പാരിസ്
ബാലൻ ഡി ഓറിൽ മികച്ച ക്ലബ്ബായി തെരഞ്ഞെടുക്കപ്പെട്ടത് റയൽ മാഡ്രിഡിനെയായിരുന്നു. എന്നാൽ, റയലിൽനിന്ന് ആരും പാരിസിലെ ചടങ്ങിനെത്തിയില്ല. മുന്നേറ്റക്കാരൻ വിനീഷ്യസ് ജൂനിയറിന് ബാലൻ ഡി ഓർ നൽകാത്തതിന്റെ പ്രതിഷേധമായിരുന്നു റയലിന്. ബാലൻ ഡി ഓറും യുവേഫയും ഞങ്ങളെ ബഹുമാനിക്കുന്നില്ല. ഇത് അപമാനകരമാണ്–- റയൽ വ്യക്തമാക്കി. വിനീഷ്യസിന് പിന്തുണയുമായി നിരവധി കളിക്കാരും രംഗത്തുവന്നു. റയലിന്റെ കാർലോ ആൻസെലോട്ടിയായിരുന്നു മികച്ച പരിശീലകൻ. കിലിയൻ എംബാപ്പെ മികച്ച ഗോളടിക്കാരനുള്ള പുരസ്‌കാരവും പങ്കിട്ടു. എന്നാൽ, ഇരുവരും ചടങ്ങിനെത്തിയില്ല.
ഇരുപത്തിനാലുകാരനായ വിനീഷ്യസ് ഇക്കുറി ജേതാവാകുമെന്നായിരുന്നു വിലയിരുത്തൽ. ചാമ്പ്യൻസ് ലീഗും സ്‌പാനിഷ് ലീഗും ഈ ബ്രസീലുകാരന്റെ മിടുക്കിലാണ് റയൽ സ്വന്തമാക്കിയത്. അതേസമയം, കോപ അമേരിക്കയിൽ ബ്രസീലിനായി തിളങ്ങാനായില്ല.മറ്റൊരു താരം ഡാനി കർവഹാലിനെയും തഴഞ്ഞതിലും റയലിന് അമർഷമുണ്ട്. റോഡ്രിക്ക് കിട്ടിയ മാനദണ്ഡപ്രകാരം കർവഹാലും അർഹനാണെന്ന് ക്ലബ് പറഞ്ഞു. ചാമ്പ്യൻസ് ലീഗ്, സ്‌പാനിഷ് ലീഗ്, യൂറോ എന്നിവ സ്‌പാനിഷുകാരൻ നേടിയിരുന്നു.
സ്‌പാനിഷ് ലീഗിൽ ഏറ്റവും കൂടുതൽ വംശീയാധിക്ഷേപം നേരിടുന്ന കളിക്കാരനാണ് വിനീഷ്യസ്. ഇതിനെതിരെ ബ്രസീലുകാരൻ ശക്തമായി രംഗത്തുവരികയും ചെയ്‌തിരുന്നു. കഴിഞ്ഞസീസണിൽ 49 കളിയിൽ 26 ഗോളാണ് നേടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..