ബ്യൂണസ് ഐറിസ്
ലൗതാരോ മാർട്ടിനെസിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഗോളിൽ പെറുവിനെ കീഴടക്കി അർജന്റീന ലോകകപ്പ് യോഗ്യതയ്‌ക്കരികെ. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ പെറുവിനെ ഒരു ഗോളിന് കീഴടക്കിയ ലയണൽ മെസിക്കും സംഘത്തിനും ഒന്നാംസ്ഥാനത്ത് അഞ്ച് പോയിന്റ് ലീഡായി. മുൻ ചാമ്പ്യൻമാരായ ബ്രസീലും ഉറുഗ്വേയും 1–-1ന് പിരിഞ്ഞു. ഉറുഗ്വേ രണ്ടാമതും ബ്രസീൽ അഞ്ചാമതുമാണ്. കൊളംബിയ ഇക്വഡോറിനോട് തോറ്റു.
അവസാനകളിയിൽ പരാഗ്വേയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ അർജന്റീന പട്ടികയിലെ അവസാനസ്ഥാനക്കാരായ പെറുവിനെതിരെ ആധികാരിക പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ, ഗോളെണ്ണം കൂട്ടാനായില്ല. ഇടവേളയ്‌ക്കുശേഷമായിരുന്നു ലൗതാരോയുടെ തകർപ്പൻ ഗോൾ. പെറു പ്രതിരോധക്കൂട്ടത്തിൽനിന്ന് മെസി തൊടുത്ത ക്രോസ്, ലൗതാരോ വായുവിലുയർന്ന് ഇടംകാൽകൊണ്ട് തൊടുക്കുകയായിരുന്നു. അർജന്റീനയ്‌ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ ഇതിഹാസതാരം ദ്യേഗോ മാറഡോണയ്‌ക്കൊപ്പമെത്തി ലൗതാരോ. 32 ഗോളുമായി അഞ്ചാംസ്ഥാനത്താണ്. അവസരമൊരുക്കലിൽ മെസിയും റെക്കോഡിട്ടു. 58 എണ്ണവുമായി അമേരിക്കൻതാരം ലാണ്ടൻ ഡൊണോവനൊപ്പമെത്തി. ആറ് കളി ശേഷിക്കെ 25 പോയിന്റാണ് അർജന്റീനയ്‌ക്ക്. അടുത്തവർഷമാണ് ഇനിയുള്ള മത്സരങ്ങൾ. മാർച്ച് 20ന് ഉറുഗ്വേയുമായാണ് അടുത്ത കളി. പിന്നെ ബ്രസീലുമായി ഏറ്റുമുട്ടും.
ബ്രസീൽ തുടർച്ചയായ രണ്ടാംകളിയിലാണ് സമനില വഴങ്ങുന്നത്. രണ്ടാംപകുതിയുടെ തുടക്കത്തിൽ ഫെഡറികോ വാൽവെർദെ ഉറുഗ്വേയ്‌ക്ക് ലീഡ് നൽകി. നിമിഷങ്ങൾക്കുള്ളിൽ ജെർസൺ ബ്രസീലിനെ ഒപ്പമെത്തിച്ചു. ഇരുപത്തേഴുകാരന്റെ ആദ്യ രാജ്യാന്തര ഗോളാണിത്. സ്വന്തംതട്ടകത്തിലെ സമനില ബ്രസീൽ ആരാധകരെ ചൊടിപ്പിച്ചു. 18 പോയിന്റാണ് ബ്രസീലിന്. ഉറുഗ്വേയ്‌ക്ക് 20ഉം. എന്നെർ വലെൻഷ്യ ഗോളിൽ ഇക്വഡോർ 1–-0നാണ് കൊളംബിയയെ കീഴടക്കിയത്. 19 പോയിന്റുമായി ഇക്വഡോർ മൂന്നാമതെത്തി. കൊളംബിയ നാലാമതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..