30 September Monday

ടീമുകൾക്ക്‌ ആറ്‌ താരങ്ങളെ നിലനിർത്താം; ധോണി ‘അൺക്യാപ്‌ഡ്‌’

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

ചെന്നൈ
ഐപിഎൽ ക്രിക്കറ്റ്‌ പുതിയ സീസണിന്‌ മുന്നോടിയായി പ്രധാന നിയമമാറ്റങ്ങളുമായി ഗവേണിങ്‌ സമിതി. പുതിയ സീസണിൽ ടീമുകൾക്ക്‌ നിലനിർത്താവുന്ന കളിക്കാരുടെ എണ്ണം ആറാക്കി ഉയർത്തി. നേരത്തേ ഇത്‌ നാലായിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽനിന്ന്‌ വിരമിച്ച്‌ അഞ്ച്‌ വർഷം കഴിഞ്ഞ ഇന്ത്യൻ താരങ്ങൾ ഇനിമുതൽ ‘അൺ ക്യാപ്‌ഡ്‌’ കളിക്കാരുടെ പട്ടികയിലാണ്‌. ചെന്നൈ സൂപ്പർ കിങ്‌സ്‌ മുൻ ക്യാപ്‌റ്റൻ മഹേന്ദ്ര സിങ്‌ ധോണി ഇനിമുതൽ ഈ പട്ടികയിലാണ്‌. ചെന്നൈക്ക്‌ ധോണിയെ നിലനിർത്തണമെങ്കിൽ നാല്‌ കോടി രൂപ മതി. കഴിഞ്ഞ സീസണിൽ 12 കോടി രൂപ മുടക്കിയാണ്‌ നാൽപ്പത്തിമൂന്നുകാരനെ നിലനിർത്തിയത്‌.

അൺക്യാപ്‌ഡ്‌ നിയമം 2021ൽ പിൻവലിച്ചിരുന്നു. ‘സ്വാധീന താര’ നിയമം തുടരും. കരാർ തുകയ്‌ക്കുപുറമെ കളിക്കാർക്ക്‌ മാച്ച്‌ ഫീസും പുതിയ സീസൺമുതൽ ലഭിക്കും. സ്വാധീന താരം ഉൾപ്പെടെയുള്ള കളിക്കാർക്ക്‌ ഒരു കളിക്ക്‌ 7.5 ലക്ഷം രൂപയാണ്‌ ലഭിക്കുക. ലേലത്തിൽ പങ്കെടുത്ത്‌ പിൻമാറുന്ന വിദേശതാരങ്ങൾക്ക്‌ രണ്ടുവർഷത്തെ വിലക്ക്‌ വരും. രജിസ്‌റ്റർ ചെയ്യാനോ ലേലത്തിൽ പങ്കെടുക്കാനോ കഴിയില്ല. മെഗാലേലത്തേക്കാൾ കൂടുതൽ തുക മിനിലേലത്തിലുണ്ടാകില്ല. കളികളുടെ എണ്ണം കൂട്ടുകയില്ലെന്നും ബിസിസിഐ വ്യക്തമാക്കി. പുതിയ സീസൺ അടുത്തവർഷമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top