21 December Saturday
19 മാസം ഒറ്റ തോൽവി , കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി ഇംഗ്ലീഷ് പ്രീമിയർ ലീഗ്

റോഡ്രിയെന്ന വിജയയന്ത്രം ; മികച്ച പുരുഷ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

അയ്താന ബൊൻമാറ്റിയും റോഡ്രിയും ബാലൻ ഡി ഓർ പുരസ്കാരവുമായി


പാരിസ്‌
കഴിഞ്ഞ 19 മാസത്തിനിടെ ഒരുതവണ മാത്രമാണ്‌ റോഡ്രി തോറ്റിട്ടുള്ളത്‌. മാഞ്ചസ്‌റ്റർ സിറ്റിക്കും സ്‌പെയ്‌നിനുമായി  63 മത്സരങ്ങളിൽ ഈ കാലയളവിൽ ഇറങ്ങി. ഇതിനിടെ ചാമ്പ്യൻസ്‌ ലീഗ്‌, രണ്ട്‌ പ്രീമിയർ ലീഗ്‌ കിരീടങ്ങൾ, എഫ്‌എ കപ്പ്‌, യുവേഫ സൂപ്പർ കപ്പ്‌, ക്ലബ് ലോകകപ്പ്‌, നേഷൻസ്‌ ലീഗ്‌, യൂറോ കപ്പ്‌ എന്നിവ നേടാനായി ഇരുപത്തെട്ടുകാരന്‌. കഴിഞ്ഞസീസണിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം ആ നേട്ടങ്ങൾക്കെല്ലാമുള്ള അടിവരയായി. ഈ സീസണിൽ പരിക്കുകാരണം കളിക്കാനാകില്ല.  ഊന്നുവടിയുടെ സഹായത്താലാണ്‌ റോഡ്രി പാരിസിലെ ബാലൻ ഡി ഓർ വേദിയിലെത്തിയത്‌.

റയൽ മാഡ്രിഡിന്റെ വിനീഷ്യസ്‌ ജൂനിയറായിരുന്നു അവസാനനിമിഷംവരെ പട്ടികയിൽ മുന്നിൽ. എന്നാൽ, യൂറോ നേട്ടം റോഡ്രിക്ക്‌ തുണയായി. ഫ്രഞ്ച്‌ ഫുട്‌ബോളാണ്‌ പുരസ്‌കാരം നൽകുന്നത്‌. ഫിഫ റാങ്കിങ്‌ പട്ടികയിൽ ആദ്യ നൂറിലുള്ള രാജ്യങ്ങളിലെ മാധ്യമപ്രവർത്തകർ ചേർന്നാണ്‌ ജേതാക്കളെ തെരഞ്ഞെടുക്കുക. മുൻവർഷങ്ങളിൽ ജേതാവിന്റെ ചടങ്ങിന്‌ ദിവസങ്ങൾക്കുമുമ്പുതന്നെ പുറത്തുവിടാറുണ്ടായിരുന്നു. ഇക്കുറി വിനീഷ്യസ്‌ പാരിസിലേക്ക്‌ പുറപ്പെട്ടില്ല എന്നറിഞ്ഞപ്പോഴായിരുന്നു റോഡ്രിയുടെ പേര്‌ ഉറപ്പിച്ചത്‌. വിനീഷ്യസ്‌ രണ്ടാമനായി. റയലിൽ വിനീഷ്യസിന്റെ സഹതാരം ജൂഡ്‌ ബെല്ലിങ്‌ഹാം മൂന്നാമത്‌. നാലാംസ്ഥാനം മറ്റൊരു റയൽ താരം ഡാനി കർവഹാലിന്‌. സിറ്റിയുടെ എർലിങ്‌ ഹാലണ്ട്‌ അഞ്ചാമതും റയലിന്റെ ഫ്രഞ്ച്‌ സൂപ്പർതാരം കിലിയൻ എംബാപ്പെ ആറാമതുമായി.

സിറ്റിക്ക്‌ ആദ്യമായാണ്‌ ഈ പുരസ്‌കാരം. 1960നുശേഷം ജേതാവാകുന്ന ആദ്യ സ്‌പാനിഷ്‌ താരവുമായി. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽനിന്ന്‌ 2008ൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോയാണ്‌ ഇതിനുമുമ്പ്‌ പുരസ്‌കാരം സ്വന്തമാക്കിയത്‌. കഴിഞ്ഞസീസണിൽ സിറ്റിക്കായി പ്രീമിയർ ലീഗും സ്‌പാനിഷ്‌ കുപ്പായത്തിൽ യൂറോയും സ്വന്തമാക്കി. യൂറോയിലെ മികച്ച താരവുമായി.

2019ലാണ്‌ റോഡ്രി സിറ്റിയിലെത്തിയത്‌. ആദ്യ സീസണിൽ ഈ ഹോൾഡിങ്‌ മിഡ്‌ഫീൽഡർക്ക്‌ തിളങ്ങാനായില്ല. തുടർന്ന്‌ സിറ്റിയുടെ മധ്യനിരയിൽ സ്‌പാനിഷുകാരൻ നിറഞ്ഞു. 2023ലെ ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനലിൽ ഇന്റർ മിലാനെതിരെ സിറ്റിയുടെ വിജയഗോൾ തൊടുത്തത്‌ റോഡ്രിയായിരുന്നു. ഇതിനിടെ മേയിൽ നടന്ന എഫ്‌എ കപ്പ്‌ ഫൈനലിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിനെതിരെ മാത്രമാണ്‌ റോഡ്രി തോൽവിയറിഞ്ഞത്‌.

വനിതകളിൽ അയ്‌താന ബൊൻമാറ്റിക്ക്‌ വെല്ലുവിളികളുണ്ടായില്ല. ബാഴ്‌സലോണയ്‌ക്കുവേണ്ടി സ്‌പാനിഷ്‌ ലീഗ്‌, ചാമ്പ്യൻസ്‌ ലീഗ്‌, സൂപ്പർ കോപ തുടങ്ങി നാല്‌ കിരീടങ്ങൾ നേടി. 19 ഗോളടിച്ചു. തുടർച്ചയായ രണ്ടാംതവണയാണ്‌ സ്‌പാനിഷുകാരിയുടെ നേട്ടം. ബാഴ്‌സയുടെതന്നെ നോർവെക്കാരി കരോളിൻ ഗ്രഹാം ഹാൻസെൻ ആണ്‌ രണ്ടാമത്‌. ബാഴ്‌സയുടെ മറ്റൊരു സ്‌പാനിഷ്‌ താരം സൽമ പറല്ലുയേലോ മൂന്നാംസ്ഥാനം സ്വന്തമാക്കി.

ബാലൻ ഡി ഓർ
പുരുഷതാരം: റോഡ്രി (സ്‌പെയ്‌ൻ, മാഞ്ചസ്റ്റർ സിറ്റി)
വനിതാതാരം: അയ്‌താന ബൊൻമാറ്റി (സ്‌പെയ്‌ൻ, ബാഴ്‌സലോണ)
പുരുഷ പരിശീലകൻ: 
ആൻസെലോട്ടി  (റയൽ )
വനിതാപരിശീലക: എമ്മ ഹയേസ്‌ (അമേരിക്ക)
മികച്ച ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനെസ്‌ (അർജന്റീന, 
ആസ്‌റ്റൺ വില്ല)
പുരുഷ ക്ലബ്‌: റയൽ
വനിതാക്ലബ്‌: ബാഴ്‌സ
ഗോളടിക്കാർ: ഹാരി കെയ്‌ൻ, കിലിയൻ എംബാപ്പെ (52 ഗോൾവീതം)
യുവതാരം: ലമീൻ യമാൽ (സ്‌പെയ്‌ൻ, ബാഴ്‌സ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top