കൊളംബോ
വനിതാ ഏഷ്യാകപ്പ് ട്വന്റി20 കിരീടം നിലനിർത്താനിറങ്ങിയ ഇന്ത്യയെ എട്ട് വിക്കറ്റിന് തകർത്ത് ആതിഥേയരായ ശ്രീലങ്ക കിരീടമുയർത്തി. കലാശക്കളിയിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 165 റണ്ണാണ് എടുത്തത്. ശ്രീലങ്ക 18.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
ഇന്ത്യക്കായി ഓപ്പണർ സ്‌മൃതി മന്ദാന (47 പന്തിൽ 60) തിളങ്ങി. ഒന്നാംവിക്കറ്റിൽ ഷഫാലി വർമയുമായി (16) ചേർന്ന് 44 റണ്ണിന്റെ മികച്ച തുടക്കം നൽകാനും സ്‌മൃതിക്കായി. തുടർന്നെത്തിയ ഉമ ചേത്രിയും (6), ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗറും (11) പെട്ടെന്ന് മടങ്ങിയത് ഇന്ത്യയെ ബാധിച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച ജമീയ റോഡ്രിഗസും (16 പന്തിൽ 29) റിച്ച ഘോഷുമാണ് (14 പന്തിൽ 30) പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. ശ്രീലങ്കയ്‌ക്കായി ഓൾറൗണ്ടർ കവിഷ ദിൽഹരി രണ്ട് വിക്കറ്റ് നേടി.
മറുപടിക്കിറങ്ങിയ ശ്രീലങ്കയുടെ തുടക്കം നന്നായില്ല. രണ്ടാംഓവറിൽ ഓപ്പണർ വിഷ്‌മി ഗുണരത്‌നെ (1) റണ്ണൗട്ടായി. രണ്ടാംവിക്കറ്റിൽ ക്യാപ്‌റ്റൻ ചമാരി അത്തപ്പത്തുവും (61) ഹർഷിത സമരവിക്രമയും (പുറത്താകാതെ 69) തകർത്തടിച്ചതോടെ ഇന്ത്യ പരാജയം മണത്തു. 87 റണ്ണിന്റെ കൂട്ടുകെട്ടുയർത്തിയാണ് സഖ്യം പിരിഞ്ഞത്. കവിഷ ദിൽഹരിയായിരുന്നു (പുറത്താകാതെ 30) വിജയനിമിഷത്തിൽ ഹർഷിതയ്‌ക്ക് കൂട്ട്. ഇന്ത്യക്കായി ദീപ്‌തി ശർമ ഒരു വിക്കറ്റ് നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..