മാഡ്രിഡ്
ബാഴ്‌സലോണയ്‌ക്കും റയൽ മാഡ്രിഡിനും അപായസൂചന നൽകി അത്‌ലറ്റികോ മാഡ്രിഡ്. ഇരുടീമുകളും കണ്ണുനട്ട സ്‌പാനിഷ് ലീഗ് ഫുട്‌ബോൾ കിരീടത്തിലേക്ക് അത്‌ലറ്റികോയുടെ ഗംഭീര കടന്നുവരവ്. ഒന്നാമതുണ്ടായിരുന്ന ബാഴ്‌സലോണയെ അവരുടെ തട്ടകത്തിൽ 2–-1ന് തകർത്ത് പട്ടികയിൽ മുന്നിലെത്തി അത്‌ലറ്റികോ. അവസാന 12 കളിയും ജയിച്ചാണ് ദ്യേഗോ സിമിയോണിയുടെയും കൂട്ടരുടെയും അവിസ്‌മരണീയ കുതിപ്പ്. 2021ലാണ് അവസാനമായി അത്‌ലറ്റികോ സ്‌പാനിഷ് ലീഗ് ചൂടിയത്. 18 കളിയിൽ 41 പോയിന്റാണ്. രണ്ടാമതുള്ള ബാഴ്‌സയ്‌ക്ക് 19ൽ 38. മൂന്നാമതുള്ള നിലവിലെ ജേതാക്കളായ റയലിന് 17 കളിയിൽ 37.
ബാഴ്‌സയ്‌ക്കെതിരെ പിന്നിട്ടുനിന്നശേഷമാണ് അത്‌ലറ്റികോ ജയംപിടിച്ചത്. പെഡ്രിയിലൂടെ മുപ്പതാംമിനിറ്റിൽ ബാഴ്‌സ കരുത്തുകാട്ടി. ആദ്യപകുതി പരുങ്ങിയ സന്ദർശകർ രണ്ടാംപകുതി അടങ്ങിയിരുന്നില്ല. റോഡ്രിഗോ ഡി പോൾ സമനില സമ്മാനിച്ചു. പരിക്കുസമയം പകരക്കാരൻ അലക്‌സാണ്ടർ സോർലോത് വിജയഗോളും കുറിച്ചു. അത്‌ലറ്റികോയെക്കാൾ പന്തിൽ ആധിപത്യമുണ്ടായിട്ടും കൂടുതൽ ഷോട്ടുതിർത്തിട്ടും കാര്യമുണ്ടായില്ല. ആകെ 26 ഷോട്ടുകളാണവർ പായിച്ചത്. ഇതിൽ ഏഴും ലക്ഷ്യത്തിലേക്കായിരുന്നു. അത്‌ലറ്റികോയാകട്ടെ ആകെ ഒമ്പതിൽ ഒതുങ്ങി.
സ്വന്തം തട്ടകത്തിൽ അവസാന മൂന്നു കളിയും തോറ്റു ബാഴ്‌സ. ലീഗിൽ കഴിഞ്ഞ അഞ്ചു കളിയിൽ ഒന്നിൽമാത്രമാണ് അവർക്ക് ജയിക്കാനായത്. തുടക്കം അജയ്യരായി കുതിച്ചശേഷമാണ് ഹാൻസി ഫ്ലിക്കിന്റെ ടീമിന്റെ മോശം പ്രകടനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..