25 December Wednesday

ബാഴ്‌സയുടെ മറുപടി

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

image credit FC Barcelona facebook


ബാഴ്‌സലോണ
ബാഴ്‌സലോണ ഒരു ഹൃദയഭാരം ഇറക്കിവച്ചു. ഏറെ നാളായി തുടരുന്ന അപമാനവും നീറ്റലും ഒറ്റജയത്താൽ മായ്‌ച്ചുകളഞ്ഞു. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ബയേൺ മ്യൂണിക്കിനെതിരായ 4–-1 ജയം ബാഴ്‌സയ്‌ക്ക്‌ നൽകുന്ന ആശ്വാസം പറഞ്ഞറിയിക്കാനാകില്ല. 2015നുശേഷം ജർമൻ ക്ലബ്ബിനെതിരെ ഒറ്റ ജയമില്ല. തുടർച്ചയായി ആറു കളിയിൽ വൻ തോൽവി ഏറ്റുവാങ്ങി. 22 ഗോൾ വഴങ്ങി. തിരിച്ചടിച്ചത്‌ നാലെണ്ണം മാത്രം. ബയേണിന്റെ പരിശീലകനായിരുന്ന ഹാൻസി ഫ്ലിക്കാണ്‌ നിലവിൽ ബാഴ്‌സയുടെ ചുമതലക്കാരൻ. നാലുവർഷം മുമ്പ്‌ ഫ്ലിക്കിനുകീഴിലായിരുന്നു 8–-2ന്‌ ബയേൺ ബാഴ്‌സയെ തകർത്തുവിട്ടത്‌. ഇതിനുള്ള മറുപടികൂടിയായി ഇത്തവണത്തെ വിജയം.

സീസണിൽ അപാര കളി പുറത്തെടുക്കുന്ന ബ്രസീൽ വിങ്ങർ റഫീന്യയുടെ ഹാട്രിക്കിലാണ്‌ മിന്നും ഹാട്രിക്കാണ്‌ കരുത്തായത്‌. റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയും ലക്ഷ്യംകണ്ടു. ഹാരി കെയ്‌നാണ്‌ ബയേണിനായി മടക്കിയത്‌. സ്വന്തം തട്ടകത്തിൽ ബാഴ്‌സയ്‌ക്ക്‌ ഒട്ടും ആശങ്കയുണ്ടായിരുന്നില്ല. ആദ്യ മിനിറ്റിൽത്തന്നെ റഫീന്യയുടെ ബൂട്ടുകൾ ഗർജിച്ചു. എന്നാൽ, കെയ്‌നിലൂടെ ബയേൺ 18–-ാം മിനിറ്റിൽ ഒപ്പമെത്തി. പക്ഷേ, ആതിഥേയർ പതറിയില്ല. ലെവൻഡോവ്‌സ്‌കി വീണ്ടും ലീഡ്‌ നൽകി. ഇടവേളയ്‌ക്കുമുമ്പ്‌ റഫീന്യ രണ്ടാംഗോളും നേടി. രണ്ടാംപകുതിയുടെ തുടക്കം ഹാട്രിക്കും പൂർത്തിയാക്കി. ഈ സീസണിൽ ഇരുപത്തേഴുകാരൻ 13 കളിയിൽ ഒമ്പത്‌ ഗോളും എട്ട്‌ അവസരവും ഒരുക്കി.

ബയേണിനെതിരായ ജയം നാളെ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ നേരിടുന്ന ബാഴ്‌സയ്‌ക്ക്‌ ആത്മവിശ്വാസം നൽകും. റയലും ചാമ്പ്യൻസ്‌ ലീഗിൽ ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ തകർത്താണ്‌ എത്തുന്നത്‌. ഇതിനാൽ സീസണിലെ ആദ്യ ക്ലാസികോ പൊടിപാറും.

ലിവർപൂൾ, സിറ്റി ജയിച്ചു

ചാമ്പ്യൻസ്‌ ലീഗിലെ മറ്റു മത്സരങ്ങളിൽ ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും ജയം. ലിവർപൂൾ കരുത്തരായ ആർബി ലെയ്‌പ്‌സിഗിനെ ഒറ്റ ഗോളിന്‌ വീഴ്‌ത്തി. ഡാർവിൻ ന്യൂനെസ്‌ വിജയഗോൾ നേടി. സിറ്റി സ്‌പാർട്ട പ്രാഗയെ 5–-0ന്‌ മുക്കി. അത്‌ലറ്റികോ മാഡ്രിഡ്‌ ലില്ലെയോട്‌ 3–-1ന്‌ വീണു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top