മൊനഗാസ്
ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ബ്രസീലിന് ആശ്വാസം. പിന്നിട്ടുനിന്നശേഷം ചിലിയെ 2–-1ന് മറികടന്നു. ലോകചാമ്പ്യൻമാരായ അർജന്റീന വെനസ്വേലയുമായി കുരുങ്ങി (1–-1). ജയത്തോടെ ബ്രസീൽ പട്ടികയിൽ നാലാംസ്ഥാനത്തേക്കുയർന്നു. ഒമ്പത് കളിയിൽ നാലുവീതം ജയവും തോൽവിയും ഒരു സമനിലയും ഉൾപ്പെടെ 13 പോയിന്റാണ്. അർജന്റീന ഒന്നാമത് തുടർന്നു. 19 പോയിന്റാണ്. ആറ് ജയമുണ്ട്. രണ്ട് തോൽവിയും ഒരു സമനിലയും. അതേസമയം, യോഗ്യതാ റൗണ്ടിൽ ആദ്യമായി കൊളംബിയ തോറ്റു. ഒരു ഗോളിന് ബൊളീവിയയാണ് വീഴ്‌ത്തിയത്.
കൊളംബിയ (16) രണ്ടാമതാണ്. ഉറുഗ്വേ (15) മൂന്നാംസ്ഥാനത്ത്.എതിർതട്ടകത്തിൽ ബ്രസീലിന് മോശം തുടക്കമായിരുന്നു. രണ്ടാംമിനിറ്റിൽത്തന്നെ ഗോൾവഴങ്ങി. മുന്നേറ്റക്കാരൻ എഡ്വേർഡോ വാർഗാസാണ് ചിലിയെ മുന്നിലെത്തിച്ചത്. എന്നാൽ, അരങ്ങേറ്റക്കാരൻ ഇഗർ ജെസ്യൂസ് ഇടവേളയ്‌ക്കുമുന്നേ കാനറികൾക്ക് സമനില സമ്മാനിച്ചു. കളിതീരാൻ ഒരു മിനിറ്റ് ബാക്കിനിൽക്കെ പകരക്കാരനായെത്തിയ ലൂയിസ് ഹെൻറിക്വെ വിജയഗോളും നേടി. ബ്രസീൽ ക്ലബ്ബായ ബൊട്ടാഫോഗോയ്‌ക്കായാണ് ഇഗറും ലൂയിസും കളിക്കുന്നത്.
പരിക്കുമാറി ക്യാപ്‌റ്റൻ ലയണൽ മെസി തിരിച്ചെത്തിയ കളിയിൽ നികോളാസ് ഒട്ടമെൻഡിയിലൂടെ അർജന്റീനയാണ് മുന്നിലെത്തിയത്. എന്നാൽ, സ്വന്തം മൈതാനത്ത് സലോമോൻ റോണ്ടൻ വെനസ്വേലയുടെ സമനില നേടി. ബുധൻ പുലർച്ചെ ബൊളീവിയയുമായാണ് അർജന്റീനയുടെ അടുത്ത കളി. ബ്രസീൽ അന്നുതന്നെ പെറുവിനെ നേരിടും. കൊളംബിയയെ മിഗ്വേൽ ടെർസെറൊസ് നേടിയ ഗോളിലാണ് ബൊളീവിയ കീഴടക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..