19 September Thursday
പതിനാലുകാരിയും പാതിമലയാളിയുമായ ധിനിധി ദേസിങ്കു പാരിസ് ഒളിമ്പിക്--സിന്

നീന്തൽക്കുളത്തിലെ നിധി

സ‍്പോർട്സ് ലേഖകൻUpdated: Monday Jul 22, 2024

കൊച്ചി > മകളെ നീന്തൽ പഠിപ്പിക്കാൻ കൊണ്ടുപോകുമ്പോൾ ജെസിതയുടെ മനസ്സിൽ പാരിസില്ലായിരുന്നു, ഒളിമ്പിക്‌സ്‌ ഇല്ലായിരുന്നു. അന്നത്തെ അഞ്ചുവയസ്സുകാരി ധിനിധി ദേസിങ്കു വളർന്ന്‌ ഇന്ത്യയുടെ നീന്തൽതാരമായി. പാരിസ്‌ ഒളിമ്പിക്‌സിൽ വനിതകളുടെ 200 മീറ്റർ ഫ്രീസ്‌റ്റൈലിൽ മത്സരിക്കുന്നു. പ്രായം 14, ഒമ്പതാംക്ലാസുകാരി. ഇന്ത്യൻ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. മലയാളിയായ ജെസിതയുടെയും തമിഴ്‌നാട്ടുകാരനായ ദേസിങ്കുവിന്റെയും ഏകമകൾ. ഇന്ത്യയുടെ പ്രായം കുറഞ്ഞ രണ്ടാമത്തെ ഒളിമ്പ്യനാണ്‌. 1952 ഹെൽസിങ്കി ഒളിമ്പിക്‌സിൽ പങ്കെടുത്ത നീന്തൽതാരം ആരതി സാഹയാണ്‌ ഏറ്റവും പ്രായം കുറഞ്ഞ താരം. അന്ന്‌ ആരതിക്ക്‌ 11 വയസ്സാണ്‌ ഉണ്ടായിരുന്നത്‌.

ധിനിധിയെന്നാൽ ‘അറിവിന്റെ നിധി’ എന്നാണർഥം. പാരിസിലെ ഒളിമ്പിക്‌സ്‌ വേദിയിൽ അവൾക്ക്‌ കൂട്ടായി അച്ഛനും അമ്മയുമുണ്ട്‌. ‘ഞങ്ങളും ഒപ്പം പോന്നു. ഞങ്ങൾ ഇവിടെയുണ്ട്‌ എന്നത്‌ അവൾക്ക്‌ ആശ്വാസമായിരിക്കും. പിന്നെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒളിമ്പിക്‌സ്‌ വേദിയിൽ മകളുടെ പ്രകടനം കാണാനുള്ള അപൂർവ അവസരംകൂടിയാണ്‌’–- പാരിസിൽനിന്ന്‌ ജെസിത പറഞ്ഞു.
കോഴിക്കോട്‌ പുതിയങ്ങാടി സ്വദേശിയായ ജെസിത രണ്ടുപതിറ്റാണ്ടായി ബംഗളൂരുവിലുണ്ട്‌. അവിടെ ഡിഫൻസ്‌ റിസർച്ച്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌ ഓർഗനൈസേഷനിൽ (ഡിആർഡിഒ) ടെക്‌നിക്കൽ ഓഫീസറാണ്‌. ദേസിങ്കു ഗൂഗിളിൽ ഉദ്യോഗസ്ഥനും. ഒന്നാംക്ലാസിൽ പഠിക്കുമ്പോഴാണ്‌ ധിനിധിയെ നീന്തലിന്‌ കൊണ്ടുപോകുന്നത്‌. തുടക്കത്തിൽ താൽപ്പര്യം കാണിച്ചില്ല. അവളെ പ്രോത്സാഹിപ്പിക്കാൻ ഇരുവരും നീന്തലിന്‌ ചേർന്നു. അടുത്തവർഷവും ഇത്‌ തുടർന്നു.

നീന്തൽ ഗൗരവത്തിൽ എടുക്കണമെന്നും നല്ല സാധ്യതയുള്ള കുട്ടിയാണെന്നും പരിശീലകൻ പറഞ്ഞത്‌ വഴിത്തിരിവായി. തുടർന്ന്‌ ബംഗളൂവിലെ ഡോൾഫിൻ നീന്തൽ അക്കാദമിയിൽ ചേർത്തു. ഒമ്പതാംവയസ്സിൽ കർണാടക സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ആറ്‌ സ്വർണവുമായാണ്‌ കുളത്തിൽനിന്ന്‌ കയറിയത്‌. ദേശീയ ചാമ്പ്യൻഷിപ്പിൽ മുതിർന്നവരെ മറികടന്ന്‌ ഒരു സ്വർണവും രണ്ട്‌ വെള്ളിയും നേടി. അതോടെയാണ്‌ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്‌. അക്കാദമിയിലെ പരിശീലകരായ ദ്രോണാചാര്യ നിഹാർ അമീനും ബി എം മധുകുമാറും നൽകിയ പരിശീലനം നിർണായകമായി. ദേശീയ ചാമ്പ്യൻഷിപ്പുകളിൽ നേട്ടമുണ്ടാക്കി. ദേശീയ ഗെയിംസിലും ഏഷ്യൻ ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലും സാന്നിധ്യമറിയിച്ചു.
രാജ്യാന്തര ചാമ്പ്യൻഷിപ്പുകളും പരിശീലനവുമായി പോകുന്നതിനിടെയാണ്‌ ഒളിമ്പിക്‌സ്‌ യോഗ്യത അറിയുന്നത്‌. അതിനാൽ പ്രത്യേക ഒരുക്കത്തിന്‌ രണ്ടാഴ്‌ചയാണ്‌ കിട്ടിയത്‌. കടുത്ത പരിശീലനത്തിനുശേഷമാണ്‌ പാരിസിലെത്തിയത്‌. ഒപ്പം കോച്ച്‌ നിഹാർ അമീനും പുരുഷവിഭാഗത്തിൽ മത്സരിക്കുന്ന ശ്രീഹരി നടരാജനുമുണ്ട്‌.

ഏഴുതവണ ഒളിമ്പിക്‌സ്‌ സ്വർണം നേടിയ അമേരിക്കയുടെ കാത്തി ലഡേക്കിയെ ആരാധിക്കുന്ന ധിനിധി അവരെ നേരിട്ടുകാണാൻ കാത്തിരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top