24 December Tuesday

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ; പിഎസ്‌ജിയെ 
തകർത്ത്‌ 
അഴ്‌സണൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024


ലണ്ടൻ
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിലെ സൂപ്പർ പോരിൽ പിഎസ്‌ജിയെ കശക്കി അഴ്‌സണൽ. സ്വന്തംതട്ടകത്ത്‌ രണ്ട്‌ ഗോളിനാണ്‌ പീരങ്കിപ്പടയുടെ ജയം. കയ്‌ ഹവേർട്‌സും ബുകായോ സാക്കയുമാണ്‌ ലക്ഷ്യം കണ്ടത്‌. ആദ്യപകുതിയിലായിരുന്നു രണ്ട്‌ ഗോളും. മത്സരത്തിൽ പന്ത്‌ കൂടുതൽനേരം നിയന്ത്രണത്തിൽവച്ചിട്ടും പിഎസ്‌ജിക്ക്‌ ഗോളടിക്കാനായില്ല. മുന്നേറ്റനിര വാടി. മികച്ച സ്‌ട്രൈക്കറുടെ അഭാവം നിഴലിച്ചു.

ബാഴ്‌സലോണ സ്വന്തംതട്ടകത്തിൽ സ്വിറ്റ്‌സർലൻഡ്‌ ക്ലബ്‌ യങ്‌ ബോയ്സിനെ അഞ്ച്‌ ഗോളിന്‌ തകർത്തുവിട്ടു. സ്‌പാനിഷ്‌ ലീഗിലെ അവസാനമത്സരത്തിൽ ഒസാസുനയോട്‌ തോറ്റ ബാഴ്‌സയായിരുന്നില്ല ഇത്തവണ. തുടക്കംമുതൽ കത്തിക്കയറി. സൂപ്പർതാരവും മുന്നേറ്റക്കാരനുമായ റോബർട്ട്‌ ലെവൻഡോവ്‌സ്‌കി ഇരട്ടഗോളുമായി നയിച്ചു. റാഫീന്യ, ഇനിഗോ മാർട്ടിനെസ്‌ എന്നിവരും വലകുലുക്കി. മറ്റൊന്ന്‌ മുഹമ്മദലി കമാരയുടെ പിഴവിൽനിന്നാണ്‌. മുൻചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി സ്ലോവാക്യൻ ടീം സ്ലോവാൻ ബ്രാറ്റിസ്‌ലവയെ 4–-0ന്‌ മുക്കി. ഇകായ്‌ ഗുൺഡോഗൻ, ഫിൽ ഫൊദെൻ, എർലിങ്‌ ഹാലണ്ട്‌, ജയിംസ്‌ മകാറ്റി എന്നിവർ ഗോളടിച്ചു.

മറ്റൊരു കരുത്തരുടെ ബലപരീക്ഷണത്തിൽ എസി മിലാൻ ബയേർ ലെവർകൂസനോട്‌ ഒറ്റഗോളിന്‌ തോറ്റു. ഇടവേളയ്‌ക്കുശേഷം വിക്ടർ ബൊനിഫാസെയാണ്‌ ആതിഥേയരുടെ വിജയഗോൾ കുറിച്ചത്‌. എന്നാൽ, മറ്റൊരു ഇറ്റാലിയൻ ടീമായ ഇന്റർ മിലാൻ തകർപ്പൻ ജയം നേടി. സെർബിയൻ ക്ലബ്‌ കെർവ്‌ന വെസ്‌ദയെ നാല്‌ ഗോളിനാണ്‌ തോൽപ്പിച്ചത്‌. ഹകാൻ കലാൻഗോലു, മാർകോ അർണൗടോവിച്ച്‌, ലൗതാരോ മാർട്ടിനെസ്‌, മെഹ്‌ദി തരേമി എന്നിവരാണ്‌ ലക്ഷ്യം കണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top