22 November Friday

ഷൂട്ടൗട്ടിൽ ഉറുഗ്വേ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024
നോർത്ത്‌ കരോളിന
ഷൂട്ടൗട്ടുവരെ വിറപ്പിച്ച ക്യാനഡയെ മറികടന്ന്‌ ഉറുഗ്വേ കോപ അമേരിക്ക ഫുട്‌ബോളിൽ മൂന്നാംസ്ഥാനവുമായി മടങ്ങി. പെനൽറ്റി നിർണയത്തിൽ 4–-3നാണ്‌ ജയം. ക്യാനഡയുടെ ഇസ്‌മയേൽ കൊനെയുടെ കിക്ക്‌ തടഞ്ഞ്‌ ഗോൾകീപ്പർ സെർജിയോ റോച്ചെറ്റ്‌ വിജയശിൽപ്പിയായി. മറ്റൊന്ന്‌ അൽഫോൻസോ ഡേവിയസിന്‌ പിഴയ്‌ക്കുകയും ചെയ്‌തു.

നിശ്ചിതസമയം ഇരുടീമുകളും 2–-2ന്‌ തുല്യരായിരുന്നു. പിന്നിട്ടുനിന്ന ഉറുഗ്വേയെ പകരക്കാരനായെത്തി പരിക്കുസമയം ലൂയിസ്‌ സുവാരസാണ്‌ ഒപ്പമെത്തിച്ചത്‌. ഇതോടെ കളി ഷൂട്ടൗട്ടിലേക്ക്‌ നീണ്ടു. ഷൂട്ടൗട്ടിലും ഈ മുപ്പത്തേഴുകാരൻ നിറയൊഴിച്ചു. സെമിയിൽ ഉറുഗ്വേ കൊളംബിയയോടും ക്യാനഡ അർജന്റീനയോടുമാണ്‌ തോറ്റത്‌.
+
നവാഗതരായ ക്യാനഡയ്‌ക്കെതിരെ തകർപ്പൻ തുടക്കമായിരുന്നു ഉറുഗ്വേക്ക്‌. എട്ടാം മിനിറ്റിൽ റോഡ്രിഗോ ബെന്റാൻകറിലൂടെ മുന്നിലെത്തി. എന്നാൽ, ഇത്‌ മുതലാക്കാനായില്ല. പ്രതിരോധത്തിൽ വിള്ളലുണ്ടായി. ക്യാനഡ കടുത്ത ആക്രമണം നടത്തിയതോടെ പതറി. ഇസ്‌മയേൽ അവർക്ക്‌ സമനില സമ്മാനിച്ചു. രണ്ടാംപകുതിയിലും ക്യാനഡ തുടർന്നു. നിരന്തരമുള്ള മുന്നേറ്റത്തിലൂടെ കളംവാണു. 80–-ാംമിനിറ്റിൽ പരിചയസമ്പന്നനായ ജൊനാതൻ ഡേവിഡ്‌ ലീഡ്‌ നൽകി.

ഡാർവിൻ ന്യൂനെസിന്‌ പകരമാണ്‌ സുവാരസ്‌ എത്തിയത്‌. ക്യാനഡ ജയമുറപ്പിച്ചപ്പോൾ പരിക്കുസമയത്താണ്‌ സുവാരസ്‌ ഉറുഗ്വേയുടെ രണ്ടാംഗോൾ നേടിയത്‌. ഇതോടെ കളി ഷൂട്ടൗട്ടിലേക്ക്‌. ഫെഡെറികോ വാൽവെർദെ, ബെന്റാൻകർ, ജോർജിയൻ ഡി അറസ്‌കാടിയ, സുവാരസ്‌ എന്നിവരാണ്‌ ഉറുഗ്വേക്കായി ലക്ഷ്യംകണ്ടത്‌. ജൊനാതൻ, മൊയിസെ ബൊംബിറ്റോ എന്നിവരാണ്‌ ക്യാനഡയുടെ കിക്ക്‌ വലയിൽ എത്തിച്ചത്‌. തോറ്റെങ്കിലും അരങ്ങേറ്റക്കാരായ ക്യാനഡ തലയുയർത്തിയാണ്‌ മടങ്ങുന്നത്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top