21 December Saturday
കൊളംബിയയെ ഒരു ഗോളിന് കീഴടക്കി , അധിക സമയക്കളിയിൽ ലൗതാരോ വിജയഗോൾ നേടി

മധുരപ്പതിനാറ്‌ ; കോപയിൽ അർജന്റീനയ്-ക്ക് 16–ാം കിരീടം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

image credit copa america facebook


മയാമി
സുന്ദരമായ സ്വപ്‌നത്തിലാണ്‌ അർജന്റീന. കോപയിൽ മധുരപ്പതിനാറിന്റെ മയക്കം. പടയ്‌ക്കിടെ നായകൻ മെസി മുറിവേറ്റ്‌ വീണതിന്റെ നൊമ്പരം അവർക്കിപ്പോഴില്ല. കോപകൊണ്ട്‌ മുറിവുണക്കി. ചിരി പടർന്നു. ആനന്ദം നിറഞ്ഞു. കളംവിടുന്ന എയ്‌ഞ്ചൽ ഡി മരിയക്ക്‌ ഇതിൽപ്പരം മനോഹരമായ യാത്രയയപ്പില്ല. കൊളംബിയയെ അധികസമയത്ത്‌ 1–-0ന്‌ കീഴടക്കിയാണ്‌ അർജന്റീന കോപ കിരീടം നിലനിർത്തിയത്‌. ലാറ്റിനമേരിക്കൻ ചാമ്പ്യൻഷിപ്പിലെ 16–-ാംകിരീടം. പതിനഞ്ച്‌ കിരീടവുമായി ഉറുഗ്വേയ്‌ക്കൊപ്പമായിരുന്നു ഇതുവരെ.

സംഭവബഹുലമായ രാത്രിയായിരുന്നു മയാമിയിലെ ഹാർഡ്‌റോക്ക്‌ സ്‌റ്റേഡിയത്തിൽ. കാണികൾ തള്ളിക്കയറിയതിനെ തുടർന്ന്‌ മത്സരം ഒരു മണിക്കൂറിൽ കൂടുതൽ വൈകി. കളത്തിൽ കൊളംബിയ ഉശിരുകാട്ടി. 66–-ാംമിനിറ്റിൽ അർജന്റീനയുടെ ഹൃദയം നിലച്ചു. ക്യാപ്‌റ്റൻ ലയണൽ മെസി പരിക്കുകാരണം കണ്ണീരോടെ മടങ്ങി. അർജന്റീന തളരാതെ പോരാടി. പകരക്കാരനായെത്തിയ ലൗതാരോ മാർട്ടിനെസ്‌ 112–-ാംമിനിറ്റിൽ വിജയഗോൾ തൊടുത്തു. ലയണൽ സ്‌കലോണിക്കുകീഴിൽ മറ്റൊരു കിരീടം കൂടി.

ഇരുപത്തെട്ട്‌ മത്സരത്തിന്റെ അപരാജിത കുതിപ്പുമായാണ്‌ കൊളംബിയ എത്തിയത്‌. ബ്രസീലിനെ തളച്ച, സെമിയിൽ ഉറുഗ്വേയെ ഷൂട്ടൗട്ടിൽ മടക്കിയ ഹമേഷ്‌ റോഡ്രിഗസിന്റെ കൊളംബിയ ഫൈനലിലും മേധാവിത്തം കാട്ടി. കായികബലംകൊണ്ടും അവർ കളംപിടിച്ചു. ആക്രമണാത്മകമായി കളിച്ചു. ആദ്യപകുതിയിൽ നാലുതവണയാണ്‌ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെ പരീക്ഷിച്ചത്‌. ജെഫേഴ്‌സൺ ലെർമയുടെയും റിച്ചാർഡ്‌ റിയോസിന്റെയും ഷോട്ടുകൾ മാർട്ടിനെസ്‌ തടഞ്ഞു. ജോൺ കോർദോബയുടെ അടി പോസ്‌റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു.

മുപ്പത്താറാംമിനിറ്റിൽ സാന്റിയാഗോ അരിയാസുമായി കൂട്ടിയിടിച്ചാണ്‌ മെസിക്ക്‌ പരിക്കേറ്റത്‌. ഇടവേളയ്‌ക്കുശേഷം മെസി തുടർന്നെങ്കിലും നീണ്ടുപോയില്ല. 66–-ാംമിനിറ്റിൽ കളംവിട്ടു. പകരം നിക്കോ ഗൊൺസാലസ്‌ എത്തി. ഇതിനിടെ നിക്കോളാസ്‌ താഗ്ലിയാഫിക്കോ കൊളംബിയൻ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്‌ സൈഡായി. ഗൊൺസാലസിന്റെ ഗോൾശ്രമം ഗോൾ കീപ്പർ കാമിലോ വർഗാസ്‌ തടഞ്ഞു. കളി അധികസമയത്തേക്ക്‌.

കളി അർജന്റീനയുടെ കാലിലായി. ഇതിനിടെ ലൗതാരോ, ജിയോവാനി ലൊ സെൽസോ, ലിയാൻഡ്രോ പരദെസ്‌ എന്നിവരെ സ്‌കലോണി ഒരുമിച്ച്‌ ഇറക്കി. ഈ മൂവർസംഘം ഗംഭീരമാക്കി. ഷൂട്ടൗട്ടിലേക്ക്‌ നീങ്ങാൻ എട്ട്‌ മിനിറ്റ്‌ മാത്രം ശേഷിക്കെ മധ്യവരയ്‌ക്ക്‌ മുന്നിൽവച്ച്‌ പരദേസ്‌ പന്ത്‌ പിടിച്ചെടുക്കുന്നു. പിന്നെ ലൗതാരയിലേക്ക്‌. ലൊ സെൽസോയിലേക്ക്‌ പന്തിട്ട്‌ ലൗതാരോ മുന്നിലേക്കോടി. ലൊ സെൽസോ ത്രൂബോൾ പായിക്കുന്നു. അതുപിടിച്ചെടുത്ത്‌ ലൗതാരോ വർഗാസിനെ കീഴടക്കി അടിതൊടുത്തു. അതിൽ അർജന്റീന ഉറപ്പിച്ചു.
പ്രതിരോധത്തിൽ ലിസാൻഡ്രോ മാർട്ടിനെസും ക്രിസ്‌റ്റ്യൻ റൊമേറോയും തകർപ്പൻ കളിയാണ്‌ പുറത്തെടുത്തത്‌. അവസാന നിമിഷം ഗോളെന്നുറച്ച നീക്കത്തെ ലിസാൻഡ്രോ സാഹസികമായി തടയുകയായിരുന്നു. റോഡ്രിഗോ ഡി പോളും മിന്നുന്ന കളിയാണ്‌ പുറത്തെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top