സിഡ്‌നി > ഇരുപത്താറ് ടെസ്‌റ്റുകളും 198 ഏകദിനവുമാണ് ആൻഡ്രൂ സൈമണ്ട്‌സ് ഓസ്‌ട്രേലിയക്കായി കളിച്ചിട്ടുള്ളത്. അതിലേറെ കളിക്കാനുള്ള പ്രതിഭയും കാലവും സൈമണ്ട്‌സിനുണ്ടായിരുന്നു. പക്ഷേ, അതിനൊരു ഇടർച്ചയുണ്ടായി. മറുപാതിയിൽ വിവാദങ്ങൾ സൈമണ്ട്‌സിന്റെ കളി ജീവിതത്തെ ചുരുക്കി.
ക്രിക്കറ്റിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ ഒതുങ്ങുന്നതായിരുന്നില്ല സൈമണ്ട്‌സിന്റെ സ്വഭാവം. ടീംയോഗം നടക്കുമ്പോഴാണ് ഒരു തവണ മീൻ പിടിക്കാൻപോയത്. മദ്യപിക്കില്ലെന്ന് ഉറപ്പുനൽകി, ദിവസങ്ങൾ കഴിയുംമുൻപാണ് പൊതു സ്ഥലത്തെ മദ്യപാനത്തിന് ടീമിൽനിന്ന് ഒഴിവാക്കുന്നത്. ‘ജീവിതമല്ല എനിക്ക് ക്രിക്കറ്റ്’ എന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ’ക്രിക്കറ്റ് ക്രിക്കറ്റും ജീവിതം ജീവിതവുമാണെന്ന് ഈ ഓൾ റൗണ്ടർ പറഞ്ഞു.
പക്ഷേ, ഏതിനും അപ്പുറത്ത് സൈമണ്ട്‌സിനെ ക്രിക്കറ്റ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് ‘മങ്കി ഗേറ്റ്’ വിവാദമാണ്. ആ സംഭവത്തിനുശേഷം സൈമണ്ട്‌സിന്റെ ക്രിക്കറ്റ് ജീവിതം തകർന്നുവെന്ന് അയാളെ സ്‌നേഹിക്കുന്നവർ വിശ്വസിക്കുന്നു. സൈമണ്ട്‌സ് ഇരയോ വില്ലനോ എന്ന് വേർതിരിക്കാനാവാത്ത വിധം അതിപ്പോഴും നിലനിൽക്കുന്നു. സ്‌നേഹിക്കുന്നവർക്ക് സൈമണ്ട്‌സ് വംശീയതയുടെ ഇരയാണ്. വിമർശകർക്ക് മുൻ ചെയ്‌തികളുടെ തുടർച്ചയും. യാഥാർഥ്യം രണ്ടിനുമിടയിൽ എവിടെയോ നിൽക്കുന്നു.
ഒരു കാര്യം സത്യമായിരുന്നു. 2007ൽ ഇന്ത്യയിൽ കളിക്കാനെത്തിയ സൈമണ്ട്‌സ് ആയിരുന്നില്ല തുടർന്നുള്ള കാലങ്ങളിൽ. വഡോദരയിൽ ഇന്ത്യയുമായുള്ള അഞ്ചാം ഏകദിനത്തിനിടെ കാണികൾ ഓസ്‌ട്രേലിയക്കാരനെ വംശീയമായി അധിക്ഷേപിച്ചു. ഒരുകൂട്ടം കാണികൾ ‘കുരങ്ങൻ’ എന്നുവിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. സിഡ്‌നി മോണിങ് ഹെറാൾഡ് പത്രത്തിൽ വാർത്തയുംവന്നു. എന്നാൽ അത്തരിൽ ഒരു വാക്കുപോലും ഉണ്ടായില്ലെന്നായിരുന്നു ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെയും പൊലീസിന്റെയും വാദം. ഇന്ത്യൻ ടീം ജയിക്കാനുള്ള ദൈവ സ്‌തുതികൾ മാത്രമാണ് അവിടെ കേട്ടതെന്നും അവർ അറിയിച്ചു.
മൂന്ന് മാസങ്ങൾക്കുശേഷമായിരുന്നു മങ്കിഗേറ്റ് വിവാദം. ഇന്ത്യൻ സ്‌പിന്നർ ഹർഭജൻ സിങ് സൈമണ്ട്‌സിനെ കുരങ്ങനെന്ന് വിളിച്ചുവെന്ന് ഓസീസ് താരങ്ങൾ പരാതിപ്പെട്ടു. ഹർഭജന് മൂന്ന് കളിയിൽ വിലക്കും ഏർപ്പെടുത്തി. തൊട്ടുമുൻപ് സൈമണ്ട്‌സിന്റെ ബാറ്റിൽ പന്ത് തട്ടിയിട്ടും അംപയർ ഔട്ട് വിളിക്കാത്തതിന്റെ നീരസം ഇന്ത്യൻ ടീമിനുണ്ടായിരുന്നു. അംപയർ സ്‌റ്റീവ് ബക്‌നെ അടുത്ത ടെസ്റ്റിൽനിന്ന് മാറ്റാൻ ഇന്ത്യ ഐസിസിയോ്ട് ആവശ്യപ്പെടുകയും ചെയ്‌തു. തുടർന്നായിരുന്നു ഈ വിവാദം.
ഹർഭജന്റെ വിലക്കുമാറ്റിയില്ലെങ്കിൽ പരമ്പരയിൽനിന്ന് പിന്മാറുമെന്ന് ബിസിസിഐ ഭീഷണിപ്പെടുത്തി. ക്രിക്കറ്റ് ഓസ്‌ട്രേലിയ വഴങ്ങി. സ്വന്തം കളിക്കാരുടെ ഭാഗത്ത് നിൽക്കാൻ അവർക്ക് കഴിഞ്ഞില്ല. അധിക്ഷേപം തെളിയിക്കാൻ മതിയായ രേഖകളില്ലെന്ന് പറഞ്ഞ് ഹർഭജന്റെ വിലക്ക് പിൻവലിക്കപ്പെട്ടു. സൈമണ്ട്‌സിന്റെ മനസിന് മുറിവേറ്റു. അതു പിന്നീടൊരിക്കലും ഉണങ്ങിയില്ല. ലോകത്തിന് മുന്നിൽ ഒരു മോശം മനുഷ്യനായെന്ന് സൈമണ്ട്‌സിന് തോന്നി. കളിക്കാർക്ക്‌തന്നെ ക്രിക്കറ്റ് ഓസ്‌ട്രേലിയയിൽ വിശ്വാസം നഷ്ടപ്പെട്ടു. അതിനുശേഷം വെറും ഒൻപത് ടെസ്‌റ്റിൽ മാത്രമാണ് സൈമണ്ട്‌സ് കളിച്ചത്. അന്നത്തെ ക്യാപ്‌റ്റൻ റിക്കി പോണ്ടിങ്ങ് പിന്നീട് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ വിമർശിച്ചിരുന്നു.
ക്രിക്കറ്റ് ഓസ്‌ട്രേലിയയും സൈമണ്ട്‌സും തമ്മിൽ തുടർന്ന് ഏറെ പ്രശ്‌നങ്ങളുണ്ടായി. ബംഗ്ലാദേശുമായുള്ള ഏകദിനത്തിന് മുൻപാണ് ടീം യോഗത്തിൽ പങ്കെടുക്കാത്തതിന് പുറത്താക്കുന്നത്. മീൻ പിടിക്കാൻ പോയെന്നായിരുന്നു വിശദീകരണം. പിന്നാലെ ന്യൂസിലൻഡ് ക്യാപ്‌റ്റൻ ബ്രണ്ടൻ മക്കല്ലത്തിനെ തെറിപറഞ്ഞതിന് മാപ്പ്‌പറയേണ്ടിവന്നു. 2009ൽ ഇംഗ്ലണ്ടിൽ നടന്ന ട്വന്റി‐20 ലോകകപ്പിന് മുൻപ് ബാറിൽവച്ച് മദ്യപിച്ചതിനും ടീമിൽനിന്ന് പുറത്താക്കി. അധികകാലം തുടർന്നില്ല. അമിത മദ്യപാനം സൈമണ്ട്‌സിന്റെ കളി ജീവിതത്തെ സാരമായി ബാധിച്ചു. പ്രതിഭ ധൂർത്തടിച്ചില്ലെങ്കിലും അത് പൂർണതയിൽ എത്തിയില്ലെന്നതായിരുന്നു സത്യം.
2003ലെ ഏകദിന ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ 143 റണ്ണുമായി പുറത്താകാതെനിന്ന ഇന്നിങ്‌സായിരുന്നു കളിയിലെ ഏറ്റവും മനോഹരമായ ഓർമ. 4‐86 എന്ന നിലയിൽ ഓസീസ് പതറുമ്പോഴായിരുന്നു ക്രീസിൽ എത്തിയത്. 2006‐07 ലെ ആഷസ് ടെസ്‌റ്റിലെ 156 റണ്ണും ഇതിനൊപ്പം ചേർത്തുവയ്‌ക്കാവുന്ന ഇന്നിങ്‌സാണ്. രണ്ട് ഏകദിന ലോകകപ്പിൽ പങ്കാളിയായി. കരുത്തുറ്റ ബാറ്റിങ് പ്രകടനത്തിനൊപ്പം പേസും സ്‌പിന്നുമെറിഞ്ഞ് വിക്കറ്റുകൾ നേടി.
ഓസ്‌ട്രേലിയൻ സുവർണ സംഘത്തിലെ ഒരു കണ്ണികൂടിയാണ് നഷ്ടമായത്. മാസങ്ങൾക്ക് മുൻപായിരുന്നു സ്‌പിൻ ഇതിഹാസം ഷെയ്‌ൻ വോണിന്റെ മരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..