മെസ്‌റ്റല്ല
റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ഇരട്ടഗോളിൽ ബാഴ്‌സലോണ സ്‌പാനിഷ് ലീഗിൽ ജയത്തോടെ തുടങ്ങി. പുതിയ പരിശീലകൻ ഹാൻസി ഫ്‌ളിക്കിന് കീഴിലുള്ള ആദ്യകളി ബാഴ്‌സ മോശമാക്കിയില്ല. വലെൻസിയയെ 2–-1നാണ് കീഴടക്കിയത്. സാവിക്ക് പകരമാണ് ഫ്‌ളിക്ക് ബാഴ്‌സയുടെ പരിശീലകനായത്.
പിന്നിട്ടുനിന്നശേഷമായിരുന്നു കറ്റാലൻമാരുടെ തിരിച്ചുവരവ്. ആദ്യപകുതിയുടെ അവസാനഘട്ടത്തിൽ ഹ്യൂഗോ ഡ്യൂറോ വലെൻസിയയെ മുന്നിലെത്തിച്ചു. പരിക്കുസമയത്ത് ലെവൻഡോവ്‌സ്‌കി ബാഴ്‌സയുടെ മറുപടി നൽകി. രണ്ടാംപകുതിയുടെ തുടക്കത്തിൽ പെനൽറ്റിയിലൂടെ ലീഡുമൊരുക്കി. വലെൻസിയ മികച്ച തുടക്കമാണ് കുറിച്ചത്. ബാഴ്‌സയുടെ മധ്യനിരയിലെ മോശം പ്രകടനം മുതലെടുത്ത് വലെൻസിയ മുന്നേറി. ദ്യേഗോ ലോപെസിന്റെ ക്രോസിൽനിന്നായിരുന്നു ഡ്യൂറോയുടെ ഗോൾ.
പതിനേഴുകാരൻ ലമീൻ യമാലായിരുന്നു ഫ്‌ളിക്കിന്റെ സംഘത്തിന് ജീവൻ നൽകിയത്. യൂറോ കപ്പിൽ മിന്നുന്ന പ്രകടനം നടത്തിയ സ്‌പാനിഷുകാരൻ ലീഗിലും അതേ മികവ് തുടർന്നു. വലെൻസിയക്ക് പലപ്പോഴും പിടിച്ചുനിൽക്കാനായില്ല. ബാഴ്‌സയുടെ ആദ്യ ഗോളിന് അവസരമൊരുക്കിയത് യമാലായിരുന്നു. രണ്ടാംപകുതിയുടെ തുടക്കത്തിൽ യമാൽ ഗോളിന് അടുത്തെത്തി. സ്‌പാനിഷുകാരന്റെ അടി ഗോൾ കീപ്പർ മമദാർഷ്‌വിലി കൈയിലൊതുക്കുകയായിരുന്നു. പിന്നാലെ പെനൽറ്റി കിട്ടി. റഫീന്യയെ വലെൻസിയ പ്രതിരോധക്കാരൻ ക്രിസ്‌ത്യൻ മൊസ്‌ക്യൂയേറ ബോക്‌സിൽ വീഴ്‌ത്തിയതിനായിരുന്നു പെനൽറ്റി. ലെവൻഡോവ്‌സ്‌കിയുടെ കിക്ക് കൃത്യം വലയിലെത്തി.
കഴിഞ്ഞസീസണിൽ ഒന്നാംസ്ഥാനക്കാരായ റയൽ മാഡ്രിഡിനെക്കാൾ 10 പോയിന്റ് പിന്നിലായിരുന്നു ബാഴ്‌സ. ലീഗിലെ മറ്റൊരു കളിയിൽ സെവിയ്യയും ലാ പൽമാസും 2–-2ന് പിരിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..