ലിസ്‌ബൺ
ക്രിസ്‌റ്റ്യാനോ റൊണാൾഡോ വീണ്ടും വിസ്‌മയിപ്പിക്കുന്നു. 900 ഗോൾ എന്ന അനുപമനേട്ടം പോർച്ചുഗീസുകാരൻ സ്വന്തമാക്കി. നേഷൻസ് ലീഗിൽ ക്രൊയേഷ്യക്കെതിരെയായിരുന്നു സുവർണനിമിഷം പിറന്നത്. കളിയിൽ രണ്ട് ഗോളിന് പോർച്ചുഗൽ ജയം നേടി. മറ്റൊരു മത്സരത്തിൽ യൂറോ ചാമ്പ്യൻമാരായ സ്‌പെയ്‌നിനെ സെർബിയ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടി. മുപ്പത്തൊമ്പതാം വയസ്സിലും ഗോളടിക്ക് കോട്ടമില്ലെന്ന പ്രഖ്യാപനമായിരുന്നു റൊണാൾഡോയുടേത്. ഗോൾ നേടിയശേഷം ആനന്ദത്തോടെ കണ്ണീർവാർത്തു. കളത്തിൽ മുട്ടുകുത്തി ഇരുന്നു.
രാജ്യത്തിനായി 131–-ാംഗോളായിരുന്നു. ക്ലബ് ഫുട്‌ബോളിൽ അൽ നസറിനായി ഗോളടിച്ചുകൂട്ടിയാണ് എത്തിയത്. സ്‌പോർടിങ് ലിസ്‌ബൺ, മാഞ്ചസ്‌റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് ക്ലബ്ബുകൾക്കായും ഗോൾ നിറച്ചു.‘ഇതൊരു നാഴികക്കല്ലാണ്. അതിനാൽ എനിക്ക് കണ്ണീരടക്കാൻ കഴിയുന്നില്ല. കളിജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്. ആയിരം ഗോൾ തികയ്‌ക്കുകയാണ് ലക്ഷ്യം–- റൊണാൾഡോ പറഞ്ഞു.
രണ്ടുപതിറ്റാണ്ടിന് മുകളിലായി പോർച്ചുഗൽ മുന്നേറ്റക്കാരൻ കളത്തിൽ. പതിനേഴാംവയസ്സിൽ ഇരട്ടഗോൾ തൊടുത്താണ് പോർച്ചുഗൽ കുപ്പായത്തിൽ തുടങ്ങിയത്. ക്ലബ് തലത്തിൽ റയലിനായി ഒമ്പത് വർഷം കളിച്ചു. 438 കളിയിൽ 450 ഗോൾ. മുപ്പത് വയസ്സിനുശേഷം 437 ഗോളാണ് അടിച്ചത്. ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ ആരാണെന്നതിന് ഇതുവരെ കൃത്യമായ രേഖകളില്ല. ബ്രസീൽ ഇതിഹാസങ്ങളായ പെലെയും റൊമാരിയോയും 1000 ഗോളുകൾ നേടിയിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, ലഭ്യമായ വിവരങ്ങൾവച്ചുള്ള പരിശോധനയിൽ പെലെ 778 ഗോളും റൊമാരിയോ 785 ഗോളും നേടിയെന്നാണ് അനൗദ്യോഗിക കണക്ക്. നിലവിൽ റൊണാൾഡോയ്‌ക്ക് പിന്നിൽ അർജന്റീനൻ ക്യാപ്‌റ്റൻ ലയണൽ മെസിയാണുള്ളത്. 867 ഗോളാണ് മെസിക്ക്.
റൊണാൾഡോയുടെ ഗോളുകൾ
അൽ നസർ–- 68
യുവന്റസ്–-101
മാഞ്ചസ്‌റ്റർ യുണൈറ്റഡ് –-145
പോർച്ചുഗൽ –-131
റയൽ മാഡ്രിഡ് –-450
സ്‌പോർടിങ് സിപി –-5
ആകെ 900.
പെനൽറ്റിയിലൂടെ 164
ഫ്രീകിക്കിലൂടെ 64
66 ഹാട്രിക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..