ലോക ചെസിൽ ഇന്ത്യ തെളിമയോടെ ഉദിക്കുന്നു. വിശ്വനാഥൻ ആനന്ദ് കൊളുത്തിയ ദീപവുമായി യുവനിര മുന്നോട്ട്. ചെസ് ഒളിമ്പ്യാഡിൽ ഇരട്ടസ്വർണവുമായി ഇന്ത്യ ആധിപത്യം ഉറപ്പിച്ചു. ഓപ്പൺ വിഭാഗത്തിൽ എതിരില്ലാത്ത നേട്ടമാണ്. വനിതകൾ പൊരുതിനേടിയ വിജയവും
ബുഡാപെസ്റ്റ്
ഇന്ത്യൻ ചെസിൽ സമാനതകളില്ലാത്ത നേട്ടം. ചെസ് ഒളിമ്പ്യാഡിൽ സമഗ്രാധിപത്യത്തോടെയാണ് യുവനിരയുടെ കുതിപ്പ്. ഓപ്പൺ വിഭാഗത്തിൽ 11 റൗണ്ടിൽ ഒറ്റക്കളിയും തോറ്റില്ല. നിലവിലെ ചാമ്പ്യൻമാരായ ഉസ്‌ബക്കിസ്ഥാനോട് ഒമ്പതാംറൗണ്ടിൽ സമനിലയായി. കരുത്തരായ അമേരിക്കയെയും ചൈനയെയും അനായാസം കീഴടക്കി.
ലോക മൂന്നാം റാങ്കുകാരനായ അർജുൻ എറിഗെയ്‌സിയുടെ മികവ് നിർണായകമായി. 11 കളിയിലും അണിനിരന്ന ഇരുപത്തൊന്നുകാരൻ ഒമ്പതിലും ജയിച്ചു. രണ്ടെണ്ണത്തിൽ സമനില. ലോക ചാമ്പ്യൻഷിപ് കളിക്കാനൊരുങ്ങുന്ന ഡി ഗുകേഷും മികച്ച ഫോമിലായിരുന്നു. പത്തു കളിയിൽ എട്ടും ജയിച്ചു. രണ്ടെണ്ണം സമനിലയായി. പതിനെട്ടുകാരൻ ഗുകേഷ് നവംബറിൽ ചൈനയുടെ ലോകചാമ്പ്യൻ ഡിങ് ലിറനെ നേരിടുകയാണ്. പത്തൊമ്പതുകാരൻ ആർ പ്രഗ്‌നാനന്ദ പ്രതീക്ഷിച്ച ഫോമിലായിരുന്നില്ല. ടീമിലെ ഏക തോൽവി പ്രഗ്‌നാനന്ദയ്‌ക്കാണ്. പത്തു കളിയിൽ മൂന്നു ജയമാണുള്ളത്. ആറെണ്ണം സമനിലയായി. വിദിത് ഗുജറാത്തി അഞ്ചുവീതം ജയവും സമനിലയും നേടി.
ടീമിലെ അഞ്ചാമനായ പി ഹരികൃഷ്‌ണയ്‌ക്ക് മൂന്നു കളിയിലാണ് അവസരം കിട്ടിയത്. അതിൽ രണ്ടെണ്ണം ജയിച്ചു. ഒരു കളി സമനിലയായി. കഴിഞ്ഞതവണ ചെന്നൈയിൽ ഇന്ത്യയുടെ രണ്ടാമത്തെ ടീമാണ് വെങ്കലം നേടിയത്. ഡി ഗുകേഷും പ്രഗ്‌നാനന്ദയും അന്ന് ടീമിലുണ്ടായിരുന്നു. മലയാളിതാരം നിഹാൽ സരിനും വെങ്കല ടീമിൽ ഉൾപ്പെട്ടു.
അവസാന റൗണ്ടിൽ സ്ലൊവേനിയക്കെതിരെ അനായാസജയമായിരുന്നു. ഗുകേഷ് വ്ലാഡിമിർ ഫെഡൊവീവിനെ കീഴടക്കി. പ്രഗ്‌നാനന്ദ ആന്റൺ ഡെമചെങ്കോവിനെയും അർജുൻ ജാൻ സുബെൽജിയും പരാജയപ്പെടുത്തി. വിദിത്തിന് സമനിലയാണ്. മതെജ് സെബെനിക് സമനില പിടിച്ചു. കഴിഞ്ഞതവണ വെങ്കലം നേടിയ വനിതാ ടീം ഇത്തവണ മികച്ച പ്രകടനമാണ് നടത്തിയത്. 11 റൗണ്ടിൽ പോളണ്ടിനോടുമാത്രമാണ് തോറ്റത്. അമേരിക്കയുമായി സമനില നേടി. ആർ വൈശാലിയും ദിവ്യ ദേശ്‌മുഖും മികച്ച കളി പുറത്തെടുത്തു. അവസാന റൗണ്ടിൽ അസർബെയ്‌ജാനെതിരെ ആധികാരികജയം നേടി. ഡി ഹരികയും ദിവ്യ ദേശ്‌മുഖും വന്ദിക അഗ്രവാളും ജയിച്ചു. ആർ വൈശാലിക്ക് സമനില. ഇരുവിഭാഗത്തിലെയും മികച്ച ഓവറോൾ പ്രകടനത്തിനുള്ള ട്രോഫി ഇന്ത്യ സ്വന്തമാക്കി.
സ്വർണവഴി
ഓപ്പൺ വിഭാഗം
(റൗണ്ട്, എതിരാളി, പോയിന്റുകൾ ക്രമത്തിൽ)
പതിനൊന്നാം റൗണ്ട്:
സ്ലൊവേനിയ (3.5–-0.5)
പത്താംറൗണ്ട്:
അമേരിക്ക (2.5–-1.5)
ഒമ്പതാംറൗണ്ട്:
ഉസ്‌ബകിസ്ഥാൻ (2–-2)
എട്ടാംറൗണ്ട്:
ഇറാൻ (3.5–-0.5)
ഏഴാംറൗണ്ട്: ചൈന (2.5–-1.5)
ആറാംറൗണ്ട്: ഹംഗറി (3–-1)
അഞ്ചാംറൗണ്ട്:
അസർബെയ്‌ജാൻ (3–-1)
നാലാംറൗണ്ട്:
സെർബിയ (3.5–-0.5)
മൂന്നാംറൗണ്ട്:
ഹംഗറി ബി (3.5–-0.5)
രണ്ടാംറൗണ്ട്:
ഐസ്‌ലൻഡ് (4–-0)
ഒന്നാംറൗണ്ട്:
മൊറോക്കോ (4–-0)
വനിതകൾ
പതിനൊന്നാംറൗണ്ട്:
അസർബെയ്‌ജാൻ (3.5–-0.5)
പത്താംറൗണ്ട്:
ചൈന (2.5–-1.5)
ഒമ്പതാംറൗണ്ട്:
അമേരിക്ക (2–-2)
എട്ടാംറൗണ്ട്:
പോളണ്ട് (1.5–-2.5)
ഏഴാംറൗണ്ട്: ജോർജിയ (3–-1)
ആറാംറൗണ്ട്:
അർമേനിയ (2.5–-1.5)
അഞ്ചാംറൗണ്ട്:
കസാഖ്‌സ്ഥാൻ (2.5–-1.5)
നാലാംറൗണ്ട്:
ഫ്രാൻസ് (3.5–-0.5)
മൂന്നാംറൗണ്ട്:
സ്വിറ്റ്‌സർലൻഡ് (3–-1)
രണ്ടാംറൗണ്ട്:
ചെക്ക് റിപ്പബ്ലിക് (3.5–-0.5)
ഒന്നാംറൗണ്ട്:
ജമൈക്ക (3.5–-0.5).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..