06 November Wednesday

അവാനി ലെഖര ; ‘തിര’ക്കഥയായ ആത്മകഥ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

image credit Avani Lekhara facebook


പാരിസ്‌
ഒരു ആത്മകഥയായിരുന്നു അവാനി ലെഖരയുടെ ‘തിര‘ക്കഥയ്‌ക്ക്‌ പിന്നിൽ. കാറപകടത്തിൽ ശരീരവും മനസും തളർന്ന നിമിഷം. അവൾക്ക്‌  മുന്നിലേക്ക്‌ ഒരു ദിവസം  ഇന്ത്യയുടെ ഷൂട്ടിങ്‌ ഒളിമ്പിക്‌ ചാമ്പ്യൻ അഭിനവ്‌ ബിന്ദ്രയുടെ ആത്മകഥയുമായി അച്ഛൻ പ്രവീൺകുമാർ ലെഖ്‌ര എത്തി. ആ പുസ്‌തകം അവളുടെ ജീവിതം മാറ്റിമറിച്ചു. തോക്കിൽ തിര നിറച്ചു. ഒടുവിൽ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനമുയർത്തി പൊന്നണിഞ്ഞു.

പതിനൊന്നാംവയസ്സിൽ ചക്രക്കസേരയിലായതാണ്‌. അതുവരെ ഓടിച്ചാടി നടന്ന പെൺകുട്ടി ഒറ്റനിമിഷംകൊണ്ട്‌ കിടപ്പിലായി. നട്ടെല്ലിന്‌ ഗുരുതര പരിക്കായിരുന്നു. അരയ്‌ക്കുതാഴെ തളർന്നു. ഇനി എഴുന്നേറ്റുനടക്കുന്നത്‌ സ്വപ്നം കാണേണ്ട എന്ന്‌ ഡോക്ടർമാർ ഉറപ്പിച്ചുപറഞ്ഞു. സഹായമില്ലാതെ ഒരടി നീങ്ങാനാകില്ല. എല്ലാം അവസാനിച്ചെന്ന്‌ കരുതിയ മകളുടെ ജീവിതത്തിൽ അച്ഛൻ പ്രവീൺകുമാർ വെളിച്ചമായി. സ്വപ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന്‌ അച്ഛൻ മകളെ ഓർമിപ്പിച്ചു. അവിടെ ഒളിമ്പിക്‌ ചാമ്പ്യൻ ജനിക്കുകയായിരുന്നു. തുടർച്ചയായി രണ്ടാംതവണയാണ്‌ ഷൂട്ടിങ്ങിൽ സ്വർണം നേടുന്നത്‌.

രാജസ്ഥാനിലെ ജയ്‌പുരിൽനിന്നാണ്‌ വരുന്നത്‌. ചക്രക്കസേരയിലിരുന്ന്‌ ജീവിതം തിരിച്ചുപിടിച്ച കഥയാണ്‌ അവളുടേത്‌. 2015ൽ ഷൂട്ടിങ്‌ റേഞ്ചിൽ എത്തിയ അവാനിക്ക്‌ പിന്നീട്‌ തിരിഞ്ഞുനോട്ടമുണ്ടായില്ല. സ്വർണം വെടിവച്ചിടുന്നത്‌ ശീലമാക്കി. 19–-ാംവയസ്സിൽ ആദ്യ പാരാലിമ്പിക്‌സിൽ ടോക്യോയിൽ ഗെയിംസ്‌ റെക്കോഡോടെ ചാമ്പ്യനായി. നാലുവർഷങ്ങൾക്കിപ്പുറം മികവ്‌ ആവർത്തിച്ചു. രണ്ട്‌ നേട്ടവും ഒരു ആഗസ്‌ത്‌ 30ന്‌ എന്ന പ്രത്യേകതയുമുണ്ട്‌. രാജ്യത്തെ പരമോന്നത കായികപുരസ്‌കാരമായ ഖേൽരത്ന നേടിയിട്ടുണ്ട്‌. 2022ൽ പത്മശ്രീ പുരസ്‌കാരവും സ്വന്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top