17 September Tuesday

ഇനി പാര്‍പ്പ് സ്‌പാനിഷ് വസതിയില്‍

സി പി വിജയകൃഷ്ണന്‍Updated: Saturday Aug 17, 2024

യൂറോ കപ്പ്‌ ചാമ്പ്യൻമാരായ സ്‌പാനിഷ്‌ ടീമിന്റെ ആഹ്ലാദം

 

യൂറോ കപ്പ്‌ ഫുട്‌ബോളിൽ സ്‌പെയിനിന്റെ മേധാവിത്വത്തെക്കുറിച്ച് സംശയമുണ്ടായിരുന്നില്ല. ഏഴു കളികള്‍, എല്ലാം ജയിച്ചു. ടൈബ്രേക്കറിലേക്ക് ഒന്നും നീട്ടുകയുണ്ടായില്ല. തോല്‍പ്പിച്ച ടീമുകളില്‍ ഇംഗ്ലണ്ടിനു പുറമെ, ക്രൊയേഷ്യയും മുന്‍ ലോകചാമ്പ്യന്‍മാരായ ഇറ്റലിയും ജര്‍മനിയും ഫ്രാൻസും. പ്രധാനികളില്‍ പോര്‍ച്ചുഗലും ഹോളണ്ടും മാത്രമേ സ്‌പെയിനിന്റെ നേര്‍ക്കുനേര്‍ വരാതിരുന്നുള്ളൂ.

 ‘അത് നമ്മുടെ സ്വന്തം വീട്ടിലേക്ക് വരികയാണോ, ഈസിറ്റ് കമിംഗ് ഹോം?’ ഇംഗ്ലീഷുകാരായ ആരാധകര്‍ യൂറോ കപ്പിനെ അങ്ങനെ പ്രതീക്ഷയോടെ വരേവേല്‍ക്കാനൊരുങ്ങിയിരുന്നതാണ്. ഫുട്‌ബോളിന്റെ അമ്മവീട് ഇംഗ്ലണ്ടാണെങ്കിലും ഇന്ന് അതിന് പാര്‍ക്കാന്‍ അനേകം വീടുകളുണ്ട്, പക്ഷെ  ‘ഹോം' എന്നുപറയാവുന്ന സ്വന്തം ഇടങ്ങള്‍ കുറവാണ്. അതിനാലത് കളിചിരികളുമായി സന്തോഷത്തോടെ കഴിയാന്‍ സാധിക്കുന്ന ഒരു വീട്ടിലേക്ക് യൂറോ കപ്പുമായി മടങ്ങിയിരിക്കുന്നു.

ലോകചാമ്പ്യന്‍മാരായ വനിതകളും സ്‌പാനിഷ് ഭവനങ്ങളിലാണ് കഴിയുന്നത് എന്നതുകൂടിയോര്‍ക്കണം. കഴിഞ്ഞ തവണ സ്വന്തം നാട്ടില്‍ ഇറ്റലിയോട് തോറ്റ ഇംഗ്ലണ്ട് തുടര്‍ച്ചയായി രണ്ടാം തവണയും ഫൈനലിലെത്തി. കഴിഞ്ഞ തവണ അവർക്ക്‌ സ്വന്തം കളിസ്ഥലമായ വെംബ്ലിയില്‍ ജയസാധ്യത കൂടുതലുണ്ടായിരുന്നു.

അത്രയും ജയസാധ്യത ജര്‍മനിയില്‍ ഉണ്ടായിരുന്നില്ല. കുന്തമുനയായി നിലകൊണ്ടിരുന്ന ഹാരി കെയ്‌ന് ഈ ടൂര്‍ണമെന്റിൽ മികവുറ്റ പ്രകടനം കാഴ്‌ചവെക്കാൻ കഴിഞ്ഞതുമില്ല. ഫൈനലിനു ശേഷം ക്യാമറയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട കെയ്ന്‍ ദുഃഖകരമായ കാഴ്ചയായിരുന്നു, പരപീഡാ കൗതുകം ഉണ്ടെങ്കില്‍ മാത്രം കാണാവുന്ന ഒരു കാഴ്ച. 

നിക്കോ വില്യംസ്

നിക്കോ വില്യംസ്

ഫൈനലില്‍ നിക്കോ വില്യംസ് സ്‌പെയിനിനുവേണ്ടി ആദ്യം ഗോളടിച്ചശേഷം പകരക്കാരന്‍ കോള്‍ പാമര്‍ ഇംഗ്ലണ്ടിനു വേണ്ടി സമനില നേടി. ആ ഘട്ടത്തില്‍ ഇംഗ്ലണ്ടിന്  ജയിക്കാന്‍ സാധ്യതയുണ്ടായിരുന്നു. പ്രതീക്ഷിക്കാത്തതെന്തും കളിയില്‍ സംഭവിക്കാമല്ലോ. സ്‌പെയിനിനെ വീണ്ടും ഒത്തുചേരാന്‍ ഇംഗ്ലണ്ട് അനുവദിക്കുകയും അങ്ങോട്ടുചെന്ന് കളിക്കാതെ അവരെ ഇങ്ങോട്ടു ക്ഷണിക്കുകയും ചെയ്തു.

അത്തരമൊരു ക്ഷണത്തിന് കാത്തിരിക്കുകയായിരുന്ന സ്‌പെയിൻ പെട്ടെന്നു തന്നെ കളി നിയന്ത്രിക്കുകയും പകരക്കാരന്‍ മിക്കല്‍ ഒയാര്‍സബാല്‍ വിജയഗോള്‍ നേടുകയും ചെയ്തു. അതായത് സ്‌പെയിനിന്റെ മേധാവിത്വത്തെക്കുറിച്ച് സംശയമുണ്ടായിരുന്നില്ല.

ഏഴു കളികള്‍, എല്ലാം ജയിച്ചു. ടൈബ്രേക്കറിലേക്ക് ഒന്നും നീട്ടുകയുണ്ടായില്ല. തോല്‍പ്പിച്ച ടീമുകളില്‍ ഇംഗ്ലണ്ടിന്‌ പുറമെ, ക്രൊയേഷ്യയും മുന്‍ ലോകചാമ്പ്യന്‍മാരായ ഇറ്റലിയും ജര്‍മനിയും ഫ്രാന്‍സും. പ്രധാനികളില്‍ പോര്‍ച്ചുഗലും ഹോളണ്ടും മാത്രമേ സ്‌പെയിനിന്റെ നേര്‍ക്കുനേര്‍ വരാതിരുന്നുള്ളൂ.

പെലെ

പെലെ

ലയണൽ മെസ്സി

ലയണൽ മെസ്സി

1958 ജൂണ്‍ 29ന് സ്റ്റോക്ക്‌ഹോമില്‍ 18ലേക്ക് കാലൂന്നുകയായിരുന്ന ഒരു കുട്ടിയുടെ ഗോള്‍ ലോകം ആഘോഷിച്ചിരുന്നു. ഫൈനലില്‍ സ്വീഡനെതിരെ പെലെ നേടിയ ഗോള്‍ ഇന്നും കൊണ്ടാടപ്പെടുന്നു. അതുപോലെ അവിസ്മരണീയമായ ഒരു ഗോള്‍ ഫ്രാന്‍സിനെതിരെ നേടിയ ലാമിന്‍ യമാല്‍ നാളെ ഒരു പെലെയോ മെസ്സിയോ ആയിത്തീരാം. യമാലിന്റെ മുന്നില്‍, ഒരു വിങ്ങിലെ ശൂന്യതപോലെ, കാലം വിശാലമായി നീണ്ടുകിടക്കുന്നു.

 ടച്ച് ലൈനിനു മേല്‍ ഞാണിന്മേല്‍ കളി കളിക്കുന്ന വിങ്ങര്‍മാരുടെ കാലം കഴിഞ്ഞിരിക്കുന്നു. വലതുഭാഗത്ത് വരക്കരികില്‍ കളിക്കുന്നുവെങ്കിലും യമാല്‍ ഒരു വിങ്ങറല്ല എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മറ്റേ പാതിയില്‍ കളിക്കുന്ന നിക്കോ വില്യംസും വിംഗറല്ല.

സ്‌പാനിഷ്‌ യുവതാരം ലാമിൻ യമാൽ

സ്‌പാനിഷ്‌ യുവതാരം ലാമിൻ യമാൽ

യമാല്‍ ഗോളടിക്കാനും ഗോളടിക്കുന്നതിന് വഴിയൊരുക്കാനും നടുഭാഗത്തേക്കു വരുന്നു. മെസ്സിയെപ്പോലെ യമാലും ക്രമേണ മധ്യഭാഗത്തേക്ക് വരാനാണിട. അങ്ങനെ രണ്ടാമതൊരു മെസ്സിയെ ഫുട്‌ബോള്‍ ലോകത്തിന് ലഭിച്ചേക്കാം. തീരുമാനങ്ങള്‍ പരിശീലകരും കളിക്കാരനും എടുക്കട്ടെ. കാണികള്‍ ആ തോളുകളില്‍ ഭാരം കയറ്റിവെക്കാതിരിക്കുകയാവും നല്ലത്.

2008ല്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ 2010ല്‍ ലോകകപ്പും 2012ല്‍ വീണ്ടും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും നേടി. പാസ്സുകളുടെ വല നെയ്ത് എതിരാളികളെ ശ്വാസം മുട്ടിക്കുന്ന ഒരു സ്‌പെയിനിന്റെ ചിത്രമായിരിക്കും കാണികളുടെ അക്കാലത്തെ ഓര്‍മ. എന്നാലിപ്പോള്‍ വശങ്ങളിലേക്ക് നോക്കുന്നതിന്‌ പകരം ഈ സ്‌പെയിന്‍ കൂടുതലായി നേരെ നോക്കുന്നു; എതിരാളിയെ തേടി മുണ്ടുമുറുക്കി അങ്ങോട്ടു ചെല്ലുന്നു. സദാ ആക്രമിക്കാന്‍ നോക്കുന്നു.

ഇംഗ്ലണ്ടിനും ഫ്രാന്‍സിനും ജയിക്കാനുള്ള തീവ്രാഭിലാഷമുണ്ടായിരുന്നില്ലേ? ഉണ്ടായിരുന്നിരിക്കാം, വിശേഷിച്ചും ട്രോഫികളുടെ അലമാര ശുഷ്‌ക്കിച്ച ഇംഗ്ലണ്ടിന്. പക്ഷെ രണ്ടു കൂട്ടരും അതിന് യോജിക്കുന്ന തരത്തില്‍ ത്യാഗസന്നദ്ധതയോ ആപത്‌സാ‌ധ്യതയെ വരിക്കാനുള്ള മനോഭാവമോ പ്രകടിപ്പിച്ചില്ല.

ഗാരത്‌  സൗത്ത്‌ഗേറ്റ്‌

ഗാരത്‌ സൗത്ത്‌ഗേറ്റ്‌

ദീദിയെ ദെഷോം

ദീദിയെ ദെഷോം

ഇംഗ്ലണ്ട് പരിശീലകന്‍ ഗാരത്‌ സൗത്ത്‌ഗേറ്റും ഫ്രാന്‍സ് പരിശീലകന്‍ ദീദിയെ ദെഷോമും ഇത്തരത്തിലുള്ള വിമര്‍ശനമാണ് നേരിട്ടത് - ദെഷോം വിശേഷിച്ചും. പരിശീലകന്റെ ഫുട്‌ബോള്‍ തത്വശാസ്ത്രം ഒരു ടീമിന്റെ കളിയില്‍ പ്രതിഫലിക്കും എന്നു വ്യക്തം. അറിയാത്ത, എന്നാല്‍ അറിയേണ്ടുന്ന ദേശങ്ങളിലേക്ക് ചെല്ലുന്നതിനു പകരം പരിചയമുള്ള അയല്‍പക്കങ്ങളില്‍ ചുറ്റിത്തിരിയുന്നതു പോലെയായിരുന്നു ഫ്രാന്‍സിന്റെ കളി.

 ഇംഗ്ലണ്ടിനു പകരം ഹോളണ്ടായിരുന്നു എതിരാളികളെങ്കില്‍ സ്‌പെയിന്‍  കൂടുതല്‍ ഭയക്കുമായിരുന്നോ? സ്‌പെയിനിന് കളിക്കാന്‍ കൂടുതലിഷ്ടം ഇംഗ്ലണ്ടുമായിട്ടായിരിക്കുമെന്ന് സ്‌പാനിഷ് ലീഗ് റിപ്പോർട്ട്‌ ചെയ്യുന്ന ലേഖിക സര്‍മ ഹണ്ടര്‍ പറയുകയുണ്ടായി. എതിര്‍ടീമിന്റെ ആകൃതിയെയും സമ്പ്രദായത്തെയും പരിക്കേല്‍പ്പിക്കാന്‍ കഴിയുന്ന കളിയാണ് ഹോളണ്ട് കളിക്കുക. അതില്‍ ആക്രമണ വാസനയും നിര്‍ഭയത്വവുമുണ്ട്.

2010ല്‍ സ്‌പെയിന്‍ നടാടെ ലോകകപ്പ് നേടിയപ്പോള്‍ ഹോളണ്ടായിരുന്നു എതിരാളി. സ്‌പെയിനിന്റെ പാസ്സ് വല കീറാന്‍ മിഡ്‌ഫീല്‍ഡില്‍ മാര്‍ക്ക് വാന്‍ ബൊമ്മലും നൈജല്‍ ഡിയോങ്ങും നിയമത്തിന്റെ പഴുതുകള്‍ ചൂഷണം

കോഡി ഗാക്‌പോ

കോഡി ഗാക്‌പോ

ചെയ്തുകൊണ്ട് നടത്തിയ കളി അതിന്റെ നിഷേധവശംകൊണ്ട് എഴുന്നുനില്‍ക്കുന്നു.

ഖത്തര്‍ ലോക കപ്പില്‍ അര്‍ജന്റീനയോട് ക്വാര്‍ട്ടറില്‍ ഹോളണ്ട് കളിച്ച കളിയും ഓര്‍മിക്കാവുന്നതാണ്. ചാമ്പ്യന്‍മാരായ അര്‍ജന്റീന ഹോളണ്ടിനെ ഷൂട്ടൗട്ടിലാണ് കീഴ്‌പ്പെടുത്തിയത്.

ഹോളണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രിയയോട് 3‐2ന് തോറ്റിരുന്നു. പ്രീക്വാര്‍ട്ടറില്‍ റുമാനിയയെ മറുപടിയില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച അവര്‍ക്ക്‌ തുര്‍ക്കിയെ 2‐1 ന് തോല്‍പ്പിക്കാന്‍ നന്നായി പ്രയത്‌നിക്കേണ്ടിവന്നു. ഇംഗ്ലണ്ടിനെ മറികടന്ന് അവര്‍ ഫൈനല്‍ കളിക്കാന്‍ സാധ്യത കുറവായിരുന്നു.

സാവി സിമ്മണ്‍സ് ഹോളണ്ടിനുവേണ്ടി ആദ്യഗോള്‍ നേടി എന്നതു ശരി. പക്ഷെ, ഇടതുവശത്ത് പതിവായി ശോഭിച്ചിരുന്ന കോഡി ഗാക്‌പോയും സിമ്മണ്‍സും തമ്മില്‍ പാലം പണിയാന്‍ പ്രയാസപ്പെട്ടു. ഇംഗ്ലണ്ട് പ്രതിരോധം പൊതുവെ ശക്തമായതാണ് കാരണം.

ഒള്ളി വാറ്റ്കിന്‍സ്

ഒള്ളി വാറ്റ്കിന്‍സ്

മിക്കൽ  ഒയർസബാൽ

മിക്കൽ ഒയർസബാൽ

പകരക്കാരുടെ യൂറോ കപ്പ് കൂടിയായിരുന്നു ഇത്. പകരക്കാർ 51 കളികളിൽ 23 ഗോളുകള്‍ നേടി. ഫൈനലില്‍ സ്‌പെയിനിനു വേണ്ടി വിജയഗോള്‍ നേടിയത് പകരക്കാരൻ മിക്കല്‍ ഒയര്‍സബാല്‍. ജര്‍മനിയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിന്‍ 2‐1 ന് തോല്‍പ്പിച്ചപ്പോള്‍ വിജയഗോള്‍ നേടിയതും ഒരു പകരക്കാരന്‍. ഇന്‍ജ്വറി ടൈമില്‍ ഗോള്‍ നേടിയ മിക്കല്‍ മൊറീനോ ഒയര്‍സബാലിനെപ്പോലെ റയല്‍ സോസ്യദാദിനു കളിക്കുന്നു.

റയല്‍ മാഡ്രിഡിന്റെയോ ബാഴ്‌സലോണയുടെയോ കളിക്കാരല്ല ഇരുവരും എന്നത് ശ്രദ്ധിക്കണം. സെമിഫൈനലില്‍ ഹോളണ്ടിനെതിരെ  ഇംഗ്ലണ്ടിനെ 90ാം മിനുട്ടില്‍ രക്ഷിച്ച ഒള്ളി വാറ്റ്കിന്‍സ് പകരക്കാരനായാണ് ഇറങ്ങിയത്.

ഇംഗ്ലീഷ് ലീഗിലെ മൂന്നാം തട്ടില്‍ കളിക്കുന്ന എക്‌സീറ്റര്‍ സിറ്റിയിലൂടെയാണ് വാറ്റ്കിന്‍സ് ക്രമേണ പ്രീമിയര്‍ ലീഗിലെ ആസ്റ്റൺവില്ലയില്‍ എത്തിപ്പെടുന്നത്. ഇപ്പോള്‍ 28 വയസ്സുണ്ട്. അതായത് യമാല്‍ ബാഴ്‌സലോണക്കെന്നതുപോലെ നേരിട്ട് പതിനാറാം വയസ്സില്‍ ഒന്നാം ഡിവിഷനില്‍ കളിക്കുന്നില്ല.

സ്‌പെയിന്‍ പകരക്കാരുടെ ടീം കൂടിയായിരുന്നു. അഥവാ ഒരു പാര്‍ട്‌സിന്‌ പകരം ഒറിജിനല്‍ പാര്‍ട്‌സ് തന്നെ എപ്പോഴും മാറ്റിവെക്കാന്‍ കഴിയുന്ന ടീം. മിഡ്‌ഫീൽഡില്‍ അവരുടെ പ്രധാനിയായ പെഡ്രിക്ക് ജര്‍മനിയുമായുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ പരിക്കേൽക്കുന്നു. പിന്നീട് ടൂര്‍ണമെന്റില്‍ ഒരു കാഴ്ചക്കാരന്‍ മാത്രമായി ഈ കളിക്കാരന്‍. പകരം വന്ന ഡാനി ഓള്‍മോയെ പിന്നീടവിടെ നിന്ന് പരിശീലകന്‍ ലൂയിസ് ഡിലാഫ്യൂവന്റെക്ക് മാറ്റേണ്ടിവന്നിട്ടില്ല.

എതിര്‍ടീമുകള്‍ക്ക് വലിയ ഭീഷണിയായിരുന്നു ഓള്‍മോ. ഫൈനലില്‍ മിഡ്‌ഫീൽഡില്‍ അവരുെട കളി നിയന്ത്രിക്കുന്ന റോഡ്രി പരിക്കു കാരണം പകുതിസമയം മാത്രമേ കളിച്ചുള്ളൂ. പകരം വന്നത്‌ സോസ്യദാദ്‌ താരം മാര്‍ടിന്‍ സുബിമെന്റി. റോഡ്രിയുടെ അഭാവം സുബിമെന്റി അറിയിച്ചതേയില്ല.

വലന്‍സിയയുടെ ഹോസെ ഗയക്ക്  പരിക്കേറ്റതിനെ തുടർന്നാണ്‌ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന  മാര്‍ക്ക് കുക്കുരേയ ടീമില്‍ സ്ഥിരം സ്ഥാനം നേടിയത്‌.
മുഴുവന്‍ സമയത്ത് അഞ്ചു കളിക്കാരെയും അധിക സമയത്ത് ഒരു കളിക്കാരനെയും ഇറക്കുന്നതിനു പുറമെ തലയ്‌ക്ക് ഇടിപറ്റിയാല്‍ വേറെ തന്നെ ഒരു പകരക്കാരനെ ടീമിന് ഇറക്കാം എന്നുള്ളതുകൊണ്ട് പരിശീലകന് ധാരാളം സാധ്യതകള്‍ അത് തുറന്നിടുന്നു.

അന്തിമ നിമിഷങ്ങളില്‍ പലപ്പോഴും പോരാട്ടം നയിക്കുന്നതിന് ഇവര്‍ ആദ്യസംഘത്തിലെ കളിക്കാര്‍ക്കൊപ്പം തോളോടുതോള്‍ ചേരുന്നു. ഖത്തര്‍ ലോക കപ്പ് ഫൈനലില്‍ അവസാനമായപ്പോഴേക്കും ഫ്രഞ്ച്‌ ടീമില്‍ അര്‍ജന്റീനക്കെതിരെ കളിക്കാന്‍ ഏഴു പകരക്കാരുണ്ടായിരുന്നു!

എങ്കില്‍ സൗത്ത്‌ഗേറ്റിനോ ദെഷോമിനോ പോര്‍ച്ചുഗല്‍ കോച്ച് റോബര്‍ട് മാര്‍ടിനെസിനോ പകരക്കാരെ ആദ്യാവസാനക്കാരായി ഉപയോഗിച്ചുകൂടായിരുന്നോ എന്ന ചോദ്യം ന്യായമാണ്. ഒരുപക്ഷെ പകരക്കാരെ പകരക്കാരായിത്തന്നെ ഉപയോഗിക്കുന്നതാവും കൂടുതല്‍ ഫലം തരിക. ഒരു പകരക്കാരനെ ഇറക്കുമ്പോള്‍ എതിരാളി പ്രതീക്ഷിക്കാത്ത ഒരംശത്തെ കളിയിലേക്ക് ചെലുത്തുകയാണ്.

ജര്‍മനിയുടെ നിക്ക്‌ലാസ് ഫുള്‍ക്രൂഗ്, ഹോളണ്ടിന്റെ വൂട്ട് വെഗ്‌ഹോസ്റ്റ് എന്നിവരെ കളത്തിലേക്ക് ഇറക്കുന്നതോടെ കളിയുടെ ഗിയര്‍ തന്നെ മാറുകയാണ്. ചില പകരക്കാരെ വേണ്ടപോലെ ഉപയോഗപ്പെടുത്തിയില്ലെന്നും വരാം. ഫ്രാന്‍സിന്റെ ബ്രാഡ്‌ലി ബാര്‍കൊള അത്തരത്തിലുള്ള കളിക്കാരനായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും പിശുക്കനായ പരിശീലകന്‍ ആരാണെന്ന് ചോദിച്ചാല്‍ അത് ദീദിയെ ദെഷോം ആണ്.

ഉള്ള ശക്തി ശരിയായി വിനിയോഗിക്കാതെ തോല്‍ക്കുന്നുവെങ്കില്‍ അത് ഇരട്ടി പരാജയമാണ്. ഒരു ഗോള്‍ തോൽവിക്കു പകരം രണ്ടു ഗോള്‍ തോൽവി.

ഇംഗ്ലണ്ട്‌ ക്യാപ്‌റ്റൻ ഹാരി കെയ്‌ൻ ഫൈനലിന്‌ ശേഷം നിരാശയോടെ മടങ്ങുന്നു

ഇംഗ്ലണ്ട്‌ ക്യാപ്‌റ്റൻ ഹാരി കെയ്‌ൻ ഫൈനലിന്‌ ശേഷം നിരാശയോടെ മടങ്ങുന്നു

ചില ആദ്യാവസാനക്കാരെ മാറ്റുന്നത് പരിശീലകന് ആലോചിക്കാന്‍ വയ്യാത്ത കാര്യമായിരിക്കും. ര്‍മന്‍ ലീഗില്‍ ടോപ്‌ സ്‌കോററാണ് ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍. 32 കളികള്‍, 36 ഗോളുകള്‍! ഇംഗ്ലണ്ട് ഏതെങ്കിലും ഒരു ഘട്ടത്തില്‍ കെയ്‌നില്‍ നിന്ന് ഗോള്‍ പ്രതീക്ഷിക്കുന്നുണ്ടാവും.

അത് സംഭവിക്കുന്ന അത്രയും സമയം മറ്റൊരാളെ പരീക്ഷിക്കുന്നത് വൈകിപ്പോകുന്നു. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അവസ്ഥ വ്യത്യസ്തമായിരുന്നു. 39കാരനായ റൊണാള്‍ഡോ ഗോളടിക്കുമെന്ന് തോന്നിച്ചതേയില്ല. മറ്റു നല്ല കളിക്കാര്‍ അവരുടെ ബെഞ്ചിലുണ്ടായിരിക്കണം. സ്ലൊവാക്യക്കെതിരെയുള്ള കളിയില്‍ മുഴുസമയത്ത് കിട്ടിയ പെനാല്‍ട്ടി റൊണാള്‍ഡോ പാഴാക്കുകയും കരയുകയും ചെയ്തു. ഇതായിരുന്നു അദ്ദേഹത്തിന്റെ കളി സമ്മാനിച്ച ഒരു കാഴ്ച.

മറ്റു സന്ദര്‍ഭങ്ങളില്‍ അദ്ദേഹം കവിളുകള്‍ വീര്‍പ്പിക്കുകയും ഫ്രീകിക്കുകള്‍ ആകാശത്തേക്കോ ചുമരുകള്‍ക്കു നേരെയോ  അടിച്ചു കളയുകയും ചെയ്തു. തുര്‍ക്കിക്കെതിരെ പ്രാഥമിക റൗണ്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന് ഗോളടിക്കാന്‍ സൗമനസ്യത്തോടെ പന്ത് നീക്കി വെച്ചു കൊടുത്തതാണ് അദ്ദേഹം അവശേഷിപ്പിച്ച നല്ല കാഴ്ച.

ഇവരുടെ ഗണത്തില്‍പ്പെടുത്താവുന്ന ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച് ടീമിന് ഒഴിച്ചുകൂടാനാവാത്ത കളിക്കാരനായിരുന്നു. 39 കാരനായ മോഡ്രിച്ച് ഗ്രൂപ്പ് മത്സരത്തില്‍ ഇറ്റലിക്കെതിരെ പെനാല്‍റ്റി പാഴാക്കിയെങ്കിലും അടുത്ത നിമിഷത്തില്‍ത്തന്നെ കിട്ടിയ പന്ത് ഗോളാക്കുകയും ചെയ്തു. കളിയിൽ നിന്ന് വിരമിക്കാറായ ഒരാളില്‍നിന്ന് പ്രതീക്ഷിക്കാവുന്ന ഒരു നീക്കമായിരുന്നില്ല അത്.

ഡഗൗട്ടിലെ ഉത്തരത്തില്‍ പിടിച്ച് കളിയുടെ അന്ത്യനിമിഷങ്ങള്‍ ആകാംക്ഷയോടെ വീക്ഷിക്കുന്ന മോഡ്രിച്ചിനെ കണ്ടു. കുപ്പായമൂരി, എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയും വിധം വാരിയെല്ലുകള്‍ പുറത്തുകാണിച്ചുകൊണ്ട്, ഗ്രൗണ്ടിലൂടെ നടന്നുനീങ്ങുന്ന മോഡ്രിച്ചിനെയും കാണാന്‍ കഴിഞ്ഞു. കളിക്കളത്തിലെ അദ്ദേഹത്തിന്റെ അവസാന ദൃശ്യങ്ങളിലൊന്നായിരിക്കണം ഇത്.

എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ഇറ്റലിയുടെ പകരക്കാരന്‍ മാറ്റിസ് സക്കാഞ്ഞി സമനില ഗോള്‍ നേടിയതോടെ ഇറ്റലി അവസാന 16ല്‍ കടന്നു. ഏതാണ്ട് 98 മിനുട്ട് പിന്നിട്ടിരുന്നു കളി അപ്പോള്‍. മോഡ്രിച്ചിന്റെ ടീം പുറത്ത്. ഇറ്റലി പക്ഷെ പതിനാറാം കളത്തില്‍ വീണു. ചെറുപ്രായക്കാര്‍ അരങ്ങേറ്റം കുറിച്ച ഈ യൂറോ കപ്പില്‍ മുതിര്‍ന്ന കളിക്കാരില്‍ ഇതുപോലെ പഴയ ശൗര്യം ഓര്‍മിപ്പിക്കും വിധം കളിച്ച ഒരാള്‍ പോര്‍ച്ചുഗലിന്റെ പെപ്പെ ആയിരുന്നു.

ഫാന്‍സിന്റെ മാര്‍ക്കസ് തുറാമിനെ മത്സരയോട്ടമോടി പന്തു പിടിച്ച ശേഷം പെപ്പെ നെഞ്ചത്തടിച്ച് ഒരാഫ്രിക്കന്‍ വനത്തിലെന്നതു പോലെ ആഘോഷിച്ചു.

കിലിയൻ  എംബാപ്പെ

കിലിയൻ എംബാപ്പെ

കിലിയന്‍ എംബാപ്പെയുടെ സാഹചര്യം വ്യത്യസ്തമായിരുന്നു.ഓസ്ട്രിയക്കെതിരെ, കടുപ്പം കൂടിയ മത്സരത്തില്‍, മൂക്കിന് പരിക്കേറ്റ എംബാപ്പെ പിന്നീട് മുഖത്ത് രക്ഷ കെട്ടിയാണ് കളിച്ചത്. സെമിയില്‍ സ്‌പെയിനിനെതിരെ ഇത് ഊരിക്കളഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ കളി മനസ്സ് ഇവിടെയല്ലെന്ന പോലെയായിരുന്നു.

പാരീസ് സാങ്‌ഷെര്‍മാങ് (പിഎസ്‌ജി) ടീമില്‍ നിന്ന്‌ എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് മാറുകയാണ്. അതിന്റെ അലോസരങ്ങള്‍ ഒരുപക്ഷെ ഉണ്ടാവാം. എംബാപ്പെയുടെ വിടുതല്‍ പിഎസ്‌ജി ക്ക് മാത്രമല്ല, ഫ്രഞ്ച് ലീഗിനു തന്നെ ക്ഷീണമായിരിക്കും.

സെല്‍ഫ് ഗോളുകളുടെ ആറാട്ടായിരുന്നു ടൂര്‍ണമെന്റില്‍. ചില ഗോളുകള്‍ കളിയുടെ വിധിയെഴുതി. ബെല്‍ജിയം ഫ്രാന്‍സിനോട് തോറ്റത് വെര്‍ടോങ്ങന്റെ സെല്‍ഫ് ഗോളിലായിരുന്നു. സെമിക്കും ഫൈനലിനും മുൻപ് 48 കളികളില്‍ 10 സെൽഫ്‌ ഗോള്‍. പെനാല്‍ട്ടി ബോക്‌സിലെ തിരക്കുകൂട്ടലാണ് ഈ സ്ഥിതിക്ക് കാരണമെന്ന് അനുമാനിക്കുന്നു.

ശക്തിയുള്ള ചില ടീമുകള്‍ അത് ചെലവാക്കാതെ മറ്റൊരു ദിവസത്തേക്ക് സൂക്ഷിച്ചു വെച്ചതുപോലെ കളിച്ചപ്പോള്‍ അത്തരം ആലോചനയൊന്നും കൂടാതെ ആഘോഷിച്ചു കളിച്ച ടീമുകളുണ്ടായിരുന്നു. അങ്ങനെ കളിച്ച് ഫുട്‌ബോള്‍ സ്ഥാനപ്പട്ടികയില്‍ എഴുപത്തിനാലാം സ്ഥാനത്തു നിൽക്കുന്ന ജോര്‍ജിയ അവസാനത്തെ 16 വരെയെത്തി.

ഗ്രൂപ്പ് ഘട്ടത്തില്‍ അവര്‍ പോര്‍ച്ചുഗലിനെ മടക്കമില്ലാത്ത രണ്ടു ഗോളിന് ഞെട്ടിച്ചു. ടൂര്‍ണമെന്റിലെ മികച്ച ഗോളികളിലൊരാള്‍ അവരുടെ ജിയോര്‍ഗി മാമദാർഷ്‌വിലിയാണ്.
തുര്‍ക്കി കാണികളുടെ വൻ പിന്തുണയോടെ യൂറോ കപ്പ് കൊണ്ടാടി. അവരുടെ മിഡ്‌ഫീൽഡർ 19കാരനായ അര്‍ദ ഗുലേര്‍ യൂറോയെ സമ്പന്നമാക്കിയ മറ്റു കുമാരന്‍മാരുടെ കൂട്ടത്തില്‍ പെടുന്നു.

ജര്‍മനിയിലെ തുര്‍ക്കി വംശജരുടെ എണ്ണം 29 ലക്ഷം വരും. ഇതില്‍ത്തന്നെ 14 ലക്ഷം പേര്‍ ജര്‍മന്‍ പൗരന്മാരാണ്. യുവ ടീമുകളില്‍ ജര്‍മനിക്ക് കളിച്ച്‌ പിന്നീട്‌ തുര്‍ക്കി ദേശീയ ടീമിലെത്തിലെത്തിയവരുണ്ട്‌. റാള്‍ഫ്  റാഗ്‌നിക് പരിശീലിപ്പിക്കുന്ന ഓസ്ട്രിയ കുറേക്കൂടി മുന്നേറാന്‍ കെല്പുള്ള ടീമായിരുന്നു. കവിഞ്ഞ ശാരീരികബലം പ്രയോഗിക്കുന്ന ടീമകളിലൊന്ന്‌. എംബാപ്പെയുടെ മൂക്കിന് പരിക്കേറ്റതും ഓസ്ട്രിയയുമായുള്ള കളിയില്‍ത്തന്നെ.

മത്സര ക്രമത്തില്‍ സ്‌പെയിനും ഫ്രാന്‍സും ഉൾപ്പെടുന്ന പകുതിയില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ അവരെ നാം ഫൈനലില്‍ കാണുമായിരുന്നു. ജര്‍മനിയും സ്‌പെയിനും തമ്മിലുള്ള നോക്കൗട്ട് മത്സരം ഫൈനലിനു മുമ്പുള്ള ഫൈനലായി കലാശിച്ചത് അങ്ങനെയാണ്.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിയും ഇതായിരുന്നു. ടോണി ക്രൂസും ജമാല്‍ മുസിയാലയും ടൂര്‍ണമെന്റിലെ മികച്ച കളിക്കാരുടെ കൂട്ടത്തില്‍ പെടുമെങ്കിലും ക്രൂസ്, പെഡ്രിയുടെ മേല്‍ കാണിച്ച ഫൗളാണ് മനസ്സില്‍ അവശേഷിക്കുക.

കളി കാണാന്‍ ജര്‍മനിയിലെത്തിയ ഏതാണ്ടെല്ലാവരും തന്നെ ടൂര്‍ണമെന്റ് നന്നായി നടത്തിയതിന് സംഘാടകരെ അഭിനന്ദിക്കുകയുണ്ടായി. കളിക്ക് അകത്തും പുറത്തും വലിയ വിവാദങ്ങളുണ്ടായില്ല. നന്നായി കളിക്കാതെ തന്നെ യൂറോ കപ്പ് നേടാം. 2004ൽ ഗ്രീസ് ആയിരുന്നു ചാമ്പ്യന്മാര്‍. സ്‌പെയിന്‍ ചിലപ്പോള്‍ തോറ്റുപോകുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്ങ്കില്‍ ഫുട്‌ബോള്‍ മടക്കമില്ലാത്ത രണ്ടു ഗോളിന് തോൽക്കുമായിരുന്നു.

 

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top