03 November Sunday

കളം വിട്ട്‌ ധവാൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

ന്യൂഡൽഹി > ഇന്ത്യൻ ടീമിൽ ഓപ്പണറായി തിളങ്ങിയ ശിഖർ ധവാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന്‌ വിരമിച്ചു. ആഭ്യന്തര ക്രിക്കറ്റിലും കളിക്കില്ലെന്ന്‌ മുപ്പത്തെട്ടുകാരൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. രോഹിത്‌ ശർമയ്‌ക്കൊപ്പം ഏകദിനത്തിലെ ഓപ്പണിങ്‌ കൂട്ടുകെട്ടിൽ വെടിക്കെട്ട്‌ ബാറ്റിങ്ങായിരുന്നു ഇടംകൈയൻ ബാറ്ററുടേത്‌. 12 വർഷം ഇന്ത്യൻ കുപ്പായത്തിൽ 269 രാജ്യാന്തര മത്സരങ്ങൾക്കിറങ്ങി. 24 സെഞ്ചുറി നേടി. അതിൽ 17 എണ്ണം ഏകദിനത്തിലായിരുന്നു. ടെസ്റ്റിൽ ഏഴ്‌.

ഡൽഹിയിൽനിന്നുള്ള ഓപ്പണർ 2010ൽ ഓസ്‌ട്രേലിയക്കെതിരെയാണ്‌ ഏകദിനത്തിൽ അരങ്ങേറിയത്‌. 167 കളിയിൽ 6793 റണ്ണടിച്ചു. 143 റണ്ണാണ്‌ ഉയർന്ന സ്‌കോർ. അവസാന ഏകദിനം 2022ൽ ബംഗ്ലാദേശിനെതിരെയായിരുന്നു. 2013ൽ ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടി. 33 ടെസ്റ്റിൽ 2315 റണ്ണടിച്ചു. 190 റണ്ണാണ്‌ ഉയർന്ന സ്‌കോർ. 2018ൽ ഇംഗ്ലണ്ടിനെതിരെയാണ്‌ അവസാന കളി. 2011ൽ ട്വന്റി20യിൽ അരങ്ങേറി. 68 കളിയിൽ 1759 റൺ. 2021ൽ അവസാനമത്സരം.

ഐപിഎല്ലിൽ പഞ്ചാബ്‌ കിങ്‌സിന്റെ താരമായിരുന്നു. 222 മത്സരങ്ങളിൽ 6769 റണ്ണടിച്ചു. രണ്ട്‌ സെഞ്ചുറിയും 51 അർധസെഞ്ചുറിയും ഉൾപ്പെട്ടു. ഡൽഹി ക്യാപ്പിറ്റൽസ്‌, സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌, ഡെക്കാൺ ചാർജേഴ്‌സ്‌, മുംബൈ ഇന്ത്യൻസ്‌, ഡൽഹി ഡെയർഡെവിൾസ്‌ എന്നീ ടീമുകൾക്കും കളിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കണമെന്നായിരുന്നുവെന്ന്‌ ധവാൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top