തിരുവനന്തപുരം
കാൽപ്പന്തിലെ ലോകചാമ്പ്യന്മാർ മലയാളമണ്ണിൽ പന്തുതട്ടാനിറങ്ങുമ്പോൾ കേരളമൊരു ആരവക്കടലാകും.ഹൃദയകവാടത്തിലൂടെ ലയണൽ മെസിയും സംഘവും ‘ദൈവത്തിന്റെ നാട്ടിലെ’ ഫുട്‌ബോൾ ‘ഭ്രാന്ത്’ അനുഭവിച്ചറിയും. അതിനായി അർജന്റീന ടീം സംസ്ഥാനത്ത് എത്തുമെന്ന് കായികമന്ത്രി വി അബ്‌ദുറഹിമാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്തവർഷം കൊച്ചിയായിരിക്കും വേദി. മെസിയും ലൗതാരോയും എമിലിയാനോ മാർട്ടിനെസും അടക്കമുള്ള സംഘത്തിന്റെയും വരവ് ആവേശത്തിനൊപ്പം കായികരംഗത്തെ കുതിപ്പിനും ഊർജം പകരും. കൂടുതൽ ചർച്ചകൾക്കായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ അധികൃതർ ജനുവരിയിൽ തിരുവനന്തപുരത്ത് എത്തും. ശേഷം സംയുക്ത പ്രഖ്യാപനം ഉണ്ടാകും. തീയതിയും അന്നറിയാം.
ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് മന്ത്രി മുമ്പ് സ്‌പെയ്‌നിൽ ചർച്ച നടത്തിയിരുന്നു. കേരളത്തിൽ അക്കാദമികൾ തുടങ്ങാനും പരിശീലകർക്ക് പരിശീലനം നൽകാനും അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ സഹായമുണ്ടാകും. കേരളത്തിന്റെ ഫുട്‌ബോൾ വളർച്ചയ്‌ക്ക് സഹായകമാകുന്ന സ്ഥിരം സഹകരണമാണ് വിഭാവനം ചെയ്യുന്നത്.
കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിൽ ഒരു ഏഷ്യൻ ടീമുമായി രണ്ട് കളിയാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. കേരള സ്‌പോർട്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിന്റെ ഭാഗമായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷനും വ്യാപാരി വ്യവസായി സംഘടനകളുമാണ് സ്‌പോൺസർമാരെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പുത്തനുണർവേകും : മുഖ്യമന്ത്രി
കേരളത്തിന്റെ കായിക സംസ്കാരത്തിനും കായിക മേഖലയ്ക്കും പുത്തനുണർവ് പകരാൻ അർജന്റീന ടീമിന്റെ സന്ദർശനത്തിനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫുട്ബോളിനെ ഹൃദയത്തോടു ചേർത്ത നാടാണ് കേരളം. ദേശരാഷ്ട്രങ്ങളുടെ അതിർവരമ്പുകളെല്ലാം ഭേദിച്ച് പടരുന്ന സ്നേഹമാണിത്. ലോകം അത്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിന്റെ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് അടുത്തവർഷം ലോക ചാമ്പ്യന്മാരായ അർജന്റീന ടീം നടത്തുന്ന കേരള സന്ദർശനം.ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസിയും ടീമിനൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസാധ്യമെന്ന് എഴുതിത്തള്ളിയ ഈ സമ്മാനം കേരളത്തിലെ കായിക പ്രേമികൾക്ക് നൽകാനായത് സംസ്ഥാന സർക്കാരിന്റെ നിരന്തര ഇടപെടലിലൂടെയാണ്.
ലോക സ്പോർട്സ് ഭൂപടത്തിൽ കേരളത്തിന്റെ പേര് ഉറക്കെ മുഴങ്ങിക്കേൾക്കുന്ന ഒരു നിമിഷമായിരിക്കുമത്. മെസ്സിക്കും കൂട്ടർക്കും ഊഷ്മളമായ വരവേൽപ്പ് സമ്മാനിക്കാൻ ആവേശപൂർവം ഒരുമിക്കാമെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..