23 December Monday

രക്ഷകൻ 
റൊണാൾഡോ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

ലിസ്‌ബൺ
ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ മിന്നുംപ്രകടനം വീണ്ടും. യുവേഫ നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ തകർപ്പൻ പ്രകടനത്തിലൂടെ റൊണാൾഡോ പോർച്ചുഗലിന്‌ ജയമൊരുക്കി. സ്‌കോട്‌ലൻഡിനെ 2–-1ന്‌ കീഴടക്കിയ പോർച്ചുഗൽ തുടർച്ചയായ രണ്ടാംജയമാണ്‌ സ്വന്തമാക്കിയത്‌. മറ്റൊരു മത്സരത്തിൽ സ്‌പെയ്‌ൻ സ്വിറ്റ്‌സർലൻഡിനെ 4–-1ന്‌ തകർത്തു. ക്രൊയേഷ്യ 1–-0ന്‌ പോളണ്ടിനെയും തോൽപ്പിച്ചു.

സ്‌കോട്‌ലൻഡിനെതിരെ ഇടവേളയ്‌ക്കുശേഷം പകരക്കാരനായാണ്‌ റൊണാൾഡോ കളത്തിലെത്തിയത്‌. ആ ഘട്ടത്തിൽ സ്‌റ്റുവർട്ട്‌ മക്‌ടോമിനിയുടെ ഗോളിൽ സ്‌കോട്‌ലൻഡ്‌ ഒരു ഗോളിന്‌ മുന്നിലായിരുന്നു. റൊണാൾഡോ എത്തിയതോടെ കളി മാറി. രണ്ടാംപകുതിയുടെ തുടക്കത്തിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളിൽ പോർച്ചുഗൽ ഒപ്പമെത്തി. കളി തീരാൻ രണ്ട്‌ മിനിറ്റ്‌ ശേഷിക്കെയായിരുന്നു വിജയഗോൾ. ന്യൂനോ മെൻഡിസിന്റെ ക്രോസിൽ കാലുവച്ച്‌ മുപ്പത്തൊമ്പതുകാരൻ ജയമുറപ്പിച്ചു. കളി ജീവിതത്തിലെ 901–-ാംഗോൾ.

സ്വിസ്സിനെതിരെ സ്‌പെയ്‌നിനുവേണ്ടി ഫാബിയാൻ റൂയിസ്‌ ഇരട്ടഗോളടിച്ചു. ഹൊസേലു, ഫെറാൻ ടോറെസ്‌ എന്നിവരും ലക്ഷ്യം കണ്ടു. പോളണ്ടിനെതിരെ ലൂക്കാ മോഡ്രിച്ചിന്റെ ഗോളിലാണ്‌ ക്രൊയേഷ്യ ജയിച്ചത്‌.  ജർമനി ഹംഗറിയെ അഞ്ച്‌ ഗോളിന്‌ തകർത്തു. ഇംഗ്ലണ്ട്‌ അയർലൻഡിനെ 2–-0ന്‌ മറികടന്നു. ബോസ്‌നിയ ആൻഡ്‌ ഹെർസെഗോവിനയ്‌ക്കെതിരെ നെതർലൻഡ്‌സ്‌  5–-2ന്‌ ജയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top