30 September Monday
ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ നൂറ് റണ്‍സെടുക്കുന്ന ടീം

10.1 ഓവറിൽ 100 റൺസ്; സ്വന്തം റെക്കോഡ് തകർത്ത് ഇന്ത്യൻ മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

കാൺപൂർ> ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ നൂറ് റണ്‍സെടുക്കുന്ന ടീമെന്ന സ്വന്തം റെക്കോഡ് മറികടന്ന് ഇന്ത്യ. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ 10.1 ഓവറിലാണ് ഇന്ത്യ നൂറ് റണ്‍സ് പൂർത്തീകരിച്ചത്.

ഇന്ത്യയുടെ തന്നെ 2023 ലെ വിന്‍ഡീസിനെതിരേ 12.2 ഓവറില്‍ നൂറ് റണ്‍സെടുത്ത റെക്കോഡാണ് ഗംഭീറിന്റെ നേതൃത്വത്തിൽ ടീം മറികടന്നത്.

ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും നായകന്‍ രോഹിത് ശര്‍മയും ആദ്യ മൂന്നോവറില്‍ തന്നെ ടീം സ്‌കോര്‍ അമ്പത് കടത്തി.

ടീം സ്‌കോര്‍ 55 നില്‍ക്കേ രോഹിത്തിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 11 പന്തില്‍ നിന്ന് ഒരു ഫോറും മൂന്ന് സിക്‌സറുകളുമടക്കം രോഹിത് 23 റണ്‍സെടുത്തു. ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 233 റണ്‍സിന് പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് മൊമിനുള്‍ ഹഖിന്റെ സെഞ്ചുറിയാണ് കരുത്തായത്.

മഴ മൂലം കഴിഞ്ഞ രണ്ട് ദിവസവും കളി മുടങ്ങിയിരുന്നു. ഞായറാഴ്ച മഴ പെയ്തില്ലെങ്കിലും ഔട്ട്ഫീൽഡ് നനഞ്ഞുകിടന്നതിനാൽ മത്സരം തുടങ്ങാനായിരുന്നില്ല. കഴിഞ്ഞ മൂന്നുദിവസത്തിനിടെ, വെള്ളിയാഴ്ച എറിഞ്ഞ 35 ഓവർ മാത്രമാണ് കളിച്ചത്. അതിന് ശേഷം തിങ്കളാഴ്ചയാണ് വീണ്ടും ബാറ്റിങ് തുടരുന്നത്.

നാലാം ദിനം തുടക്കത്തില്‍ തന്നെ 11 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹീമിനെ ബംഗ്ലാദേശിന് നഷ്ടമായി. ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ മൊമിനുള്‍ ഹഖാണ് ബംഗ്ലാദേശിന് കരുത്തായത്. വിക്കറ്റുകള്‍ വീഴുമ്പോഴും മൊമിനുള്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു.

ലിട്ടണ്‍ ദാസ് (13), ഷാക്കിബ് അല്‍ ഹസന്‍(9), തൈജുള്‍ ഇസ്ലാം(5), ഹസന്‍ മഹ്‌മുദ് (1) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. മെഹ്ദി ഹസന്‍ 20 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റെടുത്തു. സിറാജ്, അശ്വിന്‍, ആകാശ് ദ്വീപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top