കോഴിക്കോട്
കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലെ ഞായറാഴ്‌ചത്തെ സായാഹ്നം ഫുട്‌ബോൾ ലഹരിയിലായിരുന്നു. തിമിർത്തുപെയ്‌ത മഴയിലും ആവേശം കെട്ടില്ല. കലിക്കറ്റ് എഫ്‌സി ടീമിന്റെ പ്രഖ്യാപനം നാട് ഹൃദയത്തിലേറ്റുവാങ്ങി.
ക്യാപ്റ്റൻ ജിജോ ജോസഫിനുകീഴിൽ ടീം അണിനിരന്നു. പാപെ ഡികിറ്റെ, കെർവെൻസ് ബെൽഫോർട്ട്, ഏണസ്റ്റോ ബാർഫോ, റിച്ചാർഡ് ഓസെ, ഒലൻസി എന്നിവരാണ് വിദേശതാരങ്ങൾ. വിശാൽ ജോൺ, ബ്രിട്ടോ, സഞ്ജീവ് ഷാ, അവിറാം, വി അർജുൻ, മുഹമ്മദ് അഷ്റഫ്, മുഹമ്മദ് അസ്ലം, ഡെയ്ൻ സജു, മുഹമ്മദ് നിഷാദ്, മുഹമ്മദ് നിയാസ്‍, റിജോൺ ജോസ്, മുഹമ്മദ് റിയാസ്‍, റോഷൻ ഗിഗി, പി എ ഹാഫിസ്‍, മുഹമ്മദ് സലീം, ജെയിംസ്, അബ്ദുൽ ഹക്കു, താഹിർ സമാൻ, ഗനി, മനോജ് എന്നിവർ മറ്റു താരങ്ങൾ. ഇയാൻ ആൻഡ്രൂ ഗിലാനാണ് മുഖ്യപരിശീലകൻ. ബിബി തോമസ് മുട്ടത്താണ് സഹപരിശീലകൻ.
സൂപ്പർ ലീഗ് കേരളയ്--ക്ക് ഏഴിന് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തുടക്കമാകും. സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ 10ന് തിരുവനന്തപുരം കൊമ്പൻസിനെതിരെയാണ് കലിക്കറ്റിന്റെ ആദ്യ കളി. കമന്റേറ്റർ ഷൈജു ദാമോദരൻ ടീമിനെ അവതരിപ്പിച്ചു. എംപിമാരായ അബ്ദുൽ വഹാബ്, ഷാഫി പറമ്പിൽ, അഹമ്മദ് ദേവർകോവിൽ എംഎൽഎ, ടീം ഫ്രാഞ്ചൈസി ഉടമ വി കെ മാത്യൂസ്, കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ തുടങ്ങിയവർ സംസാരിച്ചു.
സൂപ്പർ ലീഗ് കേരള ; 99 രൂപയ്‌ക്ക് കളി കാണാം
സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ഉദ്‌ഘാടനമത്സരം 99 രൂപയ്‌ക്ക് കാണാം. ശനിയാഴ്‌ച കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് പ്രഥമ സൂപ്പർ ലീഗിന് തുടക്കമാകുന്നത്. രാത്രി എട്ടിന് ഫോഴ്‌സ കൊച്ചിയും മലപ്പുറം എഫ്‌സിയും ഏറ്റുമുട്ടും. ആറരമുതൽ ഉദ്‌ഘാടനച്ചടങ്ങുകൾ ആരംഭിക്കും. 129, 149, 199, 249, 499, 2999 രൂപയ്‌ക്കും ടിക്കറ്റുകളുണ്ട്. പേടിഎം വഴി ബുക്ക് ചെയ്യാം (https://insider.in). മത്സരദിവസം സ്‌റ്റേഡിയത്തിലും ടിക്കറ്റ് ലഭിക്കും. ആറു ടീമുകൾ അണിനിരക്കുന്ന ലീഗിന്റെ ഫൈനൽ നവംബർ പത്തിനാണ്. ആകെ 33 മത്സരങ്ങളാണുള്ളത്. സ്റ്റാർ സ്‌പോർട്‌സിലും ഹോട്‌സ്റ്റാറിലും തത്സമയം കാണാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..