പാരിസ് > റോളണ്ട് ഗാരോസിൽ സെർബിയക്കാരൻ നൊവാക് ജോക്കോവിച്ച് ചിരിച്ചു. ടെന്നീസ് ലോകത്തെ എക്കാലത്തെയും മികച്ചവനെന്ന് വിശേഷണമുള്ള ജോക്കോയുടെ ഷെൽഫിലേക്ക് ഒളിമ്പിക്‌സ് സ്വർണം കൂടി. ജോക്കോയുടെ ഷെൽഫിലെ 25 ഗ്രാൻഡ് സ്ലാം കിരീടങ്ങളോടൊപ്പം ഇനി പാരിസിൽ നിന്ന് ലഭിച്ച തങ്കത്തിന്റെ തിളക്കം കൂടിയുണ്ടാവും.
ഒളിമ്പിക്‌സ് ടെന്നീസ് പുരുഷ സിംഗിൾസിന്റെ ഫൈനലിൽ സ്‌പെയ്‌നിന്റെ 22 കാരൻ കാർലോസ് അൽകാരസിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജോക്കോയുടെ സ്വർണ നേട്ടം. ആദ്യ രണ്ട് സെറ്റുകളും വിജയിച്ചാണ് ജോക്കോ സ്വർണം നേടിയതെങ്കിലും കടുത്ത പോരാട്ടമായിരുന്നു ഓരോ ഗെയിം പോയിന്റുകൾക്കായും. ആ കടുത്ത പോരാട്ടത്തെയും അതിജീവിച്ചാണ് വിംബിൾഡൺ ഫൈനലിനേറ്റ തോൽവിക്ക് മറുപടി പറഞ്ഞ് കൊണ്ട് നൊവാക് ജോക്കോവിച്ചിന്റെ വിജയം. സ്‌കോർ: 7–6(7–3), 7–6(7–2)
ഒളിമ്പിക്സിലെ സ്വർണ മെഡൽ നേട്ടത്തോടെ ഗോൾഡൻ സ്ലാം നേടുന്ന അഞ്ചാമത്തെ താരമായി ജോക്കോവിച്ച്. നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങളും ഒളിമ്പിക്സ് സ്വർണ മെഡലും നേടുന്നതിനെയാണ് ഗോൾഡൻ സ്ലാം എന്ന് പറയുന്നത്. സ്റ്റെഫി ഗ്രാഫ്, ആന്ദ്രേ അഗാസി, റാഫേൽ നദാൽ, സെറീന വില്ല്യംസ് എന്നിവരാണ് ഇതിന് മുന്നേ ഈ നേട്ടം കൊയ്തവർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..