തിരുവനന്തപുരം
ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച് മെഡലുകൾ നേടിയ മലയാളി താരങ്ങൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. സ്വർണ മെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയും വെള്ളി മെഡൽ ജേതാക്കൾക്ക് 19 ലക്ഷം രൂപയും വെങ്കല മെഡൽ നേടിയവർക്ക് 12.5 ലക്ഷം രൂപയും സമ്മാനമായി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
വ്യാഴാഴ്‌ച വൈകിട്ട് അഞ്ചരയ്‌ക്ക് മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ താരങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിക്കും.
നാല് സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലവുമടക്കം 12 മെഡലുകളാണ് മലയാളി താരങ്ങൾ സ്വന്തമാക്കിയത്. 400 മീറ്റർ റിലേയിൽ മുഹമ്മദ് അജ്മലും മുഹമ്മദ് അനസും ഹോക്കിയിൽ പി ആർ ശ്രീജേഷും ക്രിക്കറ്റിൽ മിന്നുമണിയുമാണ് സ്വർണം നേടിയത്.
എച്ച് എസ് പ്രണോയ്, എം ആർ അർജുൻ, മുഹമ്മദ് അഫ്‌സൽ, മുഹമ്മദ് അജ്മൽ, എം ശ്രീശങ്കർ, ആൻസി സോജൻ എന്നിവർ വെള്ളിയും പ്രണോയ്, ജിൻസൺ ജോൺസൺ എന്നിവർ വെങ്കലവും നേടി. ഏഷ്യൻ ഗെയിംസിലെ മലയാളി താരങ്ങളുടെ എക്കാലത്തേയും മികച്ച പ്രകടനമാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..