ബുഡാപെസ്റ്റ്
ചെസ് ഒളിമ്പ്യാഡിലെ സ്വർണനേട്ടത്തിനുശേഷം ഇന്ത്യ കാത്തിരിക്കുന്നത് ലോക ചാമ്പ്യനെ വരവേൽക്കാനാണ്. പതിനെട്ടുകാരൻ ഡി ഗുകേഷ് ചൈനയുടെ നിലവിലെ ചാമ്പ്യൻ ഡിങ് ലിറനെ നേരിടും. സിംഗപ്പൂരിൽ നവംബർ 25 മുതൽ ഡിസംബർ 13 വരെയാണ് ലോകകിരീടത്തിനായുള്ള പോരാട്ടം. 14 റൗണ്ട് മത്സരമാണ്. ആദ്യം ഏഴര പോയിന്റ് കിട്ടുന്നവർ ജയിക്കും. 20 കോടി രൂപയാണ് സമ്മാനത്തുക.
കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജയിച്ചാണ് ചെന്നൈ സ്വദേശിയായ ഗുകേഷ് ലോക ചാമ്പ്യനെ നേരിടാൻ അർഹത നേടിയത്. ഈ അംഗീകാരം ലഭിക്കുന്ന പ്രായം കുറഞ്ഞ താരമാണ്. ലോക റാങ്കിങ്ങിൽ ഏഴാമതുള്ള ഗുകേഷിന് ലോക ചാമ്പ്യൻഷിപ്പിൽ വലിയ സാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്. ചെസ് ഒളിമ്പ്യാഡിൽ മികച്ച ഫോമിലായിരുന്നു. പത്തു മത്സരത്തിൽ എട്ടും ജയിച്ച് വ്യക്തിഗതസ്വർണം നേടി. രണ്ടു കളി സമനിലയായി.
ലിറൻ ഒളിമ്പ്യാഡിൽ മങ്ങിപ്പോയി. എട്ടു കളിയിൽ ഒന്നും ജയിക്കാനായില്ല. ഏഴ് സമനിലയും ഒരു തോൽവിയും. കഴിഞ്ഞതവണ റഷ്യയുടെ ഇയാൻ നിപോംനിഷിയെ ആവേശകരമായ മത്സരത്തിൽ ടൈബ്രേക്കിൽ തോൽപ്പിച്ചാണ് മുപ്പത്തൊന്നുകാരൻ ലോക ചാമ്പ്യനായത്. പിന്നീട് അധികം മത്സരവേദികളിൽ ചൈനീസ് ചാമ്പ്യന്റെ സാന്നിധ്യമില്ലായിരുന്നു. നിലവിൽ 15–-ാംറാങ്കാണ്.
ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് അഞ്ചുതവണ ലോക ചാമ്പ്യനായിരുന്നു. 2012ലാണ് അവസാനകിരീടം. തുടർന്ന് നോർവേയുടെ മാഗ്നസ് കാൾസണായിരുന്നു ആധിപത്യം. അഞ്ചുതവണ ലോക ചാമ്പ്യനായ ഒന്നാംറാങ്കുകാരൻ ഇനി ലോക ചാമ്പ്യൻഷിപ്പിന് ഇല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..