കൊൽക്കത്ത> സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിൽ ചരിത്രം പിറന്നിരിക്കുന്നു. നിലവിലെ ചാമ്പ്യൻമാരും 17 തവണ ജേതാക്കളുമായ മോഹൻബഗാൻ സൂപ്പർ ജയന്റിനെ ഷൂട്ടൗട്ടിൽ 4–-3ന് കീഴടക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഡ്യൂറൻഡ് കപ്പ് ഫുട്‌ബോൾ ചാമ്പ്യൻമാരായി.
ഫൈനലിൽ രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷമാണ് വടക്കുകിഴക്കൻ ശക്തികളുടെ ഉജ്വല തിരിച്ചുവരവ്. രണ്ടു മിനിറ്റിനുള്ളിൽ രണ്ട് ഗോളടിച്ച് നിശ്ചിതസമയം 2–-2ന് സമനില പിടിച്ചു. ഷൂട്ടൗട്ടിൽ ഗോൾകീപ്പർ ഗുർമീത് സിങ്ങിന്റെ ഇരട്ട രക്ഷപ്പെടുത്തലിലൂടെ കപ്പുയർത്തി. ഐഎസ്‌എൽ ക്ലബ് നേടുന്ന ആദ്യട്രോഫിയാണ്. എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്യുന്ന നോർത്ത് ഈസ്റ്റ് കഴിഞ്ഞ കാലങ്ങളിലെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. സ്‌പാനിഷ് പരിശീലകൻ യുവാൻ പെഡ്രോ ബെനാലിക്കുകീഴിലാണ് കുതിപ്പ്.
ജാസൺ കമ്മിങ്‌സിന്റെ പെനൽറ്റിയിലൂടെയും മലയാളിതാരം സഹൽ അബ്‌ദുൾ സമദിന്റെ മിന്നുംഗോളിലൂടെയും ആദ്യപകുതിയിൽ ബഗാൻ ജയമുറപ്പിച്ചതാണ്. എന്നാൽ, സീസണിലുടനീളം സ്ഥിരതയാർന്ന പ്രകടനം നടത്തിയ നോർത്ത് ഈസ്റ്റുകാർ രണ്ടാംപകുതിയിൽ രൂപവും ഭാവും മാറി. പണക്കിലുക്കത്തിൽ നോർത്ത് ഈസ്റ്റിന്റെ അഞ്ചിരട്ടിയോളം ശേഷിയുള്ള ബഗാന് പന്ത് തൊടാനായില്ല.
മലയാളിതാരം എം എസ് ജിതിൻ നൽകിയ സുന്ദര പാസിലൂടെ മൊറോക്കൻ മുന്നേറ്റക്കാരൻ അലയ്‌ദീൻ അജാരി 56–-ാം മിനിറ്റിൽ ആദ്യഗോൾ നേടി. പിന്നാലെ 58–-ാംമിനിറ്റിൽ പകരക്കാരനായെത്തിയ ഗില്ലർമോ ഫെർണാണ്ടസ് സമനില സമ്മാനിച്ചു. നിശ്ചിതസമയം സമനിലയായതോടെ കളി നേരിട്ട് ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.
അവസാന രണ്ടു മത്സരത്തിലും ഷൂട്ടൗട്ടിൽ ജയംപിടിച്ച ബഗാന് ഇത്തവണ പിഴച്ചു. ഗോളി വിശാൽ ഖെയ്‌ത്തിന് പ്രകടനം ആവർത്തിക്കാനായില്ല. മറുവശത്ത് ഗുർമീത് മിന്നി. ലിസ്റ്റൺ കൊളാസോയുടെയും സുഭാശിഷ് ബോസിന്റെയും കിക്കുകൾ തടഞ്ഞിട്ടാണ് നോർത്ത് ഈസ്റ്റിന് ആദ്യകിരീടം നൽകിയത്.
ബോളിവുഡ് നായകൻ ജോൺ എബ്രഹാമാണ് ക്ലബ്ബിന്റെ ഉടമ. രൂപീകരിച്ചിട്ട് പത്തുവർഷമായ ക്ലബ്ബിന്റെ തട്ടകം അസമിലെ ഗുവാഹത്തിയാണ്. 2021 ഐഎസ്‌എല്ലിൽ സെമി കളിച്ചതാണ് ഇതുവരെയുള്ള പ്രകടനം. ജിതിനെ കൂടാതെ മധ്യനിരക്കാരൻ എൻ ഷിഗിൽ, ഗോൾകീപ്പർ മിർഷാദ് കെ മിച്ചു എന്നിവരാണ് മലയാളിസാന്നിധ്യം.
ജിതിൻ മികച്ച താരം
കൊൽക്കത്ത
ഡ്യൂറൻഡ് കപ്പ് ഫുട്‌ബോളിലെ മികച്ച താരമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി മുന്നേറ്റക്കാരൻ എം എസ് ജിതിൻ. ആറു കളിയിൽ നാല് ഗോളടിക്കുകയും മൂന്നെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്‌തു ഇരുപത്താറുകാരൻ. തൃശൂർ സ്വദേശി രണ്ടുവർഷമായി ഐഎസ്‌എൽ ക്ലബ്ബിലുണ്ട്. മികച്ച താരത്തിനുള്ള സുവർണപന്തും അഞ്ചുലക്ഷവും ജിതിൻ സ്വന്തമാക്കി. 2018ൽ കേരളം സന്തോഷ് ട്രോഫി ചാമ്പ്യൻമാരായപ്പോൾ പ്രധാന താരമായിരുന്നു. എഫ്‌സി കേരളയിലും ഗോകുലം കേരളയിലും പന്തുതട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..