ബെർലിൻ
യൂറോ കപ്പ് ഫുട്‌ബോളിൽ സ്‌പാനിഷ് മുത്തം. അജയ്യരായി മുന്നേറിയ സ്‌പാനിഷ് പട ഫൈനലിൽ ഇംഗ്ലണ്ടിനെ 2–-1ന് കീഴടക്കി കപ്പുയർത്തി.സ്‌പെയ്‌നിന് വേണ്ടി രണ്ടാംപകുതിയുടെ തുടക്കത്തിൽ നിക്കോ വില്യംസ് ഗോളടിച്ചു. പകരക്കാരനായ കോൾ പാൽമെർ 73–-ാം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. നിശ്‌ചിത സമയം അവസാനിക്കാൻ നാല് മിനിറ്റ് ശേഷിക്കെ മിക്കേൽ ഒയർസബാൽ തകർപ്പൻ ഗോളിലൂടെ സ്‌പെയ്‌നിന് ജയമൊരുക്കി. യൂറോ കപ്പിലെ നാലാം കിരീടവും സ്‌പാനിഷ് പട സ്വന്തമാക്കി. കപ്പിനായുളള കാത്തിരിപ്പ് ഇംഗ്ലണ്ട് തുടർന്നു. കഴിഞ്ഞ പതിപ്പിൽ ഇറ്റലിയോടായിരുന്നു ഇംഗ്ലണ്ടിന്റെ തോൽവി.
ആവേശകരമായ ഫൈനലായിരുന്നു. സ്‌പെയ്‌ൻ ടൂർണമെന്റിലെ മനോഹര പ്രകടനം തുടർന്നപ്പോൾ ഇംഗ്ലണ്ട് പിടിച്ചുനിന്നു. ആദ്യപകുതിയുടെ അവസാന ഘട്ടത്തിൽ റോഡ്രിക്ക് പരിക്കേറ്റത് സ്‌പെയ്‌നിന് തിരിച്ചടിയായി. രണ്ടാംപകുതിയിൽ പകരക്കാരനായി മാർട്ടിൻ സുബിമെൻഡി ഇറങ്ങി. ഇടവേള കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ സ്‌പെയ്‌ൻ ലീഡ് നേടി. സ്വന്തം ബോക്‌സിൽ നിന്നായിരുന്നു സ്‌പാനിഷ് തുടക്കം. മധ്യവരയ്‌ക്ക് മുന്നിൽവച്ച് ഡാനി കർവഹാൽ പന്ത് പിടിച്ചെടുത്തു. പിന്നെ ലമീൻ യമാലിലേക്ക്. ഇംഗ്ലീഷ് പ്രതിരോധം ഓടിക്കൂടവെ യമാൽ പന്ത് മറുവശത്തേക്ക് ഒഴുക്കി. കൈൽ വാൾക്കർക്കും കൂട്ടർക്കും എത്തിപ്പിടിക്കാൻ എത്തുംമുമ്പ് വില്യംസ് നിറയൊഴിച്ചു. യമാൽ നാല് ഗോളിനാണ് അവസരമൊരുക്കിയത്. സെമിയിൽ ഫ്രാൻസിനെതിരെ തകർപ്പൻ ഗോളും നേടിയ യമാൽ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പട്ടു. റോഡ്രിയാണ് മികച്ച താരം.
സ്‌പെയ്‌ൻ ഉറപ്പിച്ച ഘട്ടത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ മറുപടി. എഴുപതാം മിനിറ്റിൽ കോബി മൈനൂവിന് പകരമെത്തിയ പാൽമർ ഇംഗ്ലണ്ടിന് ജീവൻ നൽകി. കളത്തിലെത്തി മൂന്നാം മിനിറ്റിൽ പാൽമർ ലക്ഷ്യം കാണുകയായിരുന്നു. ബുകായോ സാക്കയാണ് പ്രത്യാക്രമണത്തിന് തുടക്കമിട്ടത്. മാർക് കുകുറെല്ലയ്‌ക്ക് സാക്കയുടെ കുതിപ്പ് തടയാനായില്ല. സാക്ക ബോക്‌സിൽ ജൂഡ് ബെല്ലിങ്‌ഹാമിനെ കണ്ടു. ബെല്ലിങ്‌ഹാം പന്ത് പിന്നിലേക്ക് തട്ടി. ഓടിയെത്തിയ പാൽമർ വലയുടെ ഇടതുമൂല ലക്ഷ്യമാക്കി. സ്‌പാനിഷ് പ്രതിരോധത്തിനും ഗോൾ കീപ്പർ ഉനായ് സിമോണിനും എത്തിപ്പിടിക്കാനായില്ല.
അധിക സമയത്തേക്ക് കളി നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു ഒയർസബാൽ അവതരിച്ചത്. കുകുറെല്ലയുടെ ഒന്നാന്തരം നീക്കം പിടിച്ചെടുത്ത് ഒയർസബാൽ നിറയൊഴിച്ചപ്പോൾ സ്‌പാനിഷ് കിരീടം അതിൽ വിരിഞ്ഞു.ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻമാരായ ടീമായി സ്‌പെയ്‌ൻ.
1968ലായിരുന്നു സ്‌പെയ്‌നിന്റെ ആദ്യ കിരീടം. 2008, 2012 വർഷങ്ങളിലും ചാമ്പ്യൻമാരായി. ഇക്കുറി ലൂയിസ് ഡാ ലെ ഫുയന്റെയായിരുന്നു സ്‌പാനിഷ് പരിശീലകൻ. അണ്ടർ 19, 21 വിഭാഗങ്ങളിലും അറുപത്തിമൂന്നുകാരൻ സ്‌പെയ്‌നിനെ ചാമ്പ്യൻമാരാക്കിയിട്ടുണ്ട്.ഇക്കുറി ഗോൾ വേട്ടക്കാർക്കുള്ള പുരസ്‌കാരം ആറ് കളിക്കാർക്കായി വീതിച്ച് നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..