മൊണാകോ
പതിനെട്ടുകാരൻ ജോർജ് ലെനികേന ബാഴ്‌സലോണയെ തീർത്തു. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ മൊണാകോ ബാഴ്‌സയെ കീഴടക്കി (2–-1). പകരക്കാരനായെത്തി 71–-ാം മിനിറ്റിലാണ് നൈജീരിയക്കാരനായ ലെനികേന വിജയഗോൾ കുറിച്ചത്. പത്താംമിനിറ്റിൽ പ്രതിരോധക്കാരൻ എറിക് ഗാർഷ്യ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയശേഷം പത്തുപേരുമായാണ് ബാഴ്‌സ കളിച്ചത്. മാഗ്‌നെസ് അക്ലിയൗചെയിലൂടെ ആതിഥേയരാണ് ലീഡെടുത്തത്. തകർപ്പൻ ഫോം തുടരുന്ന ലമീൻ യമാൽ ബാഴ്‌സയ്‌ക്കായി സമനില പിടിച്ചു. ഇടവേളയ്‌ക്കുശേഷമായിരുന്നു ലെനികേന എത്തിയത്.
മറ്റൊരു മത്സരത്തിൽ അഴ്‌സണൽ അറ്റ്‌ലാന്റയുമായി ഗോളടിക്കാതെ പിരിഞ്ഞു. എതിർതട്ടകത്തിൽ അഴ്‌സണൽ ശരിക്കും വിയർത്തു. ഗോൾകീപ്പർ ഡേവിഡ് റയയുടെ രക്ഷപ്പെടുത്തലാണ് സമനില നൽകിയത്. 51–-ാംമിനിറ്റിൽ അറ്റ്‌ലാന്റയുടെ മാറ്റിയോ റെറ്റെഗുയിയുടെ പെനൽറ്റി തടഞ്ഞ സ്‌പാനിഷുകാരൻ പിന്നാലെയുള്ള റീബൗണ്ടും തട്ടിയകറ്റി. അത്‌ലറ്റികോ മാഡ്രിഡ് 2–-1ന് ആർബി ലെയ്‌പ്‌സിഗിനെ മറികടന്നു. 90–-ാം മിനിറ്റിൽ പ്രതിരോധക്കാരൻ ഹൊസെ മരിയ ഗിമെനെസാണ് വിജയഗോൾ നേടിയത്. മറ്റൊന്ന് ഒൺടോയ്‌ൻ ഗ്രീസ്‌മാൻ നേടി. ലെയ്‌പ്‌സിഗിനായി ബെഞ്ചമിൻ സെസ്‌കോ തൊടുത്തു. ലീഗിൽ 36 ടീമുകളും ആദ്യറൗണ്ട് മത്സരം പൂർത്തിയാക്കി. ഒക്‌ടോബർ ഒന്നിനാണ് അടുത്ത റൗണ്ട് കളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..