. ബാഴ്‌സലോണയിൽ നടന്ന വിരമിക്കൽ ചടങ്ങിലാണ് നാൽപ്പതുകാരൻ മനസ്സ് തുറന്നത്. കഴിഞ്ഞയാഴ്‌ചയാണ് 24 വർഷത്തെ കളിജീവിതം അവസാനിപ്പിക്കുകയാണെന്ന് ഇനിയേസ്റ്റ അറിയിച്ചത്. ജേഴ്‌സി നമ്പറായ എട്ടിനോടുള്ള ഇഷ്ടത്താൽ ഔദ്യോഗികവിരമിക്കൽ ഒക്‌ടോബർ എട്ടിനാണെന്നും പ്രഖ്യാപിച്ചു.
സ്‌പെയ്‌നിനൊപ്പം 2010 ലോകകപ്പ് ഉൾപ്പെടെ 38 ട്രോഫികൾ നേടിയിട്ടുണ്ട് ഇനിയേസ്റ്റ. ഇതിൽ 29 എണ്ണവും ബാഴ്‌സലോണയ്‌ക്ക് ഒപ്പമായിരുന്നു. 22 വർഷമാണ് മധ്യനിരക്കാരൻ സ്‌പാനിഷ് ക്ലബ്ബിൽ ചെലവഴിച്ചത്. ജപ്പാൻ ക്ലബ് വിസെൽ കൊബെ, ദുബായ് ക്ലബ് എമിറേറ്റ് എന്നീ ടീമുകൾക്കായും പന്തുതട്ടി. ആകെ 756 കളിയിലിറങ്ങി. കൂടെ കളിച്ചതിൽ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഇനിയേസ്റ്റയെന്ന് ലയണൽ മെസി പറഞ്ഞു. ‘മാന്ത്രികനാണയാൾ. ഫുട്‌ബോളിൽ അദ്ദേഹത്തിന്റെ അഭാവം ശൂന്യത സൃഷ്ടിക്കും’–- അർജന്റീന ക്യാപ്‌റ്റൻ കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..