ഷില്ലോങ്
ഷില്ലോങ് ലജോങ്ങിനെ മൂന്ന് ഗോളിന് തകർത്ത് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡ് ഡ്യൂറൻഡ് കപ്പ് ഫുട്‌ബോൾ ഫൈനലിൽ. നോർത്ത് ഈസ്‌റ്റ് ആദ്യമായാണ് കലാശപ്പോരിന് യോഗ്യത നേടുന്നത്. ഇന്ന് നടക്കുന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റ്–-ബംഗളൂരു എഫ്‌സി സെമിയിലെ ജേതാക്കളെ ഫൈനലിൽ നേരിടും. 31ന് കൊൽക്കത്തയിലാണ് ഫൈനൽ.
കരുത്തരായ ഈസ്‌റ്റ് ബംഗാളിനെ കീഴടക്കിയെത്തിയ ലജോങ്ങിന് നോർത്ത് ഈസ്‌റ്റിന്റെ തകർപ്പൻ പ്രകടനത്തിനുമുന്നിൽ മറുപടിയുണ്ടായില്ല. സ്വന്തം കാണികളുടെ അകമഴിഞ്ഞ പിന്തുണ കിട്ടിയിട്ടും ലജോങ് താരങ്ങൾക്ക് ഊർജത്തോടെ പന്ത് തട്ടാനായില്ല. മറുവശത്ത് നോർത്ത് ഈസ്‌റ്റ് മനോഹരമായി കളിച്ചു. മൊറോക്കൊക്കാരൻ അലാദീൻ അയാറായിയെ ആണ് തിളങ്ങിയത്. അയാറായിയെ, ഹുയ്‌ദ്രോം തോയ് സിങ്, പാർഥിബ് സുന്ദർ ഗൊഗോയ് എന്നിവർ ഗോളടിച്ചു.
ആദ്യനിമിഷങ്ങളിൽ ലജോങ് മിടുക്കുകാട്ടി. സമ്മർദത്തിൽ നോർത്ത് ഈസ്‌റ്റ് തുടർച്ചയായ കോർണറുകൾ വഴങ്ങി. എന്നാൽ, കളി പുരോഗമിക്കുംതോറും നോർത്ത് ഈസ്‌റ്റ് നിയന്ത്രണം നേടുകയായിരുന്നു. പതിമൂന്നാംമിനിറ്റിൽ ഗോളെത്തി. അയാറിയെയുടെ നീക്കം പിടിച്ചെടുത്ത മലയാളിതാരം എം എസ് ജിതിൻ കൃത്യതയുള്ള ക്രോസ് പായിച്ചു. തോയ് സിങ് അത് വലയിലേക്ക് തൊടുത്തു. ആദ്യപകുതി അവസാനിക്കുംമുമ്പ് നോർത്ത് ഈസ്‌റ്റ് ലീഡുയർത്തി. നെസ്‌റ്റർ ആൽബിയാഷിന്റെ നീക്കത്തിൽ അയാറിയെ ലക്ഷ്യം കണ്ടു. എന്നാൽ, റഫറി ഓഫ് സൈഡ് വിളിച്ചു. നോർത്ത് ഈസ്‌റ്റ് താരങ്ങൾ തീരുമാനത്തെ ചോദ്യം ചെയ്‌തു. ഒടുവിൽ ഗോൾ അനുവദിക്കുകയായിരുന്നു. അവസരങ്ങൾ ലജോങ്ങിനും കിട്ടി. പക്ഷേ, ഗോൾ കീപ്പർ ഗുർമീത് തടഞ്ഞു. കളിയുടെ അവസാന നിമിഷം പാർഥിബ് ജയമുറപ്പാക്കി. ലജോങ് പ്രതിരോധക്കാരൻ റോണ്ണി വിൽസൺ കർബുഡോൻ ചുവപ്പുകാർഡ് കണ്ട് പുറത്തായി. റഫറിയോട് തർക്കിച്ചതിന് രണ്ടാം മഞ്ഞക്കാർഡ് കണ്ടായിരുന്നു മടക്കം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..