05 November Tuesday

ആർച്ചയ്‌ക്ക്‌ ഇനി സ്വപ്‌നത്തിലേക്ക് അമ്പെയ്യാം ; 6.70 ലക്ഷം സർക്കാർ സഹായം

സ്വന്തം ലേഖികUpdated: Wednesday Aug 21, 2024

ആർച്ച രാജൻ അമ്പെയ്--ത്ത് പരിശീലനത്തിൽ


കണ്ണൂർ
ആർച്ചയ്‌ക്ക്‌ പതർച്ച വേണ്ട. ധൈര്യത്തോടെ സ്വപ്‌നത്തിലേക്ക് അമ്പ് പറത്താം. അവൾക്ക് കൂട്ടായി സർക്കാരുണ്ട്. ദേശീയതലത്തിൽ അമ്പെയ്‌ത്തിൽ കേരളത്തിനായി അഭിമാനനേട്ടം കൊയ്‌ത ആർച്ച രാജന്‌  ഇനിയും തിളങ്ങാനുള്ള പിന്തുണയാണ്‌ സംസ്ഥാന സർക്കാർ നൽകുന്നത്‌. അമ്പെയ്‌ത്ത്‌ ഉപകരണങ്ങൾ വാങ്ങാൻ പട്ടികവർഗ വികസനവകുപ്പുവഴി 6.70 ലക്ഷം രൂപ അനുവദിച്ചു. 2022ൽ അഹമ്മദാബാദിൽ നടന്ന ദേശീയ ഗെയിംസിലായിരുന്നു കൊട്ടിയൂർ പാൽച്ചുരം സ്വദേശിനി ആർച്ചയുടെ മിന്നുംപ്രകടനം. ഫൈനലിൽ മണിപ്പുരിനെ തോൽപ്പിച്ചാണ്‌ ആർച്ച ഉൾപ്പെടുന്ന കേരള വനിതാടീം സ്വർണമെഡൽ സ്വന്തമാക്കിയത്‌. പ്ലസ്‌ വൺ വിദ്യാർഥിയായിരിക്കെയാണ്‌ ഈ നേട്ടം. ആറുമാസംമുമ്പ്‌ സമർപ്പിച്ച അപേക്ഷയിലാണ്‌ സർക്കാർ തുക അനുവദിച്ചത്‌.

അമ്പെയ്‌ത്ത്‌ മുൻ ദേശീയതാരം പാൽച്ചുരത്തിലെ ഇ എ രാജന്റെയും ബിന്ദുവിന്റെ മകളാണ്‌. അനുജത്തി അർച്ചന. ചെറുപ്പംമുതൽ അച്ഛന്റെ ശിക്ഷണത്തിലാണ്‌ അമ്പെയ്‌ത്ത്‌ പഠിച്ചത്‌. അഞ്ചുവർഷം വയനാട്‌ സ്‌പോർട്‌സ്‌ കൗൺസിലിനുകീഴിലുള്ള ആർച്ചറി അക്കാദമിയിൽ പരിശീലനം നേടി. നിലവിൽ  എറണാകുളം മഹാരാജാസ്‌ കോളേജിൽ ബികോം ഒന്നാംവർഷ വിദ്യാർഥിനിയാണ്‌. അമ്പെയ്‌ത്ത്‌ ഉപകരണം വാങ്ങാനുള്ള സർക്കാർസഹായം മുന്നോട്ടുള്ള വഴിയിൽ വലിയ പ്രതീക്ഷയാണെന്ന്‌ ആർച്ച പറഞ്ഞു. ‘സാധാരണക്കാർക്ക്‌ താങ്ങാനാകുന്നതല്ല അമ്പെയ്‌ത്ത്‌ ഉപകരണങ്ങളുടെ വില. അതിനാൽ ഈ തുക വിദ്യാർഥിയായ എനിക്ക്‌ അത്രയും പ്രധാനമാണ്‌. അമ്പെയ്‌ത്തിനുള്ള വില്ലും അനുബന്ധ ഉപകരണങ്ങളും തുക ഉപയോഗിച്ച്‌ വാങ്ങും. സർക്കാരിന് നന്ദി’–-- ആർച്ച പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top